ഒറോമിയ: ആഫ്രിക്കയില്‍ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള എത്യോപ്യയില്‍ കൂട്ട വംശഹത്യ. ഒറോമിയ മേഖലയില്‍ അംഹാറ സമുദായത്തില്‍പ്പെട്ട 200 ലധികം ആളുകളെ വിമതവിഭാഗം കൂട്ടക്കൊല നടത്തിയതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ഏറെക്കാലമായി വംശീയ സംഘര്‍ഷം തുടരുന്ന ഇവിടെ സമീപകാലത്തെ എറ്റവും വലിയ കൂട്ടക്കൊലയാണ് ശനിയാഴ്ച്ച നടന്നത്.
230 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. ഫെഡറല്‍ ആര്‍മി യൂണിറ്റുകള്‍ സ്ഥലത്ത് തമ്പടിച്ചിരിക്കുന്നതിനാല്‍ ആക്രമണത്തിന് അയവ് വന്നിട്ടുണ്ട്. ഇവര്‍ മടങ്ങിയാല്‍ വീണ്ടും ആക്രമണം ഉണ്ടായേക്കുമെന്ന ഭീതിയിലാണ് അംഹാറ വംശജര്‍.
ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇതെന്ന് ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഗിംബി കൗണ്ടി സ്വദേശി അബ്ദുള്‍ സെയ്ദ് താഹിര്‍ പറഞ്ഞു. ഇനിയൊരു ആക്രമണം ഉണ്ടാകും മുന്‍പ് എത്യോപ്യയില്‍ നിന്ന് പലായനം ചെയ്യാന്‍ ഒരു വിഭാഗം അംഹാറക്കാര്‍ ആലോചിക്കുന്നുണ്ട്. 30 വര്‍ഷത്തിലേറെയായി ഇവിടെ തമസിക്കുന്ന തങ്ങളെ ഇപ്പോള്‍ 'കോഴികളെപ്പോലെ' കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒറോമോ ലിബറേഷന്‍ ആര്‍മി (ഒഎല്‍എ)യാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒറോമിയ പ്രാദേശിക സര്‍ക്കാര്‍ ഒഎല്‍എയെ കുറ്റപ്പെടുത്തി പ്രസ്താവന ഇറക്കി. അതേസമയം ഒഎല്‍എ വക്താവ് ഓഡാ തര്‍ബി ആരോപണങ്ങള്‍ നിഷേധിച്ചു. കൂട്ടക്കൊല സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ എത്യോപ്യന്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മത, രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് എത്യോപ്യയിലെ പല പ്രദേശങ്ങളിലും വ്യാപകമായ വംശീയ സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. എത്യോപ്യയിലെ രണ്ടാമത്തെ വലിയ വംശീയ വിഭാഗമായ അംഹാര സമുദായത്തിന് നേരെയാണ് അതിക്രമങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. 11.5 കോടി ജനങ്ങളുള്ള എത്യോപ്യയില്‍ 1.10 കോടി ആളുകള്‍ അംഹാര സമുദായത്തില്‍പ്പെട്ടവരാണ്.
എത്യോപ്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ പ്രത്യേകിച്ച ഒറോമിയയില്‍ താമസിക്കുന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ടവരാണ് അംഹാരകള്‍. 2020 ലെ സന്‍സസ് പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയില്‍ 10 ശതമാനത്തോളം അംഹാരകളാണ്. അവരില്‍ ഭൂരിഭാഗവും എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് തെവാഹെഡോ സഭാംഗങ്ങളായ ക്രിസ്ത്യാനികളാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമൂഹമാണ് എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് തെവാഹെഡോ സഭാംഗങ്ങളായ ക്രിസ്ത്യാനികള്‍. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളം ഈ വിഭാഗത്തിന്റെ സ്വാധീനമുണ്ട്. നിലവില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ളത് എത്യോപ്യയിലാണ്. 36 ദശലക്ഷം അംഗങ്ങള്‍.
എറിട്രിയന്‍ ഓര്‍ത്തഡോക്‌സ് തെവാഹെഡോ ചര്‍ച്ച്, അലക്‌സാണ്ട്രിയയിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്, അര്‍മേനിയന്‍ അപ്പോസ്‌തോലിക് ചര്‍ച്ച്, സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നീ കൂട്ടായ്മയിലാണ് എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് തെവാഹെഡോ സഭയുടെ സ്ഥാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.