തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്‌മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോക കേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖ. മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ മന്ത്രി പി. രാജീവാണ് സമീപന രേഖ അവതരിപ്പിച്ചത്.
പ്രവാസി ക്ഷേമവും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളും സമന്വയിപ്പിക്കുന്നതില്‍ ലോക കേരള സഭ ലക്ഷ്യം കണ്ടു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളി സമൂഹത്തില്‍ ജാതി, മത, വര്‍ഗ, രാഷ്ട്ര ഭേദമെന്യേയുള്ള കൂട്ടായ്മ രൂപപ്പെടുത്തുന്നതില്‍ ലോക കേരള സഭ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സമീപന രേഖ ചൂണ്ടിക്കാട്ടി.
ഉക്രൈയ്ന്‍ യുദ്ധ സമയത്ത് അതിര്‍ത്തി കടന്ന മലയാളി വിദ്യാര്‍ത്ഥികളെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ലോക കേരള സഭ അംഗങ്ങളുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.3 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചതെന്നും സമീപന രേഖ അവതരിപ്പിച്ചുകൊണ്ട് പി. രാജീവ് പറഞ്ഞു.
ആദ്യ ലോക കേരള സഭയ്ക്ക് ശേഷം പ്രവാസികളുടെ നിക്ഷേപം നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓവര്‍സീസ് കേരള ഇന്‍വെസ്റ്റ്മെന്റ് കേരള ഹോള്‍ഡിങ് ലിമിറ്റഡ്, വിദേശത്ത് നിന്ന് തിരിച്ചെത്തിയ വനിതകളുടെ ഉന്നമനത്തിനും പ്രശ്‌ന പരിഹാരത്തിനായി ആരംഭിച്ച പ്രവാസി വനിതാ സെല്‍, പ്രവാസി ഗവേഷക കേന്ദ്രം, സഹകരണ സംഘം എന്നിവ മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണ്.
ജര്‍മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ട്രിപ്പിള്‍ വിന്‍ കരാര്‍ ഒപ്പുവെച്ചത് നേട്ടമാണ്. വിദഗ്ധ തൊഴിലാളികള്‍ക്ക് ജര്‍മനിയില്‍ പ്രത്യേക സ്റ്റാറ്റസ് ഓഫ് റെസിഡന്‍സ് ഒരുക്കുന്ന ടടണ പദ്ധതിക്ക് കേരളത്തില്‍ നിന്നുള്ള നോഡല്‍ ഏജന്‍സിയായി തിരഞ്ഞെടുത്തത് നോര്‍ക്കയെയാണ്. കൂടാതെ മാലദ്വീപ്, സൗദി അറേബ്യ, യു. കെ തുടങ്ങിയ രാജ്യങ്ങളുമായി ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്മെന്റ് ശക്തിപ്പെടുത്തുന്നതിനുള്ള കരാറിലും ഒപ്പു വെച്ചതായി സമീപന രേഖ അവകാശപ്പെടുന്നു.
പ്രവാസി ക്ഷേമത്തിനായി എംബസികളും കോണ്‍സുലേറ്റുകളും നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ല. മുന്നറിയിപ്പില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍, കുറഞ്ഞ വേതനം, ശമ്പളം നല്‍കാതിരിക്കല്‍ തുടങ്ങിയവ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശനങ്ങളില്‍ ചിലത് മാത്രമാണെന്ന് സമീപന രേഖയുടെ മൂന്നാം ഭാഗത്ത് വ്യക്തമാക്കുന്നു.
പ്രവാസികളുടെ റിക്രൂട്‌മെന്റ് മുതല്‍ മടങ്ങി വരുന്നവരുടെ പുനരധിവാസം വരെ ഉറപ്പാക്കുന്ന നോര്‍ക്ക റൂട്‌സിനു ആവശ്യമായ മാനവവിഭവ ശേഷി ഉറപ്പാക്കണം, ഇതിനായി കൃത്യമായ സ്റ്റാഫ് സ്ട്രക്ച്ചര്‍ ഉറപ്പുവരുത്തി സ്ഥാപനത്തെ വിപുലീകരിക്കണം. വിദേശ രാജ്യങ്ങളില്‍ വിദഗ്ധ തൊഴിലവസരങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിനുതകുന്ന അന്തര്‍ദേശീയ നിലവാരത്തിലുള്ള നൈപുണ്യ വികസന സംവിധാനങ്ങള്‍ ആവിഷ്‌കരിക്കണം.
എട്ടു വിഷയ മേഖലകള്‍ ഏഴു ഗ്രൂപ്പുകളായി തിരിച്ചാണ് മൂന്നാം ലോക കേരള സഭ ചര്‍ച്ച ചെയ്യുക. ജനപ്രതിനിധികളും പ്രവാസികളുമുള്‍പ്പെടെ ആകെ 351 അംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.