ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് സൈന്യത്തില്‍ നാല് വര്‍ഷം ജോലി ചെയ്യാന്‍ അവസരമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. 'അഗ്‌നിപഥ്' എന്ന പേരില്‍ സായുധ സേനകളുടെ പുതിയ റിക്രൂട്ട്മെന്റ് പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടത്.
പുതിയ പദ്ധതി അനുസരിച്ച് പതിനേഴര വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവരെ സൈന്യത്തിലേക്ക് എടുക്കും. ഇത്തരത്തില്‍ 45,000 പേരെയാണ് സേനയിലേക്ക് റിക്രൂട്ട് ചെയ്യുക. ഇവര്‍ നാല് വര്‍ഷം മാത്രം സേവനം ചെയ്യുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ആറ് മാസത്തെ പരിശീലനത്തിന് ശേഷമായിരിക്കും ഇവരുടെ നിയമനം. 30,000- 40,000 ഇടയിലായിരിക്കും ശമ്പളം. ഇതിനൊപ്പം പ്രത്യേക അലവന്‍സുകളും അനുവദിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവര്‍ക്കുണ്ടാകും. 'അഗ്‌നിവീര്‍' എന്നായിരിക്കും ഈ സൈനികര്‍ അറിയപ്പെടുക.
നാല് വര്‍ഷം കഴിഞ്ഞാല്‍ ഇവരില്‍ 25 ശതമാനം പേരെ മാത്രം നിലനിര്‍ത്തും. ഇവര്‍ക്ക് സാധാരണ സൈനികരായി ഓഫീസര്‍ റാങ്കില്ലാതെ 15 വര്‍ഷം കൂടി സേനയില്‍ തുടരാം. 11- 12 ലക്ഷം രൂപയുടെ പാക്കേജുമായി ഇവര്‍ക്ക് സൈന്യത്തില്‍ നിന്ന് വിരമിക്കാം. പിന്നീട് യാതൊരു പെന്‍ഷന്‍ ആനുകൂല്യങ്ങളും ഇവര്‍ക്ക് ഉണ്ടാകില്ല. പദ്ധതി വിജയിച്ചാല്‍ പ്രതിരോധ വാര്‍ഷിക ബജറ്റില്‍ നിന്ന് 5.2 ലക്ഷം കോടി ലാഭിക്കാം.
ശമ്പള, പെന്‍ഷന്‍ ബില്ലുകള്‍ വെട്ടിക്കുറയ്ക്കുന്നതിനും ആയുധങ്ങള്‍ അടിയന്തരമായി വാങ്ങുന്നതിനുള്ള ഫണ്ടുകള്‍ സ്വതന്ത്രമാക്കുന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ചരിത്രപരമായ തീരുമാനം എന്നാണ് പദ്ധതിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിശേഷിപ്പിച്ചത്. രണ്ടാഴ്ച മുന്‍പ് മൂന്ന് സേനാ തലവന്‍മാരും പ്രധാന മന്ത്രിയെ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. സൈനിക കാര്യ വകുപ്പാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
അതേസമയം ഇതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഒരു സൈനികനെ പരിശീലിപ്പിക്കാന്‍ തന്നെ വര്‍ഷങ്ങള്‍ എടുക്കമെന്നിരിക്കെ ഇത്തരത്തിലുള്ള നീക്കം സൈനികളുടെ മനോവീര്യം തകര്‍ക്കുമെന്നാണ് ഉയരുന്ന ആക്ഷേപം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.