ലോക കേരള സഭ: മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം, ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

ലോക കേരള സഭ: മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം, ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൊതുസമ്മേളനം വൈകീട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും. പ്രവാസികളുമായി ബന്ധപ്പെട്ട എട്ട് വിഷയങ്ങളില്‍ രണ്ട് ദിവസമായാണ് ചര്‍ച്ച. സമ്മേളനത്തിനായി നാല് കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.

പ്രളയം, കോവിഡ്, ഉക്രെയ്ന്‍ യുദ്ധം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെയാണ് മൂന്നാം ലോക കേരള സഭ സമ്മേളിക്കുന്നത്. ഇന്ന് തുടങ്ങി ജൂണ്‍ 18 വരെ നീണ്ടു നില്‍ക്കുന്ന ലോക കേരള സഭയില്‍, 65 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പങ്കാളിത്തം ഉണ്ടാകും. നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ എട്ട് വിഷയാധിഷ്ഠിത ചര്‍ച്ചകള്‍ ഉണ്ടാകും.

ഏഴ് മേഖലാ യോഗങ്ങള്‍, പ്രമേയാവതരങ്ങള്‍, വൈജ്ഞാനിക സമ്പത്ത് വ്യവസ്ഥ, നവകേരള നിര്‍മ്മാണം, പ്രവാസി കുടിയേറ്റം, തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച. ഓരോ ചര്‍ച്ചയിലും മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും പ്രാതിനിധ്യം ഉറപ്പാക്കും. കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം, ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഹോള്‍ഡിംങ് ലിമിറ്റഡ് കമ്പനി, വനിതകളുടെ സുരക്ഷിത കുടിയേറ്റത്തിനായി നോര്‍ക്ക റൂട്ട്സില്‍ വനിതാ സെല്‍, മനുഷ്യക്കടത്തും തൊഴില്‍ ചൂഷണവും തടയുന്നതിന് എയര്‍പോര്‍ട്ടുകളില്‍ മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍, അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രം, പ്രവാസി ആനുകാലിക പ്രസിദ്ധീകരണം 'ലോക മലയാളം' എന്നിവയാണ് ലോക കേരള സഭയുടെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്.

സാമ്പത്തിക ഞെരുക്കമുള്ള സംസ്ഥാനത്ത് നാല് കോടി രൂപ മുടക്കില്‍ സമ്മേളനം നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ലോക കേരള സഭ വീണ്ടും സമ്മേളിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള കേരളീയരുടെ പൊതു വേദിയായി വിഭാവനം ചെയ്താണ് ലോക കേരള സഭ രൂപീകരിച്ചത്. 2018ല്‍ ആയിരുന്നു ആദ്യ സമ്മേളനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.