അബുജ: നൈജീരിയയിലെ ഒവോയില്‍ പന്തക്കൂസ്താ ദിനാഘോഷ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കവെ മതതീവ്രവാദികളുടെ ആക്രമണത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ട നൈജീരിയന്‍ ക്രിസ്ത്യാനികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഓവോയിലെ മൈഡാസ് ഇവന്റ് സെന്ററില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
ജൂണ്‍ അഞ്ചിന് ഒവോയിലുള്ള സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കാത്തലിക് പള്ളിയില്‍ പന്തക്കൂസ്താ ആഘോഷത്തിനിടെ മതതീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ മരിച്ച 22 പേരുടെ സംസ്‌കാര ചടങ്ങാണ് വെള്ളിയാഴ്ച്ച നടന്നത്. ഒവോയ രൂപതാ ബിഷപ്പ് ഇമ്മാനുവല്‍ ബഡേജോ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. 18 പേരുടെ സംസ്‌കാരം നേരത്തെ നടത്തിയിരുന്നു.
മതതീവ്രവാദികളുടെ ആക്രമണത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ട നൈജീരിയന്‍ ക്രിസ്ത്യാനികളുടെ സംസ്‌കാര ചടങ്ങില്‍ നിറകണ്ണുകളുമായി പങ്കെടുക്കുന്ന വിശ്വാസികള്‍
നൈജീരിയയില്‍ ക്രിസ്ത്യാനികളെയും ക്രിസ്തുമത വിശ്വാസത്തെയും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി. സ്വരക്ഷയ്ക്കുള്ള അവകാശം നമുക്കുണ്ട്. അക്രമികള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് മാനസാന്തരപ്പെട്ട് സമാധാനത്തിന്റെ പതയില്‍ വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
''നൈജീരിയയില്‍ ഞങ്ങള്‍ ക്രൂരമായ കൊലപാതകങ്ങള്‍ കണ്ടിട്ടുണ്ട്, എന്നാല്‍ പന്തക്കൂസ്താ ദിനത്തില്‍ നടന്നത് മറ്റൊന്നിനോടും സാമ്യപ്പെടുത്താനാവുന്നതല്ല. ഓരോ ശവപ്പെട്ടികളിലും നൈജീരിയയുടെ ഒരു ഭാഗമാണ് മരിച്ചു കിടക്കുന്നത്. കാരണം ഈ മരിച്ചവരോടൊപ്പം അവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സഭയുടെയും വിശേഷിച്ച് നൈജീരിയയുടെയും പ്രതീക്ഷകളും അഭിലാഷങ്ങളുമാണ് മറയപ്പെടുന്നത്.''
''നമ്മുടെ എല്ലാ കഷ്ടപ്പാടുകളും സങ്കടങ്ങളും കുരിശില്‍ സമര്‍പ്പിക്കാന്‍ വിശ്വാസം നമ്മെ പഠിപ്പിക്കുന്നതുപോലെ, നമ്മുടെ മരിച്ചവര്‍ യേശുവിന്റെ കരങ്ങളില്‍ സുരക്ഷിതരാണെന്ന് നമ്മള്‍ക്കറിയാം. അതിനാല്‍ ക്രിസ്തുവിലുള്ള വിശ്വാസം നിമിത്തം നേരിടേണ്ടിവരുന്ന പീഡകള്‍ക്ക് മുന്നില്‍ തകര്‍ന്നുപോകരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.''
''മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍, സായുധ കവര്‍ച്ചകള്‍ എന്നിവ നൈജീരിയയില്‍ നിരപരാധികളുടെ മരണങ്ങളും കഷ്ടപ്പാടുകളും വര്‍ധിപ്പിക്കുന്നു. നൈജീരിയയെ പ്രതിനിധീകരിക്കുന്നത് സ്വയം വരുത്തിയ മുറിവുകളും ചതവുകളുമാണ്. ഇത് എത്രകാലം തുടരും?'' ബിഷപ്പ് ഇമ്മാനുവല്‍ ബഡേജോ ചോദിച്ചു.
ജൂണ്‍ അഞ്ചിന് ഒവോയിലുള്ള സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കാത്തലിക് പള്ളിയില്‍ പന്തക്കൂസ്താ ആഘോഷത്തിനിടെ ഇസ്ലാമിക തീവ്രവാദികളെന്ന് കരുതപ്പെടുന്ന മതതീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ മരിച്ചവര്‍ക്കായി നടത്തിയ വിശുദ്ധ കുര്‍ബാന മധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാന്‍ ആഫ്രിക്കന്‍ എപ്പിസ്‌കോപ്പല്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സിന്റെ പ്രസിഡന്റ് കൂടിയാണ് ബിഷപ്പ് ബഡേജോ.
ഓണ്ടോയിലെ ബിഷപ്പ് ജൂഡ് അരോഗുണ്ടാഡെ, സോകോട്ടോ ബിഷപ്പ് മാത്യു കുക്കാ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സംസ്ഥാന ഗവര്‍ണറും മറ്റ് പ്രാദേശിക ഉദ്യോഗസ്ഥരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. മൂന്ന് മണിക്കൂര്‍ നീണ്ട ചടങ്ങുകള്‍ ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു.
മതതീവ്രവാദികളുടെ ആക്രമണത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ട നൈജീരിയന്‍ ക്രിസ്ത്യാനികളുടെ മൃതദേഹം അന്ത്യശുശ്രൂഷകള്‍ക്ക് ശേഷം ഓവോയിലെ മൈഡാസ് ഇവന്റ് സെന്ററിന്റെ പുറത്തേക്ക് കൊണ്ടുവരുന്നു.
കൂട്ടക്കൊലയില്‍ കുട്ടികളുള്‍പ്പെടെ 50 ലധികം പേര്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ 60 ലധികം പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. വെടിയൊച്ചയ്ക്ക് പുറമേ മൂന്നോ നാലോ സ്‌ഫോടന ശബ്ദങ്ങളും കേട്ടെന്ന് ആക്രമണ സമയത്ത് ദേവാലയത്തില്‍ ഉണ്ടായിരുന്ന ഒരു പുരോഹിതന്‍ പറഞ്ഞു.
ക്രിസ്ത്യാനികള്‍ക്കെതിരെ ലോകമെമ്പാടും നടക്കുന്ന തീവ്രവാദ ആക്രമണങ്ങളില്‍ 80 ശതമാനവും നൈജീരിയയിലാണ്. 2021 ല്‍ 4,650 പേരും 2022 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 900 ഓളം ക്രിസ്ത്യാനികളും നൈജീരിയയില്‍ കൊല്ലപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.