മാതാപിതാക്കളോട് ചെയ്തത് മക്കളില്‍ നിന്ന് തിരിച്ചുകിട്ടുമെന്ന് പ്രണയവിവാഹക്കേസില്‍ കര്‍ണാടക ഹൈക്കോടതിയുടെ പരാമര്‍ശം

മാതാപിതാക്കളോട് ചെയ്തത് മക്കളില്‍ നിന്ന് തിരിച്ചുകിട്ടുമെന്ന് പ്രണയവിവാഹക്കേസില്‍ കര്‍ണാടക ഹൈക്കോടതിയുടെ പരാമര്‍ശം

ബംഗളൂരു: പ്രണയ വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തീര്‍പ്പാക്കവെ ദമ്പതികള്‍ക്ക് മുന്നറിയിപ്പുമായി കര്‍ണാടക ഹൈക്കോടതി. മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് ടി.എല്‍ നാഗരാജു നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ മുന്നറിയിപ്പുണ്ടായത്. പ്രണയിച്ച് വിവാഹിതയായ പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് അനുവാദം നല്‍കുമ്പോഴാണ് 'മാതാപിതാക്കളോട് ചെയ്തത് മക്കളില്‍ നിന്ന് തിരിച്ചുകിട്ടുമെന്ന' മുന്നറിയിപ്പ് കോടതി നല്‍കിയത്. ജസ്റ്റിസ് ബി വീരപ്പ, ജസ്റ്റിസ് കെ.എസ് ഹേമലേഖ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ മകള്‍ നിസര്‍ഗയെ കോളജ് ഹോസ്റ്റലില്‍ നിന്ന് കാണാതായെന്നും നിഖില്‍ എന്നയാള്‍ ബലം പ്രയോഗിച്ച് തന്റെ മകളെ കടത്തിക്കൊണ്ടുപോയെന്നുമാണ് പിതാവ് ആരോപിച്ചിരുന്നത്.

എന്നാല്‍ പ്രായപൂര്‍ത്തിയായ തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ ഹാജരായി അറിയിച്ചു. ഒരു ക്ഷേത്രത്തില്‍വച്ച് വിവാഹിതരായെന്നും ദമ്പതികള്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയായിരുന്നു കോടതിയുടെ മുന്നറിയിപ്പ്.

'മക്കള്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മാതാപിതാക്കളും, അവര്‍ക്കുവേണ്ടി വേണ്ടി ജീവന്‍ നല്‍കിയ മക്കളുമുണ്ടെന്ന് ചരിത്രം വെളിപ്പെടുത്തുന്നു. ഇരുകൂട്ടരും തമ്മില്‍ സ്‌നേഹവും വാത്സല്യവും ഉണ്ടെങ്കില്‍ കുടുംബത്തില്‍ അകല്‍ച്ച ഉണ്ടാകില്ല. കേസിലെ വസ്തുതകളും സാഹചര്യങ്ങളും വ്യക്തമാക്കുന്നത് പ്രണയം അന്ധവും മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സ്‌നേഹത്തേക്കാളും വാത്സല്യത്തേക്കാളും ശക്തവുമാണെന്നാണ്'- കോടതി നിരീക്ഷിച്ചു.

തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് കോടതി മുന്നറിയിപ്പ് നല്‍കിയത്. 'ഇന്ന് മാതാപിതാക്കളോട് ചെയ്യുന്നത് നാളെ കൃത്യമായി തിരികെ ലഭിക്കും' എന്നായിരുന്നു പരാമര്‍ശം. തുടര്‍ന്ന് 'മനുസ്മൃതി'യും കോടതി ഉദ്ധരിച്ചു. മനുസ്മൃതി പ്രകാരം, ഒരു വ്യക്തി 100 വര്‍ഷമെടുത്താലും, അവനെ / അവളെ പ്രസവിക്കാനും വളര്‍ത്താനും മാതാപിതാക്കള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കു പകരം വയ്ക്കാന്‍ കഴിയില്ല.

നിങ്ങളുടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇഷ്ടമുള്ളത് ചെയ്യാന്‍ എപ്പോഴും ശ്രമിക്കുക, എങ്കില്‍ മാത്രമേ നിങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് ഫലം ലഭിക്കൂ' - കോടതി പറഞ്ഞു. എന്നിരുന്നാലും, മാതാപിതാക്കളുടെ ഹര്‍ജി തള്ളിയ കോടതി പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിച്ചു. പങ്കാളികളെ തിരഞ്ഞെടുക്കുന്നത് വ്യക്തിയുടെ അവകാശമാണെന്നും ഇതില്‍ മാതാപിതാക്കള്‍ക്കും സമൂഹത്തിനും പങ്കില്ലെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.