പ്രതിഷേധം തുടരുന്നതിനിടെ അഗ്‌നിപഥ് വിജ്ഞാപനം പുറപ്പെടുവിച്ച് കരസേന: രജിസ്ട്രേഷന്‍ ജൂലൈ മുതല്‍; വനിതകള്‍ക്കും അവസരം

പ്രതിഷേധം തുടരുന്നതിനിടെ അഗ്‌നിപഥ് വിജ്ഞാപനം പുറപ്പെടുവിച്ച് കരസേന: രജിസ്ട്രേഷന്‍ ജൂലൈ മുതല്‍; വനിതകള്‍ക്കും അവസരം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക നിയമന പദ്ധതിയായ അഗ്‌നിപഥിനെതിരേ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ കരസേന അഗ്‌നി വീരന്‍മാര്‍ക്കായുള്ള ആദ്യഘട്ട റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. റിക്രൂട്ട്മെന്റ് റാലിക്കുള്ള രജിസ്ട്രേഷന്‍ ജൂലൈ മുതല്‍ ആരംഭിക്കും.

ഓഗസ്റ്റ് പകുതി മുതല്‍ നവംബര്‍ വരെ രാജ്യമെമ്പാടും 83 റിക്രൂട്ട്മെന്റ് റാലികള്‍ നടത്താനാണ് തീരുമാനം. വനിതകള്‍ക്കും അവസരം ലഭിക്കും. യുദ്ധക്കപ്പലിലും വനിതകള്‍ക്ക് നിയമനം ലഭിക്കും. കരസേനയില്‍ ആദ്യ ബാച്ചിന്റെ പരിശീലനം നവംബര്‍ 21 ന് ആരംഭിക്കും.

വ്യോമ സേനയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 24 ന് തുടങ്ങും. ജൂലൈ 24 മുതലാണ് ഓണ്‍ ലൈന്‍ പരീക്ഷ. ആദ്യ ബാച്ചിന്റെ പരിശീലനം ഡിസംബര്‍ 30 മുതല്‍ നടക്കും.

മെഡിക്കല്‍ ബ്രാഞ്ചിലെ ടെക്നിക്കല്‍ കേഡര്‍ ഒഴികെ ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള ഏക പ്രവേശന മാര്‍ഗം അഗ്‌നിപഥ് മാത്രമാണ്. അഗ്‌നി വീരന്‍മാര്‍ ഒരു പ്രത്യേക റാങ്കായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ആദ്യവര്‍ഷം കര, നാവിക വ്യോമ സേനകളിലേക്കായി 45,000 അഗ്‌നി വീരന്മാരെ നിയമിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. പ്രതിഷേധങ്ങള്‍ ശക്തമാണെങ്കിലും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രം. വീരമൃത്യു വരിക്കുന്ന അഗിനി വീരന്മാരുടെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം നല്‍കും.

സൈനികര്‍ക്ക് നിലവിലുള്ള അപായ സാധ്യതാ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ അഗ്‌നി വീരര്‍ക്കും നല്‍കും. സേവന വ്യവസ്ഥകളില്‍ വേര്‍തിരിവുണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

വേതനവ്യവസ്ഥകള്‍ നിലവിലുള്ളതിനെക്കാള്‍ മികച്ചതാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. നാലുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന അഗ്‌നിവീരര്‍ക്ക് പോലീസ് സേനയില്‍ നിയമനം നല്‍കുമെന്ന് ചില സംസ്ഥാനങ്ങള്‍ അറിയിച്ചിരുന്നു.

മറ്റു സംസ്ഥാനങ്ങളോടും ഇക്കാര്യം അഭ്യര്‍ഥിക്കുമെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി വ്യക്തമാക്കി. സൈന്യത്തിന്റെ ശരാശരി പ്രായം കുറയ്ക്കണമെന്നത് കാര്‍ഗില്‍ അവലോകന സമിതിയുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നെന്ന് ലെഫ്. ജനറല്‍ പുരി പറഞ്ഞു.

രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ച പ്രക്ഷോഭകാരികള്‍ക്ക് പദ്ധതിയിലൂടെ നിയമനമുണ്ടാകില്ലെന്ന് അനില്‍ പുരി പറഞ്ഞു. അക്രമങ്ങളില്‍ പങ്കെടുത്തില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രതിജ്ഞാപത്രം ഉദ്യോഗാര്‍ഥികള്‍ നല്‍കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.