ഹേഗ്: അന്താരാഷ്ട്ര യുദ്ധക്കുറ്റ കോടതിയില്‍ (ഐസിസി) വ്യാജ വിലാസവുമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ച റഷ്യന്‍ ചാരന്‍ പിടിയിലായതായി നെതര്‍ലന്‍ഡ്‌സ്. ബ്രസീല്‍ പൗരന്റെ വ്യാജ വിലാസം ഉപയോഗിച്ച് ഹേഗ് ആസ്ഥാനമായുള്ള കോടതിയില്‍ ഇന്റേണ്‍ഷിപ്പ് നേടാനുള്ള ശ്രമമാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ കൃത്യസമയത്തെ ഇടപെടലില്‍ പരാജയപ്പെടുത്തിയത്. സെര്‍ജി വ്ളാഡിമിറോവിച്ച് ചെര്‍കസോവ് (36) എന്നയാളാണ് പിടിയിലായത്. ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ യുദ്ധക്കുറ്റത്തിന് വിചാരണ നേരിടണമെന്ന ആവശ്യം ലോകമെങ്ങും ഉയരുമ്പോഴാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന സംഭവമുണ്ടായത്.
റഷ്യയുടെ മിലിട്ടറി ഇന്റലിജന്‍സിന്റെ ഏജന്റാണ് സെര്‍ജി ചെര്‍കസോവ് എന്നാണു നിഗമനം. വിക്ടര്‍ മുള്ളര്‍ ഫെരേര (33) എന്ന അപരനാമത്തിലാണ് കോടതിയില്‍ പ്രവേശനം നേടാന്‍ ശ്രമിച്ചത്. ഇതിനായി ഇയാള്‍ കഴിഞ്ഞ ഏപ്രിലില്‍ നെതര്‍ലന്‍ഡ്‌സിലെത്തുകയും ചെയ്തു.
എന്നാല്‍ ഡച്ച് ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ റഷ്യന്‍ ചാരന്റെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. നെതര്‍ലന്‍ഡ്‌സ് വിമാനത്താവളത്തില്‍ എത്തിയ ചാരനെ ഡച്ച് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി അടുത്ത വിമാനത്തില്‍ ബ്രസീലിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.
റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഉക്രെയ്‌നില്‍ സാധാരണക്കാരുടെ മരണ നിരക്ക് വലിയ തോതില്‍ ഉയരുകയും നാശനഷ്ടം വ്യാപകമാവുകയും ചെയ്ത സാഹചര്യത്തില്‍ യുദ്ധക്കുറ്റം സംബന്ധിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷണത്തിന് തുടക്കമിട്ടിരുന്നു. ഈ സാഹചര്യത്തിലുള്ള റഷ്യന്‍ ചാരന്റെ നീക്കത്തെ അതീവ ഗൗരവത്തോടെയാണ് പാശ്ചാത്യ രാജ്യങ്ങള്‍ കാണുന്നത്.
റഷ്യന്‍ ചാരന്റെ ശ്രമം വിജയിച്ചിരുന്നെങ്കില്‍ കോടതിയുടെ ഇ-മെയില്‍ സംവിധാനങ്ങളിലേക്ക് അനധികൃതമായി പ്രവേശനം നേടാനും യുദ്ധക്കുറ്റം സംബന്ധിച്ച രേഖകളോ തെളിവുകളോ പകര്‍ത്താനോ നശിപ്പിക്കാനോ സെര്‍ജി ചെര്‍കസോവിനു കഴിഞ്ഞേനെ എന്നാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. 2010-ലാണ് ഇയാള്‍ ബ്രസീലില്‍ എത്തുന്നത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം വ്യാജ വിലാസത്തിലാണ് കഴിഞ്ഞതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
2014-നും 2018-നും ഇടയില്‍ അയര്‍ലന്‍ഡിലെ ഡബ്ലിന്‍ ട്രിനിറ്റി കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും തുടര്‍ന്ന് യു.എസിലെ ബാള്‍ട്ടിമോര്‍ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയതായി കോടതിയില്‍ ഇന്റേണ്‍ഷിപ്പിനു സമര്‍പ്പിച്ച ബയോഡേറ്റയില്‍ വിശദീകരിക്കുന്നു. റഷ്യയുമായുള്ള ബന്ധം അതിവിദഗ്ധമായി ഇയാള്‍ മറച്ചുവച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട ബ്രസീല്‍ ഭക്ഷണത്തെക്കുറിച്ചു പോലും ഇയാള്‍ സിവിയില്‍ വാചാലനാകുന്നുണ്ട്.
ജോണ്‍സ് ഹോപ്കിന്‍സിലെ അസോസിയേറ്റ് പ്രൊഫസറായ യൂജിന്‍ ഫിങ്കല്‍ റഷ്യന്‍ ചാരന്‍ തന്റെ മുന്‍ വിദ്യാര്‍ഥിയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീലിയന്‍/ഐറിഷ് വേരുകളുള്ള വിദ്യാര്‍ഥിയായാണ് ഇയാള്‍ സ്വയം അവതരിപ്പിച്ചത്. റഷ്യന്‍ ചാരനാണെന്നു തിരിച്ചറിയാതെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്കുള്ള ഇയാളുടെ അപേക്ഷയ്ക്കു വേണ്ടി റഫറന്‍സ് കത്ത് എഴുതുകയും ചെയ്തതായി പ്രൊഫസര്‍ വെളിപ്പെടുത്തി.
നിയമം, സോഷ്യല്‍ സൈക്കോളജി തുടങ്ങി വിവിധ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും പ്രതിവര്‍ഷം 200 ഇന്റേണ്‍ഷിപ്പുകളാണ് ഐസിസി അനുവദിക്കുന്നത്. ഡച്ച് ഇന്റലിജന്‍സിന്റെ സമയോചിതമായ ഇടപെടലില്‍ നന്ദിയുണ്ടെന്ന് കോടതി വക്താവ് പറഞ്ഞു. ഇത്തരം ഭീഷണികളെ ഐ.സി.സി ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ ചാരന്‍ ബ്രസീലിയന്‍ അധികാരികളില്‍ നിന്ന് നിയമനടപടികള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടല്ല.
നിരവധി റഷ്യന്‍ ചാരന്മാര്‍ വിദേശ രാജ്യങ്ങളില്‍ തെറ്റായ വിലാസത്തില്‍ കഴിയുന്നുണ്ടെന്ന് ഡച്ച് ഇന്റലിജന്‍സ് പറയുന്നു. വര്‍ഷങ്ങളോളമെടുത്ത്, അതീവ് രഹസ്യമായാണ് ഇവര്‍ വ്യാജ ഐഡന്റിറ്റി കെട്ടിപ്പടുക്കുന്നത്. പങ്കാളികളില്‍ നിന്നും കുട്ടികളില്‍ നിന്നും പോലും ഇക്കാര്യങ്ങള്‍ ഇവര്‍ രഹസ്യമായി സൂക്ഷിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.