പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്ന് ശരദ് പവാര്‍; എന്‍സിപി അധ്യക്ഷന്‍ പിന്‍മാറിയത് വിജയസാധ്യത ഇല്ലാത്തതിനാല്‍

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്ന് ശരദ് പവാര്‍; എന്‍സിപി അധ്യക്ഷന്‍ പിന്‍മാറിയത് വിജയസാധ്യത ഇല്ലാത്തതിനാല്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാനില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. പ്രതിപക്ഷ പാര്‍ട്ടികളെ അദ്ദേഹം നിലപാട് അറിയിച്ചു. ഗുലാം നബി ആസാദിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് പവാര്‍ നിര്‍ദേശിച്ചു. വിജയസാധ്യത തീരെ കുറവാണെന്നതാണ് പവാറിനെ മല്‍സരിക്കുന്നതില്‍ നിന്ന് പിന്നോട്ടടിച്ചതെന്നാണ് സൂചന.

മത്സരിക്കാനില്ലെന്ന തീരുമാനം അറിയിച്ച ശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പവാര്‍ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് ഉള്‍പ്പെടെ പവാര്‍ സ്ഥാനാര്‍ഥിയാകണമെന്ന നിലപാടായിരുന്നു എടുത്തത്. എന്‍സിപി അധ്യക്ഷന്‍ താല്‍പ്പര്യക്കുറവ് പറഞ്ഞതോടെ പുതിയ പേരുകളിലേക്ക് പ്രതിപക്ഷത്തിന് കടക്കേണ്ടി വരും.

എഎപി, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന തുടങ്ങിയ കക്ഷികളും പവാറിന്റെ കാര്യത്തില്‍ യോജിപ്പ് അറിയിച്ചിരുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും വിയോജിപ്പില്ല. പവാറിനെ ബിജെഡിയും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയും പ്രതിപക്ഷത്തിനുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവരുമായും ഖാര്‍ഗെ ആശയവിനിമയം നടത്തിയിരുന്നു.

നാളെ മമത ബാനര്‍ജി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. 22 പ്രതിപക്ഷ പാര്‍ട്ടികളോടാണ് യോഗത്തില്‍ പങ്കെടുക്കണമെന്ന് മമത അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. അതേസമയം ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആരാകുമെന്നതില്‍ അവ്യക്തത തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.