തായ്‌ലന്‍ഡില്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയതിനെതിരേ സാമൂഹിക പ്രവര്‍ത്തകര്‍; പ്രഖ്യാപനത്തിനു പിന്നാലെ വില്‍പ്പനയില്‍ വര്‍ധന

തായ്‌ലന്‍ഡില്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയതിനെതിരേ സാമൂഹിക പ്രവര്‍ത്തകര്‍; പ്രഖ്യാപനത്തിനു പിന്നാലെ വില്‍പ്പനയില്‍ വര്‍ധന

ബാങ്കോക്ക്: കഞ്ചാവിന്റെ ഉല്‍പാദനവും ഉപയോഗവും ക്രിമിനല്‍ കുറ്റമല്ലാതാക്കിയ തായ്ലന്‍ഡ് സര്‍ക്കാരിന്റെ നീക്കത്തില്‍ കടുത്ത ആശങ്കയുമായി സാമൂഹിക പ്രവര്‍ത്തകര്‍. പുതിയ നിയമപ്രകാരം കഫേകളും റസ്റ്ററന്റുകളും അടക്കമുള്ള കച്ചവട സ്ഥാപനങ്ങളെ കഞ്ചാവ് കലര്‍ന്ന മധുര പലഹാരങ്ങളും പാനീയങ്ങളും പരസ്യമായി വില്‍ക്കാന്‍ അനുവദിക്കുന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ലഹരി വസ്തുക്കളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തിനു കഴിയുമെന്നും അതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.

ലഹരിക്കായി ലോകത്തുടനീളം ഉപയോഗിക്കപ്പെടുന്ന കഞ്ചാവുചെടി കൃഷി ചെയ്യാനും മെഡിക്കല്‍ ഉപയോഗത്തിനും നിയമപരമായി അനുമതി നല്‍കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്ലന്‍ഡ് മാറിയിരിക്കുകയാണ്. തായ് ലന്‍ഡിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനാണ് കഞ്ചാവിന്റെ ഉല്‍പ്പാദനം ക്രിമിനല്‍ കുറ്റമല്ലാതാക്കിയതെന്ന് ഒരു അഭിമുഖത്തില്‍ തായ്‌ലന്‍ഡ് ഉപ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയുമായ അനുതിന്‍ ചരണ്‍വിരാകുല്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ, തലസ്ഥാനമായ ബാങ്കോക്കില്‍ ഉള്‍പ്പെടെ ട്രക്കുകളില്‍ കഞ്ചാവ് തൈകളും വിത്തുകളും പരസ്യമായി വില്‍ക്കാന്‍ തുടങ്ങി. ഇതുകൂടാതെ കഞ്ചാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 10 ലക്ഷം തൈകളാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്.

വിനോദങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കുന്നതിന് ഇപ്പോഴും രാജ്യത്ത് വിലക്കുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും നിരോധനം നീക്കിയത് മുതല്‍ രാജ്യത്ത് പലയിടത്തും വലിയ ആഘോഷങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഞ്ചാവ് വില്‍പ്പനയിലൂടെയുള്ള സാമ്പത്തിക നേട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞതായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് പ്രതിവര്‍ഷം തായ്ലന്‍ഡിലെത്തുന്നത്.

ഒരു വീട്ടില്‍ ആറ് തൈകള്‍ എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ അവതരിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനില്‍ ഇതുവരെ 350,000ല്‍ അധികം കുടുംബങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. കഞ്ചാവ് കേസില്‍ പെട്ട് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്ന 4,000 പേരെയും സര്‍ക്കാര്‍ വെറുതെ വിട്ടു.

സര്‍ക്കാര്‍ പ്രഖ്യാപനത്തിനു പിന്നാലെ കഞ്ചാവ് വില്‍പ്പനയില്‍ ദ്രുതഗതിയിലുള്ള വര്‍ദ്ധനയില്‍ ബാങ്കോക്ക് നഗരത്തിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കടുത്ത ആശങ്കയാണു പങ്കുവച്ചത്. ഈ ആഴ്ച കഞ്ചാവ് ഉപയോഗിച്ച ഒരാളെങ്കിലും മരിക്കുകയും നിരവധി പേരെ അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡെപ്യൂട്ടി പെര്‍മനന്റ് സെക്രട്ടറി വാന്റനീ വറ്റാന പറഞ്ഞു.

കഞ്ചാവിന്റെ കൃഷി, വ്യാപാരം, മെഡിക്കല്‍ ഉപയോഗം എന്നിവ മാത്രമാണ് നിയമവിധേയമാക്കിയിട്ടുള്ളത്. ലഹരിക്കായി കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും കടുത്ത ശിക്ഷയായിരിക്കും ലഭിക്കുകയെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പു നല്‍കുന്നുണ്ട്. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിന് നല്‍കുന്ന മൂന്ന് മാസം വരെയുള്ള തടവുശിക്ഷയും 800 ഡോളര്‍ പിഴയും തുടരും.

20 വയസിന് താഴെയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കഞ്ചാവ് വില്‍ക്കുന്നതു നിരോധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ചില പുതിയ നിയന്ത്രണങ്ങളും പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുണ്ട്.

എന്നാല്‍ നിയന്ത്രണങ്ങള്‍ വാക്കുകളില്‍ ഒതുങ്ങുകയാണെന്നും നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും തായ്ലന്‍ഡ് അഴിമതി വിരുദ്ധ സംഘടനയുടെ തലവന്‍ മന നിമിത്മോങ്കോള്‍ കുറ്റപ്പെടുത്തി.

ലഹരിവസ്തുക്കള്‍ നിയന്ത്രിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുമ്പ് കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കൂട്ടിയെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.