അഗ്നിപഥില്‍ പുകഞ്ഞ് രാജ്യം; ഡല്‍ഹിയില്‍ ഇന്ന് കോണ്‍ഗ്രസ് സത്യഗ്രഹം

അഗ്നിപഥില്‍ പുകഞ്ഞ് രാജ്യം; ഡല്‍ഹിയില്‍ ഇന്ന് കോണ്‍ഗ്രസ് സത്യഗ്രഹം

ന്യൂഡല്‍ഹി: ഇന്നു മുതല്‍ ഡല്‍ഹിയില്‍ സമരപരമ്പരയ്ക്കു തുടക്കമിടാന്‍ കോണ്‍ഗ്രസ് തീരുമാനം. അഗ്‌നിപഥ് സംവിധാനത്തെയും രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതും ഉയര്‍ത്തിക്കാട്ടിയാണ് സമരത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. അഗ്‌നിപഥ് പദ്ധതിക്കെതിരെ ഇന്നു 11 മുതല്‍ വൈകിട്ടു വരെ പ്രവര്‍ത്തക സമിതിയംഗങ്ങളും എംപിമാരും മുതിര്‍ന്ന നേതാക്കളും സമര കേന്ദ്രമായ ജന്തര്‍ മന്തറില്‍ സത്യഗ്രഹമിരിക്കും.

പദ്ധതിക്കെതിരായ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കുകയാണു ലക്ഷ്യം. വിവിധ കക്ഷികള്‍ പദ്ധതിയെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധവുമായി നേതൃനിരയെ ഒന്നടങ്കം തെരുവിലിറക്കുന്ന ആദ്യ പാര്‍ട്ടിയാകുന്നതു വഴിയുള്ള രാഷ്ട്രീയ നേട്ടത്തിനും കോണ്‍ഗ്രസ് വേദിയാകും. വാരാണസിയിലുള്‍പ്പെടെ ബിജെപിക്ക് ഉറച്ച സ്വാധീനമുള്ള സ്ഥലങ്ങളില്‍ ആളിക്കത്തുന്ന പ്രക്ഷോഭം നീണ്ടു പോയാല്‍ മോഡിയും കൂട്ടരും സമ്മര്‍ദത്തിലാകുമെന്നാണു കണക്കുകൂട്ടല്‍.

നാഷനല്‍ ഹെറള്‍ഡ് കേസില്‍ രാഹുലിനെ ചോദ്യം ചെയ്യുന്നത് ഇഡി നാളെ പുനരാരംഭിക്കുമ്പോള്‍ ശക്തമായ പ്രക്ഷോഭം നടത്താനുള്ള തയാറെടുപ്പുകളും പാര്‍ട്ടി ആരംഭിച്ചു. എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ചു മുന്‍ ദിവസങ്ങളില്‍ നടത്തിയ പ്രക്ഷോഭ രീതിക്കു പകരം ജന്തര്‍ മന്തറില്‍ പരമാവധി നേതാക്കളെയും പ്രവര്‍ത്തകരെയുമെത്തിച്ച് പ്രതിഷേധിക്കാനാണു നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.