ഫ്രാന്‍സിലെ വിവിയേഴ്‌സ് രൂപതയെ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടു വന്ന വിശുദ്ധ ജോണ്‍ ഫ്രാന്‍സിസ് റെജിസ്

ഫ്രാന്‍സിലെ വിവിയേഴ്‌സ് രൂപതയെ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടു വന്ന വിശുദ്ധ ജോണ്‍ ഫ്രാന്‍സിസ് റെജിസ്

അനുദിന വിശുദ്ധര്‍ - ജൂണ്‍ 16

ഫ്രാന്‍സിലെ നര്‍ബോണ്‍ രൂപതയില്‍ ഒരു സമ്പന്ന കുടുംബത്തില്‍ 1597 ജനുവരി 31 നാണ് ജോണ്‍ ഫ്രാന്‍സിസ് റെജിസ് ജനിച്ചത്. അഞ്ചാം വയസില്‍ നിത്യ നരകത്തെപ്പറ്റി അമ്മ നല്‍കിയ ഒരുപദേശം ഫ്രാന്‍സിസിന്റെ ഹൃദയത്തില്‍ പതിഞ്ഞിരുന്നു.

ഈശോ സഭാ വൈദികരുടെ വിദ്യാലയത്തില്‍ ആണ് പഠനം നടത്തിയത്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പു തോന്നിയ ജോണിന് ഒരു ഈശോ സഭാ വൈദികന്‍ ആകണമെന്ന ആഗ്രഹത്താല്‍ പതിനെട്ടാം വയസില്‍ ഈശോ സഭയില്‍ ചേര്‍ന്നു. വളരെ കാര്‍ക്കശ്യം നിറഞ്ഞ പഠനരീതികള്‍ ആണ് അവിടെ ഉണ്ടായിരുന്നതെങ്കിലും മണിക്കൂറോളം ചാപ്പലില്‍ പ്രാര്‍ത്ഥിക്കുന്നതിന് ജോണ്‍ സമയം കണ്ടെത്തിയിരുന്നു.

മണിക്കൂറുകള്‍ നീണ്ട പ്രാര്‍ഥനകളും ഉപവാസവും ജോണിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തീഷ്ണത സഹ സെമിനാരി വിദ്യാര്‍ഥികളില്‍ ഉണ്ടാക്കി. പൗരോഹിത്യ അഭിഷേകം കഴിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം ഫ്രാന്‍സിലെ വിവിധ നഗരങ്ങളിലേക്ക് മിഷന്‍ പ്രവര്‍ത്തനത്തിനായി പുറപ്പെട്ടു.

അന്നത്തെ കാലത്തെ ഔപചാരിക സുവിശേഷ പ്രഭാഷണങ്ങള്‍ കാവ്യാത്മകം ആയിരുന്നുവെങ്കിലും ജോണിന്റെ പ്രഭാഷണങ്ങള്‍ വളരെ ലളിതമായിരുന്നു. എന്നിരുന്നാലും ഈ പ്രഭാഷണങ്ങള്‍ അദ്ദേഹത്തിന്റെ ഉള്ളിലെ ദൈവീക തീക്ഷ്ണതയെ വെളിവാക്കുന്നതായിരുന്നു. അതിനാല്‍ ധാരാളമാളുകള്‍ അദ്ദേഹത്തിന്റെ വാക്കുകളാല്‍ ആകര്‍ഷിക്കപ്പെട്ട് ദൈവീക സ്‌നേഹത്തിലേക്ക് കടന്നു വന്നു.

പല പ്രഭാതങ്ങളിലും അദ്ദേഹം കുമ്പസാരത്തിനും അള്‍ത്താരയില്‍ ദിവ്യ ബലി അര്‍പ്പിക്കാനും ആണ് സമയം ചെലവഴിച്ചിരുന്നത്. ഉച്ചയ്ക്ക് ശേഷം ആശുപത്രികളിലും ജയിലുകളിലും കിടക്കുന്നവരെ സന്ദര്‍ശിക്കുന്നത് പതിവായിരുന്നു.

ജനങ്ങളുമായി ഇടപഴകുന്നതില്‍ ഫാ.ജോണിന്റെ സാമര്‍ത്ഥ്യം വിവിയേഴ്‌സിലെ മെത്രാന്റെ ശ്രദ്ധയില്‍ പെട്ടു. ഫ്രാന്‍സിലെ അന്നത്തെ സാഹചര്യം ആഭ്യന്തര ലഹളകളാലും മതപരമായ പോരാട്ടങ്ങളാലും കലുഷിതമായിരുന്നു. സഭാ പിതാക്കന്‍മാരുടെ അഭാവവും പുരോഹിതന്‍മാരുടെ അലംഭാവവും കാരണം ഏതാണ്ട് ഇരുപത് വര്‍ഷത്തോളമായി ജനങ്ങള്‍ ആരാധനകളില്‍ നിന്നും ദേവാലയത്തില്‍ നിന്നും അകന്ന് മാറിയ അവസ്ഥയിലായിരുന്നു.

പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ അങ്ങിങ്ങായി സജീവമായിരുന്നുവെങ്കിലും പൊതുവേ മതത്തോടുള്ള ആളുകളുടെ താത്പര്യമില്ലായ്മ പ്രകടമായിരുന്നു. മൂന്ന് വര്‍ഷത്തോളം ഫാ.ജോണ്‍ തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളുമായി രൂപതയില്‍ ഉടനീളം ചുറ്റി സഞ്ചരിച്ചു. നിരവധി ആളുകളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിക്കുന്നതില്‍ വിജയം കൈവരിച്ചു.

കാനഡയിലെ നോര്‍ത്ത് അമേരിക്കന്‍ വംശജരുടെ ഇടയിലും അദ്ദേഹം തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. പിന്നീട് തന്റെ ജന്മനാടായ ഫ്രാന്‍സിലെ ഏറ്റവും വന്യവും വിജനവുമായ ഭാഗത്ത് കര്‍ത്താവിനു വേണ്ടി അദ്ദേഹം ജോലി ചെയ്തു. കഠിനമായ ശൈത്യകാലവും മഞ്ഞു വീഴ്ചയും മറ്റ് ദൗര്‍ലഭ്യങ്ങളും അവിടെ നേരിട്ടു.

ഏത് പ്രതിസന്ധിയിലും തന്റെ ദൗത്യം തുടര്‍ന്ന അദ്ദേഹം ഒരു വിശുദ്ധനെന്ന ഖ്യാതി നേടി. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന നാല് വര്‍ഷം പ്രസംഗിക്കുന്നതിലും പ്രത്യേകിച്ച് തടവുകാര്‍ക്കും രോഗികള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി സാമൂഹ്യ സേവനങ്ങള്‍ സംഘടിപ്പിക്കുന്നതിലും ചെലവഴിച്ചു.

1640 ഡിസംബര്‍ 31 ന് വിശുദ്ധന്‍ തന്റെ ആത്മാവിനെ ദൈവത്തിന്റെ കരങ്ങളില്‍ ഏല്‍പ്പിച്ചു. 'നിന്റെ കരങ്ങളില്‍ ഞാന്‍ എന്റെ ആത്മാവിനെ ഏല്‍പ്പിക്കുന്നു' എന്നായിരുന്നു വിശുദ്ധന്റെ അവസാന വാക്കുകള്‍. 1737 ല്‍ ജോണ്‍ ഫ്രാന്‍സിസ് റെജിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. മേയിസെന്‍ ബിഷപ്പായ ബെന്നോ

2. ആര്‍ഡെനെസിലെ ബെര്‍ത്താള്‍ദൂസ്

3. വിശുദ്ധ പാട്രിക്കിന്റെ ശിഷ്യനായ സെറ്റിന്‍

4. എട്രൂരിയായിലെ ആക്തിനേയായും ഗ്രേച്ചിയാനയും

5. മേയിന്‍സിലെ ബിഷപ്പായ ഔറേയൂസും സഹോദരി യുസ്തീനായും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.