വൃക്ക കൊണ്ടുപോയതില്‍ ദുരൂഹത; ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ പരാതിയുമായി ആശുപത്രി അധികൃതര്‍

വൃക്ക കൊണ്ടുപോയതില്‍ ദുരൂഹത; ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ പരാതിയുമായി ആശുപത്രി അധികൃതര്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവെയ്ക്കാന്‍ വൈകിയ സംഭവത്തില്‍ കുറ്റം ആംബുലന്‍സ് ഡ്രൈവര്‍മാരുടെ തലയില്‍ കെട്ടിവെക്കാനൊരുങ്ങി ആശുപത്രി അധികൃതര്‍. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരേ പോലീസില്‍ പരാതികൊടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

ആംബുലന്‍സില്‍ നിന്നും വൃക്കയടങ്ങിയ പെട്ടി ഓപ്പറേഷന്‍ തിയേറ്ററിലെത്തിക്കാന്‍ സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരേയാണ് പരാതി നല്‍കുക. ആലുവയില്‍നിന്നെത്തിച്ച വൃക്ക അനധികൃതമായി ഏറ്റുവാങ്ങിയ രണ്ട് സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ മെഡിക്കല്‍ കോളജ് അധികൃതര്‍ നിയമനടപടി തുടങ്ങി.

ഇവര്‍ വൃക്ക സ്വീകരിച്ച് തിയറ്ററിലേക്കു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം സഹിതം പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയുമായോ അവയവം ഏറ്റുവാങ്ങാന്‍ പോയ സ്വകാര്യ ആംബുലന്‍സുമായോ ബന്ധമില്ലാത്തവര്‍ വൃക്ക എടുത്തുകൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.

ആംബുലന്‍സില്‍ ഉണ്ടായിരുന്ന പിജി ഡോക്ടര്‍മാര്‍ പിന്നാലെ പോയെങ്കിലും പെട്ടി നല്‍കാന്‍ ഇവര്‍ തയാറായില്ലെന്നും വീഡിയോ ചിത്രീകരിച്ചു വിവാദമുണ്ടാക്കാന്‍ ശ്രമിച്ചെന്നും അധികൃതര്‍ പറയുന്നു. വൃക്കയുമായി ഇവര്‍ വഴിയറിയാതെ നില്‍ക്കുന്നതും തിയറ്റര്‍ മാറിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്. ആംബുലന്‍സ് എത്തുമ്പോള്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും തിയറ്ററിലേക്കു കൊണ്ടുപോകാന്‍ പൊലീസ് സുരക്ഷയില്ലായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.