ക്രിസ്തു വിശ്വാസത്താല്‍ ജ്വലിച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധരായ നിക്കാന്‍ഡറും മാര്‍സിയനും

ക്രിസ്തു വിശ്വാസത്താല്‍ ജ്വലിച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധരായ നിക്കാന്‍ഡറും മാര്‍സിയനും

അനുദിന വിശുദ്ധര്‍ - ജൂണ്‍ 17

യോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡന കാലത്ത് രക്തസാക്ഷിത്വം വരിച്ച രണ്ട് വിശുദ്ധന്‍മാരാണ് നിക്കാന്‍ഡറും മാര്‍സിയനും. ഇല്ലിറിക്കമിലെ മോയിസായില്‍ വച്ചാണ് ഇവര്‍ വധിക്കപ്പെട്ടതെന്നും അതല്ല, നേപ്പിള്‍സിലെ വെനാഫ്രോയില്‍ വെച്ചാണ് ഇവരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്നും രണ്ട് അനുമാനങ്ങളുണ്ട്.

ഇരുവരും കുറച്ചുകാലം റോമന്‍ സൈന്യത്തില്‍ സേവനമനുഷ്ടിച്ചിരുന്നു. എന്നാല്‍ ക്രിസ്ത്യാനികള്‍ക്കെതിരായിട്ടുള്ള രാജകീയ ഉത്തരവുകള്‍ എല്ലായിടത്തും പരസ്യപ്പെടുത്തി തുടങ്ങിയപ്പോള്‍ അവര്‍ സൈന്യത്തില്‍ നിന്നും രാജിവച്ചു. ഇത് അവര്‍ക്കെതിരെ കുറ്റമാരോപിക്കപ്പെടുവാന്‍ കാരണമായി. തുടര്‍ന്ന് ആ പ്രവിശ്യയിലെ ഗവര്‍ണറായിരുന്ന മാക്‌സിമസ് അവരെ വിചാരണ ചെയ്തു.

എല്ലാവരും തങ്ങളുടെ ദൈവത്തിന് ബലിയര്‍പ്പിക്കണമെന്ന രാജകീയ ഉത്തരവിനെ കുറിച്ച് ന്യായാധിപന്‍ അവരെ അറിയിച്ചു. എന്നാല്‍ ആ ഉത്തരവ് ക്രിസ്ത്യാനികള്‍ക്ക് മാനിക്കുവാന്‍ ബുദ്ധിമുട്ടാണ്. കാരണം അമര്‍ത്യനായ തങ്ങളുടെ ദൈവത്തെ ഉപേക്ഷിച്ചുകൊണ്ട് കല്ലുകളേയും മരത്തേയും ആരാധിക്കുന്നത് തങ്ങളുടെ വിശ്വാസ സത്യങ്ങള്‍ക്കെതിരാണ് എന്നായിരുന്നു നിക്കാന്‍ഡറിന്റെ മറുപടി.

ഒപ്പമുണ്ടായിരുന്ന നിക്കാന്‍ഡറിന്റെ ഭാര്യ ഡാരിയ ഭര്‍ത്താവിന്റെ നിലപാടിനെ പ്രോത്സാഹിപ്പിച്ചു. അപ്പോള്‍ അവളെ തടഞ്ഞുകൊണ്ട് മാക്‌സിമസ് പറഞ്ഞു: 'ദുഷ്ടയായ സ്ത്രീയെ, എന്തുകൊണ്ടാണ് നീ നിന്റെ ഭര്‍ത്താവിനെ മരണത്തിനായി വിടുന്നത്'. ഡാരിയയുടെ മറുപടി ഇപ്രകാരമായിരുന്നു: 'ഞാന്‍ ആഗ്രഹിക്കുന്നത് അവന്റെ മരണമല്ല. ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് അവന്‍ ഒരിക്കലും മരിക്കുകയില്ല'.

വീണ്ടും നിക്കാന്‍ഡറിന്റെ വിചാരണ തുടര്‍ന്ന മാക്‌സിമസ് അദ്ദേഹത്തോട് 'നീ സമയമെടുത്തു ചിന്തിച്ചതിനു ശേഷം മരിക്കണമോ, ജീവിക്കണമോ എന്ന് തീരുമാനിക്കുക' എന്നു പറഞ്ഞു. നിക്കാന്‍ഡര്‍ ഇപ്രകാരം മറുപടി കൊടുത്തു: 'ഇക്കാര്യത്തില്‍ ഞാന്‍ ഇതിനോടകം തന്നെ ആലോചിക്കുകയും സ്വയം രക്ഷപ്പെടുവാന്‍ തീരുമാനിക്കുകയും ചെയ്തു കഴിഞ്ഞു'.

തങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിച്ചുകൊണ്ട് സ്വയം രക്ഷപ്പെടുന്ന കാര്യമാണ് വിശുദ്ധന്‍ പറഞ്ഞതെന്നാണ് ന്യായാധിപന്‍ കരുതിയത്. അതിനാല്‍ തന്റെ ഉപദേശകരില്‍ ഒരാളായ സൂടോണിയൂസിനെ അനുമോദിക്കുകയും അയാളോടൊപ്പം തങ്ങളുടെ ഉദ്യമം വിജയിച്ചതില്‍ ആനന്ദിക്കുകയും ചെയ്തു.

എന്നാല്‍ പെട്ടെന്ന് തന്നെ വിശുദ്ധ നിക്കാന്‍ഡര്‍ 'ദൈവത്തിന് നന്ദി' എന്ന് പറഞ്ഞുകൊണ്ട് ലോകത്തിന്റെ അപകടങ്ങളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും തന്നെ രക്ഷിക്കണമേ എന്ന് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു.

ഇതുകേട്ട ഗവര്‍ണര്‍ 'നീ അല്‍പ്പം മുമ്പ് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ മരണം ആഗ്രഹിക്കുന്നുവോ' എന്ന് ചോദിച്ചു. 'ഈ ലോകത്തെ ക്ഷണികമായ ജീവിതമല്ല, അനശ്വരമായ ജീവിതമാണ് ഞാന്‍ ആഗ്രഹിക്കുന്നത്, പൂര്‍ണ സമ്മതത്തോട് കൂടി ഞാന്‍ എന്റെ ശരീരത്തെ നിനക്ക് സമര്‍പ്പിക്കുന്നു. നിനക്കിഷ്ടമുള്ളത് ചെയ്തുകൊള്ളുക' എന്ന് നിക്കാന്‍ഡര്‍ മറുപടി കൊടുത്തു.

തുടര്‍ന്ന് മാര്‍സിയനെ വിചാരണയ്ക്കായി കൊണ്ടുവന്നു. 'തന്റെ സഹ തടവുകാരന്റെ അതേ തീരുമാനമാണ് തന്റെതും' എന്നാണ് മാര്‍സിയന്‍ ഗവര്‍ണര്‍ക്ക് മറുപടി കൊടുത്തത്. ഇതേ തുടര്‍ന്ന് അവരെ രണ്ട് പേരെയും ഇരുട്ടറയില്‍ അടക്കുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. അവിടെ അവര്‍ 20 ദിവസത്തോളം കഴിച്ചു കൂട്ടി. ഇതിന് ശേഷം ഗവര്‍ണറുടെ മുന്‍പില്‍ അവരെ വീണ്ടും ഹാജരാക്കി.

ഇപ്പോള്‍ നിങ്ങള്‍ക്ക് ചക്രവര്‍ത്തിയുടെ ഉത്തരവ് മാനിക്കുവാന്‍ ആഗ്രഹമുണ്ടോ എന്ന ഗവര്‍ണറുടെ ചോദ്യത്തിന് മാര്‍സിയന്‍ ഇപ്രകാരം മറുപടി കൊടുത്തു:

'നീ എന്ത് പറഞ്ഞാലും ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തേയോ, മതത്തേയോ ഉപേക്ഷിക്കുകയോ, നിഷേധിക്കുകയോ ചെയ്യുകയില്ല. വിശ്വാസത്താലാണ് ഞങ്ങള്‍ അവനെ മുറുകെ പിടിച്ചിരിക്കുന്നത്. അവന്‍ ഞങ്ങളെ വിളിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളെ തടവില്‍ നിന്നും മോചിപ്പിക്കുവാന്‍ ഞങ്ങള്‍ നിന്നോടു യാചിക്കുകയില്ല.

എത്രയും പെട്ടെന്ന് തന്നെ ഞങ്ങളെ അവന്റെ പക്കലേക്ക് അയക്കുക. തന്മൂലം ഞങ്ങള്‍ക്ക് ക്രൂശില്‍ മരണം വരിച്ച അവനെ കാണുവാന്‍ സാധിക്കുമാറാകട്ടെ, നിങ്ങള്‍ ആരെയാണ് ഉപേക്ഷിക്കുവാന്‍ പറയുന്നത്, അവനെ തന്നെയാണ് ഞങ്ങള്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്.' ഇതുകേട്ട ഗവര്‍ണര്‍ അവര്‍ രണ്ട് പേരെയും ശിരഛേദം ചെയ്ത് കൊലപ്പെടുത്തുവാന്‍ ഉത്തരവിട്ടു.

സന്തോഷപൂര്‍വ്വമാണ് അവര്‍ തങ്ങളുടെ കൊലക്കളത്തിലേക്ക് നടന്നു പോയത്. പോകുന്ന വഴിയില്‍ അവര്‍ ദൈവത്തെ സ്തുതിക്കുന്നുണ്ടായിരുന്നു. നിക്കാന്‍ഡറിന്റെ ഭാര്യയായ ഡാരിയയും അദ്ദേഹത്തിന്റെ കുട്ടിയെ എടുത്ത് കൊണ്ട് സഹോദരനായ പാപിനിയനും അവരെ പിന്തുടര്‍ന്നു.

മാര്‍സിയന്റെ ഭാര്യയാകട്ടെ അവരില്‍ നിന്നും വ്യത്യസ്ഥമായി തന്റെ ബന്ധുക്കള്‍ക്കൊപ്പം വിലപിച്ചുകൊണ്ടാണ് അവരെ പിന്തുടര്‍ന്നിരുന്നത്. അവള്‍ തന്നാലാവും വിധം വിശുദ്ധന്റെ തീരുമാനം മാറ്റുവാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അതിനായി അവള്‍ ഇടയ്ക്കിടെ തങ്ങളുടെ ശിശുവിനെ ഉയര്‍ത്തി കാട്ടുകയും ചെയ്തുകൊണ്ടിരുന്നു.

തങ്ങളുടെ കൊലക്കളം എത്തിയപ്പോള്‍ മാര്‍സിയന്‍ തന്റെ ഭാര്യയെ അടുത്ത് വിളിപ്പിക്കുകയും തന്റെ കുട്ടിയെ ആശ്ലേഷിക്കുകയും ചെയ്തുകൊണ്ട് സ്വര്‍ഗത്തിലേക്ക് നോക്കി പറഞ്ഞു. 'എല്ലാ ശക്തിയുടേയും നാഥനായ കര്‍ത്താവേ, ഈ മകനെ നിന്റെ സംരക്ഷണത്തിലേക്ക് എടുക്കണമേ.' എന്നിട്ട് ഭാര്യക്ക് തന്റെ മരണം കാണുവാനുള്ള ധൈര്യമില്ല എന്നറിയാവുന്നതിനാല്‍ അവളെ പോകുവാന്‍ അനുവദിച്ചു.

നിക്കാന്‍ഡറിന്റെ ഭാര്യയാകട്ടെ ധൈര്യം കൈവിടാതിരിക്കുവാന്‍ ഭര്‍ത്താവിനെ ഉപദേശിച്ചു കൊണ്ട് സമീപത്ത് തന്നെ നിലയുറപ്പിച്ചു. അവള്‍ അദ്ദേഹത്തോട് പറഞ്ഞു: 'നിന്റെ ഒപ്പം പത്തു വര്‍ഷത്തോളം ഞാന്‍ നമ്മുടെ വീട്ടില്‍ താമസിച്ചു. നീ ഒരിക്കലും നിന്റെ പ്രാര്‍ത്ഥന മുടക്കിയിട്ടില്ല. ഇപ്പോള്‍ എനിക്കും ആ ആശ്വാസത്തിന്റെ സഹായം ലഭിക്കും. നീ നിത്യമഹത്വത്തിലേക്ക് പോകുന്നതിനാല്‍ എന്നെ നീ ഒരു രക്തസാക്ഷിയുടെ ഭാര്യയാക്കും.

നീ ദൈവീക സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനാല്‍ എന്നെയും നീ അനശ്വരമായ മരണത്തില്‍ നിന്നും മോചിപ്പിക്കും'. വിശുദ്ധന്റെ പ്രാര്‍ത്ഥനയും സഹനവും വഴി അവള്‍ക്കും ദൈവത്തിന്റെ കാരുണ്യം നേടി കൊടുക്കും എന്നാണ് അവള്‍ അര്‍ത്ഥമാക്കിയത്. വൈകാതെ ആരാച്ചാര്‍മാര്‍ തൂവാല കൊണ്ട് അവരുടെ കണ്ണുകള്‍ മറച്ചതിനു ശേഷം ഇരുവരുടെയും ശിരസറുത്തു. ഒരു ജൂണ്‍ 17 നായിരുന്നു വിശുദ്ധര്‍ ധീര രക്തസാക്ഷിത്വം വരിച്ചത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫ്രാന്‍സിലെ അവിറ്റസ്

2. ഈജിപ്തിലെ ബെസാരിയോണ്‍

3. ഗ്ലൗസ്റ്റാര്‍ ഷയറിലെ ബ്രിയാവെല്‍

4. ഉത്തര ഇറ്റലിയിലെ അഗ്രിപ്പീനൂസ്

5. സാക്‌സണ്‍ സഹോദരന്മാരായ ബോട്ടുള്‍ഫും അഡോള്‍ഫും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.