അബുജ: നൈജീരിയയില്‍ നിരപരാധികളായ ആയിരക്കണക്കിന് ക്രൈസ്തവരെ ഭരണകൂട പിന്തുണയോടെ തീവ്രവാദികള്‍ നിഷ്ഠൂരം കൊലപ്പെടുത്തുമ്പോള്‍, ഒരു വാക്കുപോലും എതിര്‍ത്ത് പറയാന്‍ കൂട്ടാക്കാത്ത അമേരിക്കയുടെ നിലപാടിനെ വിമര്‍ശിച്ച് യുഎസ് അഭിഭാഷകന്‍. നൈജീരിയയില്‍ പീഢിപ്പിക്കപ്പെടുന്നവര്‍ക്ക് പിന്തുണ നല്‍കുന്നില്ല എന്നുമാത്രമല്ല അത്തരം കിരാത നടപടികളെ അപലപിക്കാന്‍ പോലും അമേരിക്ക മടിക്കുകയാണെന്ന് പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ സ്റ്റീഫന്‍ റാഷെ വിമര്‍ശിച്ചു.
തങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന 'വിശ്വസനീയ പങ്കാളി' ആയി നൈജീരിയന്‍ ക്രിസ്ത്യാനികള്‍ യുഎസ് ഗവണ്‍മെന്റിനെ കാണുന്നില്ലെന്ന് പറഞ്ഞ റാഷെ, തീവ്രവാദ കൂട്ടക്കൊലകളോടുള്ള അമേരിക്കയുടെ മൗനത്തെ വിമര്‍ശിക്കുകയും ചെയ്തു. നാഷണല്‍ റിവ്യൂ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാതറിന്‍ ജീന്‍ ലോപ്പസുമായി ജൂണ്‍ 13 ന് നടത്തിയ ചര്‍ച്ചയിലാണ് ഇറാഖിലെയും നൈജീരിയയിലെയും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും വാദിക്കുകയും ചെയ്യുന്ന സ്റ്റീഫന്‍ റാഷെ ശക്തമായ ഭാഷയില്‍ അമേരിക്കയെ വിമര്‍ശിച്ചത്.
നൈജീരിയന്‍ ക്രിസ്ത്യാനികള്‍ക്ക് സന്തോഷത്തോടെയും പരസ്യമായും തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കാനും പിന്തുടരാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. അതിനു തടസമാകുന്ന സംഭവങ്ങളെ അപലപിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ അഞ്ചിന് തെക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഓന്‍ഡോ സംസ്ഥാനത്തെ ഒവോയിലുള്ള സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കാത്തലിക് പള്ളിയില്‍ പന്തക്കൂസ്ത ആഘോഷങ്ങള്‍ക്കിടെ തോക്ക് ധാരികള്‍ നടത്തിയ കൂട്ടവെടിവയ്പ്പില്‍ അന്‍പതിലേറെ പേര്‍ മരിച്ച് പത്ത് ദിവസത്തിലേറെ ആയിട്ടും അമേരിക്ക ഇതില്‍ പ്രതികരണം നടത്തിയിട്ടില്ല. സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് നൈജീരിയയ്ക്ക് മുഴുവനും പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്കും കരകയറാനായിട്ടില്ല.
ഇത്രയും അധികം ആളുകളെ കൊന്നൊടുക്കിയ കൂട്ടക്കൊല അപൂര്‍വ്വമെങ്കിലും നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നിത്യ സംഭവമാണ്. രണ്ട് ദശകങ്ങള്‍ക്കിടെ 60,000 ക്രിസ്ത്യാനികള്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. 2021 ല്‍ 4,650 പേരും 2022 ല്‍ ഇതുവരെ തൊള്ളായിരത്തോളം പേരും കൊല്ലപ്പെട്ടു. നൈജീരിയയില്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരോട് 'നിങ്ങള്‍ ആക്രമണങ്ങള്‍ക്ക് ഇരയാകപ്പെട്ടേക്കാമെന്നും അത്തരം യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറാകണമെന്നും' അടുത്തിടെ സര്‍ക്കാര്‍ നേരിട്ട് പറഞ്ഞതായുള്ള സംഭവങ്ങളും റാഷെ ചൂണ്ടിക്കാട്ടി.
മതസ്വാതന്ത്ര്യത്തിന്റെ ഏറ്റവും ഗുരുതര ലംഘനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയയെ അമേരിക്ക ഉള്‍പ്പെടുത്താത്തത് ഉത്കണ്ഠ ഉളവാക്കുന്നതാണ്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് കമ്മീഷന്‍ 2009 മുതല്‍ നൈജീരിയയെ ഒരു സിപിസിയായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ ക്രൈസ്ത പീഠനങ്ങളോട് ബൈഡന്‍ ഭരണകൂടം ഗൗരവമായി പ്രതികരിക്കുന്നതായി കാണുന്നില്ലെന്നും റാഷെ പറഞ്ഞു.
ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള പല അതിക്രമങ്ങളും പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത്, മുസ്ലീം നാടോടികളായ ഫുലാനിയുടെ പേരിലാണ്. ഏറ്റവും പുതിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഫുലാനിയില്‍ നിന്ന് മാറ്റുന്നതില്‍ സര്‍ക്കാരിന് നിക്ഷിപ്ത താല്‍പ്പര്യമുണ്ടെന്ന് റാഷെ വിമര്‍ഷിച്ചു. പല പ്രമുഖ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പോലെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയും ആ ഗോത്രത്തിലെ അംഗമാണെന്നതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.