ഒടുവില്‍ മനംമാറ്റം: ഗര്‍ഭഛിദ്രാനുകൂലികളുടെ അതിക്രമങ്ങളില്‍ അന്വേഷണത്തിന് തയാറായി സര്‍ക്കാരും പൊലീസും; അറിയാവുന്ന വിവരങ്ങള്‍ കൈമാറാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു

ഒടുവില്‍ മനംമാറ്റം: ഗര്‍ഭഛിദ്രാനുകൂലികളുടെ അതിക്രമങ്ങളില്‍ അന്വേഷണത്തിന് തയാറായി സര്‍ക്കാരും പൊലീസും; അറിയാവുന്ന വിവരങ്ങള്‍ കൈമാറാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു

വാഷിങ്ടണ്‍: ഒരു മാസത്തിലേറെയായി കത്തോലിക്ക പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രൊ ലൈഫ് സെന്ററുകള്‍ക്കും നേരെ ഗര്‍ഭഛിദ്രാനുകൂലികള്‍ വ്യാപകമായി അഴിച്ചുവിട്ട ആക്രമണങ്ങളില്‍ പ്രതികരിക്കാതിരുന്ന സര്‍ക്കാറും പൊലീസും ഒടുവില്‍ അന്വേഷണത്തിന് തയ്യാറായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗര്‍ഭധാരണ റിസോഴ്സ് സെന്ററുകള്‍ക്കും കത്തോലിക്ക സ്ഥാപനങ്ങള്‍ക്കും നേരെ രാജ്യ വ്യാപകമായി നടന്നുവരുന്ന ആക്രമണങ്ങളും ഭീഷണികളും എഫ്ബിഐ അന്വേഷിക്കുമെന്ന് എഫ്ബിഐ നാഷണല്‍ പ്രസ് ഓഫീസ് വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

പൊതുജനങ്ങളുടെ സഹായത്തോടെയാകും അന്വേഷണം. ഇതിനായി ആക്രമണങ്ങള്‍ നടന്നിട്ടുള്ള സ്ഥലങ്ങളിലെ വിവരങ്ങള്‍ കൈമാറാന്‍ പ്രദേശവാസികളോടും സ്ഥാപന അധികാരികളോടും അന്വേഷണ ഏജന്‍സി അഭ്യര്‍ത്ഥിച്ചു. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അല്ലെങ്കില്‍ ആക്രമണ സാധ്യതകള്‍ ബോധ്യപ്പെട്ടാല്‍ അക്കാര്യം ഉടന്‍ നിയമപാലകരെ അറിയിക്കണമെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു.



ഇതോടൊപ്പം ജൂഡീഷ്യല്‍ അന്വേഷണത്തിലും സര്‍ക്കാര്‍ ഉത്തരവിട്ടു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്, അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലാന്‍ഡ് എന്നിവരോട് അന്വേഷണം നടത്താന്‍ സെനറ്റ് ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് നിരവധി പ്രോ-ലൈഫ്, മത, രാഷ്ട്രീയ സംഘടനകളും സര്‍ക്കാരിന് കത്തയച്ചിരുന്നു.

ജെയ്ന്‍സ് റിവഞ്ച് എന്ന ഗ്രൂപ്പില്‍ നിന്നുള്ള പുതിയ ഭീഷണികളെത്തുടര്‍ന്ന് ഗര്‍ഭഛിദ്രാനുകൂലികളുടെ അക്രമണങ്ങളെ വൈറ്റ് ഹൗസ് അപലപിച്ചു. അതേസമയം കാലിഫോര്‍ണിയയിലെ യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും ചില കത്തോലിക്ക ഡെമോക്രാറ്റുകളും നിശബ്ദത പാലിച്ചു.

ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ റോയ് വി. വെയ്ഡ് വിധിന്യായം അസാധുവാക്കിയേക്കുമെന്ന സുപ്രീം കോടതി ജഡ്ജിമാരുടെ കരട് അഭിപ്രായം ചോര്‍ന്നതിനെ തുടര്‍ന്നാണ് അമേരിക്കയിലാകെ ഗര്‍ഭഛിദ്രാനുകൂലികള്‍ വ്യാപകമായ അതിക്രമങ്ങള്‍ അഴിച്ചു വിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.