കൗമാരക്കാരുടെ മധ്യസ്ഥനായ വിശുദ്ധ അലോഷ്യസ് ഗോണ്‍സാഗാ

കൗമാരക്കാരുടെ മധ്യസ്ഥനായ വിശുദ്ധ അലോഷ്യസ് ഗോണ്‍സാഗാ

അനുദിന വിശുദ്ധര്‍ - ജൂണ്‍ 21

'ഞാന്‍ വളഞ്ഞ ഒരു ഇരുമ്പു വടിയാണ്. ആശാ നിഗ്രഹവും പ്രാര്‍ത്ഥനയുമാകുന്ന ചുറ്റിക വഴി എന്നെ നേരെയാക്കുന്നതിനാണ് ഞാന്‍ സന്യാസം സ്വീകരിച്ചത്'-വിശുദ്ധ അലോഷ്യസ് ഗോണ്‍സാഗായുടെ വാക്കുകളാണിത്.

ഇറ്റലിയിലെ കാസ്റ്റിഗ്ലിയോണ്‍ പ്രഭു ഫെര്‍ഡിനന്റ് ഗോണ്‍സാഗയുടെ മകനായി 1568 ലാണ് അലോഷ്യസ് ഗോണ്‍സാഗാ ജനിച്ചത്. ഒമ്പതാം വയസില്‍ നിത്യബ്രഹ്മചര്യ വ്രതമെടുത്തു. ഫ്‌ളോറെന്‍സില്‍ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. അക്കാലത്ത് നാട്ടില്‍ നടമാടിയിരുന്ന പല തിന്മകളില്‍ നിന്നും അവന്‍ ബോധപൂര്‍വ്വം മാറി നിന്നു.

കുതിര സവാരിയും കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ നടത്തിയിരുന്ന വലിയ വിരുന്നുകളും അലോഷ്യസിന് വളരെയധികം ഇഷ്ടമായിരുന്നു. എന്നാല്‍ സദാചാരത്തിന് വിരുദ്ധമായ ആഘോഷ രീതികളാണെന്ന് കണ്ടാല്‍ വിശുദ്ധന്‍ ഉടന്‍ തന്നെ അവിടം വിടുമായിരുന്നു.

നവോത്ഥാന കാലത്തെ ഇറ്റലിയിലെ പ്രസിദ്ധ കുടുംബങ്ങളില്‍ ഒന്നായ ഗോണ്‍സാഗസ് യുദ്ധ വീരന്‍മാരുടെ കുടുംബമായിരുന്നു. ആ വംശത്തിലെ മുഴുവന്‍ പേരും മറ്റുള്ളവരെ കീഴടക്കുവാന്‍ ആഗ്രഹിച്ചപ്പോള്‍, തന്നെത്തന്നെ കീഴടക്കുവാനാണ് വിശുദ്ധ അലോഷ്യസ് ആഗ്രഹിച്ചത്.

ഒരു പുരോഹിതനാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പന്ത്രണ്ട് വയസ് കഴിഞ്ഞപ്പോള്‍ തന്റെ ആത്മീയ ജീവിതത്തിനു തയ്യാറെടുക്കാന്‍ വേണ്ട ഒരു പദ്ധതി അവന്‍ സ്വയം കണ്ടുപിടിച്ചു. രാത്രികളില്‍ തന്റെ കിടക്കയില്‍ നിന്നുമിറങ്ങി കല്ല് വിരിച്ച തണുത്ത തറയില്‍ മണിക്കൂറുകളോളം മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുമായിരുന്നു.

പലപ്പോഴും തന്റെ ശരീരത്തില്‍ നായയുടെ തോല്‍വാര്‍ കൊണ്ട് സ്വയം പീഡനമേല്‍പ്പിക്കുമായിരുന്നു. സ്വന്തം ഇച്ചാശക്തിയിലായിരുന്നു അലോഷ്യസ് ഒരു വിശുദ്ധനാകുവാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഒരു സന്യാസാര്‍ത്ഥിയായി ജെസ്യൂട്ട് സഭയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തിന് വിശുദ്ധ റോബര്‍ട്ട് ബെല്ലാര്‍മിനെ ആത്മീയ മാര്‍ഗദര്‍ശിയായി ലഭിച്ചു.

ദിവ്യത്വത്തിനു വേണ്ടി അലോഷ്യസ് പിന്തുടര്‍ന്ന് വന്ന മാര്‍ഗങ്ങളെ ബെല്ലാര്‍മിന്‍ തിരുത്തി. സ്വയം നിയന്ത്രണത്തിന്റെയും എളിമയുടേതുമായ ചെറിയ പ്രവര്‍ത്തികള്‍, മണിക്കൂറുകള്‍ നീണ്ട പ്രാര്‍ത്ഥന തുടങ്ങിയ ജെസ്യൂട്ട് നിയമങ്ങളായിരുന്നു പകരമായി ബെല്ലാര്‍മിന്‍ നിര്‍ദ്ദേശിച്ചത്.

1591 ജനുവരിയില്‍ റോമില്‍ ശക്തമായ പ്ലേഗ് ബാധയുണ്ടായി. നഗരത്തിലെ ആശുപത്രികള്‍ മുഴുവന്‍ പ്ലേഗ് ബാധിതരെ കൊണ്ട് നിറഞ്ഞു. ജെസ്യൂട്ട് സഭക്കാര്‍ തങ്ങളുടെ മുഴുവന്‍ പുരോഹിതരേയും പുരോഹിതാര്‍ത്ഥികളേയും ആശുപത്രികളില്‍ രോഗികളെ ശുശ്രൂഷിക്കുന്നതിനായി നിയോഗിച്ചു. അലോഷ്യസിനെ സംബന്ധിച്ചിടത്തോളം ഇതല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

എന്നാല്‍ രോഗികളെ പരിചരിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ഭയവും അറപ്പും സഹതാപമായി മാറി. അവന്‍ യാതൊരു മടിയും കൂടാതെ റോമിലെ തെരുവുകളിലേക്കിറങ്ങി. തന്റെ സ്വന്തം ചുമലില്‍ രോഗികളെയും മരിച്ചുകൊണ്ടിരിക്കുന്നവരെയും ആശുപത്രികളില്‍ എത്തിച്ചു.

അവരെ വൃത്തിയാക്കി അവര്‍ക്കായി കിടക്കകള്‍ കണ്ടെത്തുകയും ഭക്ഷണം നല്‍കുകയും ചെയ്തു. രോഗികളുമായുള്ള ഈ അടുത്ത ഇടപഴകല്‍ അപകടകരമായിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ അലോഷ്യസിന് പ്ലേഗ് ബാധിക്കുകയും തന്റെ 23-ാമത്തെ വയസില്‍ മരണമടയുകയും ചെയ്തു.

രോഗികളിലും നിസഹായരിലും, മരണശയ്യയില്‍ കിടക്കുന്നവരിലും വിശുദ്ധ അലോഷ്യസ് ക്രൂശിതനായ യേശുവിനെ ദര്‍ശിച്ച് സ്വര്‍ഗീയ സമ്മാനത്തിന് അര്‍ഹനായി. കൗമാരക്കാരുടെ മധ്യസ്ഥനെന്ന നിലയിലാണ് വിശുദ്ധന്‍ ബഹുമാനിക്കപ്പെടുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഡറോയിലെ കോര്‍ബ്മാക്ക്

2. ഫ്രീസ് ലന്‍ഡിലെ എങ്കെല്‍മുണ്ട്

3. ഗ്രീക്ക് വൈദികനായ ആള്‍ബന്‍

4. നോര്‍മന്‍ഡിയിലെ അഗോഫ്രെദൂസ്

5. ആഫ്രിക്കയിലെ സിറിയക്കൂസും അപ്പോളിനാരിസും

6. വിശുദ്ധ ബിബിയാനയുടെ സഹോദരി ഡെമെട്രിയാ.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26