രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഗോപാല്‍കൃഷ്ണ ഗാന്ധി പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ആയേക്കും; പ്രഖ്യാപനം നാളെ

രാഷ്ട്രപതി തെരഞ്ഞെടുപ്പ്:  ഗോപാല്‍കൃഷ്ണ ഗാന്ധി പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ആയേക്കും; പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി ഗോപാല്‍കൃഷ്ണ ഗാന്ധി എത്തിയേക്കും. ഗോപാല്‍കൃഷ്ണ ഗാന്ധിയുമായി ശരത് പവാര്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സമവായം ഉണ്ടെങ്കില്‍ മത്സരിക്കാം എന്ന സൂചനയാണ് ഗോപാല്‍കൃഷ്ണ ഗാന്ധി നല്‍കിയത്. ഇതിനിടെ നവീന്‍ പട്‌നായിക്കിന്റെ പിന്തുണയും ശരദ്പവാര്‍ തേടി. നാളെ രണ്ടരയ്ക്ക് പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയച്ചു

രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷം പരിഗണിച്ചിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീര്‍ മോശം സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ തന്റെ സാന്നിധ്യം അവിടെ ആവശ്യമാണ്. തന്റെ പേര് മുന്നോട്ടുവെച്ച മമതാ ബാനര്‍ജിക്കും മുതിര്‍ന്ന നേതാക്കള്‍ക്കും നന്ദിയെന്നും ഫറൂഖ് അബ്ദുള്ള അറിയിച്ചു.

പ്രതിപക്ഷം പ്രധാനമായും പരിഗണിച്ചിരുന്ന എന്‍സിപി നേതാവ് ശരത് പവാര്‍ നേരത്തെ മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. സമവായ സ്ഥാനാര്‍ത്ഥി എന്നതില്‍ ബിജെപിയില്‍ നിന്ന് അനുകൂല നീക്കം ഇല്ലാതിരുന്നതും ആരോഗ്യ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പവാറിന്റെ പിന്മാറ്റം. തന്നെ നേരില്‍ സന്ദര്‍ശിച്ച സീതാറാം യെച്ചൂരിയേയും ഡി. രാജയേയും പവാര്‍ നിലപാട് അറിയിക്കുകയായിരുന്നു. പകരം ഗുലാം നബി ആസാദിന്റെ പേര് അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

പിന്നീട് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മമതാ ബാനര്‍ജി വിളിച്ച യോഗത്തിലും പവാര്‍ നിലപാട് അറിയിച്ചു. ശരത് പവാറിന്റെ പിന്മാറ്റത്തോടെ, സജീവ പരിഗണനയില്‍ ഉണ്ടായിരുന്നത് ഫറൂഖ് അബ്ദുള്ളയുടെയും ഗോപാല്‍കൃഷ്ണ ഗാന്ധിയുടെയും യശ്വന്ത് സിന്‍ഹയുടെയും പേരുകളായിരുന്നു. ഫറൂഖ് അബ്ദുള്ള കൂടി പിന്‍വാങ്ങിയതോടെ ഗോപാല്‍കൃഷ്ണ ഗാന്ധിയിലേക്ക് പ്രതിപക്ഷം എത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.