ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി; ആരോഗ്യപരമായ പ്രശ്നങ്ങളെന്ന് ചീഫ് സെക്രട്ടറി

ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി; ആരോഗ്യപരമായ പ്രശ്നങ്ങളെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് പറഞ്ഞു.

കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ലോക കേരള സഭയുടെ ഉദ്ഘാടനം ചടങ്ങ് നടന്നത്. രാജ്യത്തിന് അകത്തും പുറത്തും നിന്ന് അഞ്ഞൂറോളം ഡെലിഗേറ്റുകള്‍ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം ലോക കേരളസഭയില്‍ യു.ഡി.എഫ് പ്രതിനിധികളും പങ്കെടുക്കില്ല. എന്നാല്‍ പ്രവാസി പ്രതിനിധികൾക്ക് വിലക്കില്ല. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു.

പ്രളയം, കോവിഡ്, ഉക്രൈയ്ൻ യുദ്ധം എന്നീ വിഷയങ്ങളുയർത്തുന്ന വെല്ലുവിളികൾക്കിടെയാണ് മൂന്നാം ലോക കേരള സഭ സമ്മേളിക്കുന്നത്. പരിപാടിയിൽ 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പങ്കാളിത്തം ഉണ്ട്. നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ എട്ട് വിഷയാധിഷ്ഠിത ചർച്ചകളുണ്ടാകും. 

ഏഴ് മേഖലാ യോഗങ്ങൾ, പ്രമേയാവതരങ്ങൾ, നവകേരള നിർമ്മാണം, പ്രവാസി കുടിയേറ്റം, തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച. ഓരോ ചർച്ചയിലും മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും പ്രാതിനിധ്യം ഉറപ്പാക്കും.  സാമ്പത്തിക ഞെരുക്കമുള്ള സംസ്ഥാനത്ത് നാല് കോടി രൂപ മുടക്കി സമ്മേളനം നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ലോക കേരള സഭ സമ്മേളിക്കുന്നത്. 

ഇന്ത്യക്ക് പുറത്തും ഇതരസംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള കേരളീയരുടെ പൊതു വേദിയായി വിഭാവനം ചെയ്താണ് ലോക കേരള സഭ രൂപീകരിച്ചത്. 2018 ൽ ആയിരുന്നു ആദ്യ സമ്മേളനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.