ചരിത്രത്തെ വളച്ചൊടിച്ച് സ്വയം കൃതാര്‍ത്ഥരാകുന്ന സംഘപരിവാര്‍

ചരിത്രത്തെ വളച്ചൊടിച്ച് സ്വയം കൃതാര്‍ത്ഥരാകുന്ന സംഘപരിവാര്‍

'പൂക്കന്ന് അപ്പന്‍ മജിസ്‌ട്രേറ്റായി' എന്നൊരു ചൊല്ലുണ്ട്. അതുപോലെ കാക്കി കളസവുമിട്ട് അമ്പലപ്പറമ്പില്‍ കുറച്ചു നാള്‍ കസര്‍ത്തുമെടുത്ത ശേഷം നേരെ ഡല്‍ഹിക്ക് വച്ചു പിടിച്ചാല്‍ ഏതൊരു സംഘിക്കും കേന്ദ്രമന്ത്രി വരെയാകാം! നാഗ്പൂരില്‍ നിന്നൊരു തീട്ടൂരവും കൂടി തരപ്പെടുത്തിയാല്‍ സംഗതി കുശാല്‍. ഇതാണ് ബിജെപിയുടെയും സംഘപരിവാരങ്ങളുടെയും ഒരു സെറ്റപ്പ്.

ഇത്തരമൊരു സംഘടനാ സംവിധാനത്തിന്റെ ഇടുങ്ങിയ ബൗദ്ധിക മണ്ഡലത്തില്‍ വ്യാപരിക്കുന്നവര്‍ ലോകം നെഞ്ചിലേറ്റി ആരാധിക്കുന്ന പുണ്യാത്മാക്കളെക്കുറിച്ചും ലോകത്തോളം ചരിത്രമുള്ള ആഗോള കത്തോലിക്കാ സഭയെക്കുറിച്ചുമൊക്കെ അഭിപ്രായം പറയുന്നതില്‍ വിരോധമില്ല. പക്ഷേ, അത് അന്ധന്‍ ആനയെ കണ്ടതു പോലെ ആകരുത് എന്നു മാത്രം.

ആര്‍.എസ്.എസിന്റെ മലയാള മുഖപത്രമായ 'കേസരി'യുടെ ഇക്കഴിഞ്ഞ ലക്കത്തില്‍ പ്രസിദ്ധീകരിച്ച 'ദേവസഹായം പിള്ളയും വിശുദ്ധ പാപങ്ങളും' എന്ന ലേഖനത്തിലേക്കാണ് പറഞ്ഞു വരുന്നത്. ചരിത്ര ബോധം തൊട്ടു തീണ്ടാത്തവര്‍ ചരിത്ര വസ്തുതകളെ വിശകലനം ചെയ്യുമ്പോഴുണ്ടാകുന്ന വന്‍ ദുരന്തമാണ് ആ ലേഖനം. ഹിന്ദുവായി ജനിച്ച നീലകണ്ഠ പിള്ള പിന്നീട് ക്രിസ്തുവിനെ അറിയുകയും അവനെ രക്ഷകനായി സ്വീകരിച്ച് ദേവസഹായം എന്നായി മാറുകയും ചെയ്തതിലുള്ള അസഹിഷ്ണുത ആ ലേഖനത്തില്‍ ഉടനീളമുണ്ട്.

വിശുദ്ധ ദേവസഹായത്തെ കള്ളനും വനം കൊള്ളക്കാരനുമായി ചിത്രീകരിക്കുന്ന ലേഖകന്‍, തിരുവിതാംകൂര്‍ രാജഭരണ കാലത്തെ ചില സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ക്രൈസ്തവ മിഷണറിമാര്‍ നടത്തിയ മതപരിവര്‍ത്തന പദ്ധതിയുടെ ഇരയായിരുന്നു ദേവസഹായമെന്ന് പരിതപിക്കുകയും ചെയ്യുന്നു.

മതം മാറി ക്രിസ്തുവിനെ പ്രഘോഷിച്ചതിനല്ല, തേക്കിന്‍ തടികള്‍ മോഷ്ടിച്ചതിനാണ് ദേവസഹായത്തെ തടവിലാക്കുകയും പിന്നീട് വെടിവെച്ചു കൊല്ലുകയും ചെയ്തതെന്നാണ് ലേഖനമെഴുതിയ 'ചരിത്ര വിദ്വാന്റെ' പുതിയ കണ്ടെത്തല്‍. തേക്കിന്‍ തടി മോഷ്ടിക്കുന്നത് വധ ശിക്ഷയ്ക്ക് വിധിക്കപ്പെടാവുന്ന കൊടും കുറ്റമായിരുന്നു എന്ന് മനസിലായത് കേസരിയിലെ ലേഖനത്തില്‍ നിന്നാണ്.

ഇതുപോലെ മറ്റ് പല മണ്ടത്തരങ്ങളും ലേഖനത്തിലുണ്ട്. കുളച്ചല്‍ യുദ്ധത്തില്‍ തടവുകാരനാക്കപ്പെട്ട ഡച്ച് സൈനികോദ്യോഗസ്ഥന്‍ ഡിലനോയി വഴിയാണ് നീലകണ്ഠപിള്ള ക്രിസ്തു മതത്തില്‍ ആകൃഷ്ടനായി ജ്ഞാനസ്‌നാനപ്പെട്ടതെന്ന് ലേഖനത്തിന്റെ ആദ്യം വിവരിക്കുന്നു.

ഖജനാവിലെ പണം ധൂര്‍ത്തടിച്ചതിന് ജയിലിലായ ദേവസഹായത്തെ മതം മാറിയാല്‍ ജയില്‍ മോചിതനാക്കാം എന്ന വാഗ്ദാനം നല്‍കി ക്രിസ്ത്യന്‍ പാതിരിമാര്‍ ജയിലിലെത്തി മതം മാറ്റുയായിരുന്നുവെന്നാണ് ലേഖനത്തിന്റെ അവസാനം പറയുന്നത്. സത്യത്തില്‍ ഇതെഴുതിയ ആള്‍ക്കും പ്രസിദ്ധീകരിച്ച കേസരിക്കും അറിയില്ല ദേവസഹായത്തിന്റെ യഥാര്‍ത്ഥ ജീവചരിത്രം എന്നു വ്യക്തം.

തീര്‍ന്നില്ല... കത്തോലിക്കാ സഭയെ ആക്രമിക്കാനുള്ള വ്യഗ്രതയില്‍ ഇനിയുമേറെ അസംബന്ധങ്ങള്‍ ആ ലേഖനത്തില്‍ കുത്തി നിറച്ചിട്ടുണ്ട്. അതിലൊന്ന് ഭരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാ ശ്ലീഹായെക്കുറിച്ചാണ്. ക്രിസ്തു ശിഷ്യനായ തോമാ ശ്ലീഹ ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്നു എന്ന കഥ കത്തോലിക്കാ സഭയുടെ വ്യാജ ചരിത്ര നിര്‍മാണത്തിന് എക്കാലത്തെയും മികച്ച ഉദാഹരണമാണെന്നാണ് ലേഖകന്റെ ഭാഷ്യം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ശബരിമലയ്ക്കടുത്ത് നിലയ്ക്കലില്‍ തോമാ ശ്ലീഹാ പള്ളി സ്ഥാപിച്ചതും 'ചരിത്രാന്വേഷി'യായ ലേഖകന് അത്രകണ്ട് പിടിച്ചിട്ടില്ല. എന്തായാലും തോമാ ശ്ലീഹാ ക്രിസ്തു ശിഷ്യനായിരുന്നു എന്ന കാര്യത്തില്‍ സംശയം ഉന്നയിക്കാതിരുന്നത് മഹാഭാഗ്യം.

കൊല്‍ക്കത്തയുടെ ദൈന്യത നിറഞ്ഞ തെരുവുകളില്‍ സ്‌നേഹമായൊഴുകിയെത്തി അനാഥ ശിശുക്കള്‍ക്കും ആലംബഹീനര്‍ക്കും അത്താണിയായി മാറിയ, ലോകം നൊബേല്‍ സമ്മാനം നല്‍കി ആദരിച്ച വിശുദ്ധ മദര്‍ തെരേസയാണ് ലേഖകന്റെ അടുത്ത ഇര.

ജീവിച്ചിരിക്കെ തന്നെ വിശുദ്ധ എന്ന് വിളിയ്ക്കപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധ പദവി ഏറെ വിവാദമുയര്‍ത്തിയിരുന്നുവത്രേ. കാരണം മദറിന്റെ പേരില്‍ അറിയപ്പെട്ട അത്ഭുത പ്രവര്‍ത്തികള്‍ വ്യാജമായിരുന്നു പോലും.

എന്തായാലും സംഘികളുടെ പുതിയ കണ്ടെത്തലുകള്‍ ഇപ്പോഴെങ്കിലും പ്രസിദ്ധീകരിച്ചത് നന്നായി. കാരണം ഇക്കാര്യങ്ങള്‍ ലോകത്ത് ഇതുവരെ ഒരു മനുഷ്യനും അറിയില്ലായിരുന്നു. ഇനിയും പുതിയയിനം കണ്ടെത്തലുകള്‍ എന്തെങ്കിലും ഉണ്ടോ ആവോ?

കാലമിത്രയായിട്ടും കത്തോലിക്കാ സഭയുടെ ചരിത്രവും പാരമ്പര്യവും ഇനിയും അറിയാത്ത ആര്‍.എസ്.എസുകാരോട് ഒരു കാര്യം വ്യക്തമാക്കാം. നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ കാക്കി ട്രൗസറിട്ട് കളിക്കുന്നവരൊക്കെ കേന്ദ്ര മന്ത്രിമാരും ഗവര്‍ണര്‍മാരും ആകുന്നതു പോലെ എളുപ്പത്തില്‍ നേടാവുന്ന ഒന്നല്ല കത്തോലിക്കാ സഭയിലെ വിശുദ്ധ പദവി.

അതറിയണമെങ്കില്‍ ചരിത്രം നന്നായി പഠിക്കണം. വിശുദ്ധരുടെ സ്വര്‍ഗീയാരാമത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള പുണ്യാത്മാക്കളുടെ ജീവിത വിശുദ്ധി എന്തായിരുന്നു എന്നറിയണം.

ക്രിസ്തുവിനായി നീറോ ചക്രവര്‍ത്തിയുടെ ഉദ്യാനത്തില്‍ തീപ്പന്തമായി കത്തിയെരിഞ്ഞും കൂട്ടിലടയ്ക്കപ്പെട്ട വന്യമൃഗങ്ങള്‍ക്ക് ആഹാരമായി ജീവന്‍ ബലി നല്‍കിയും മത പീഡകരായ ചക്രവര്‍ത്തിമാരാല്‍ ശിരസ്സറുക്കപ്പെട്ടും മറ്റും വിശ്വാസം കാത്തു സംരക്ഷിച്ചവരാണ്  കത്തോലിക്കാ സഭയിലെ വിശുദ്ധരില്‍ അധികവും. ഈ സഭയുടെ വിശുദ്ധിയും വിശ്വാസ ബലവും കുടികൊള്ളുന്നത് അവരിലാണ്.

ലോക ചരിത്രത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള അത്തരം സനാതന സത്യങ്ങളെ വളച്ചൊടിക്കാന്‍ പല ചരിത്ര പണ്ഡിതന്‍മാരും ശ്രമിച്ച് പരാജയപ്പെട്ടതാണ്. ഇനി സംഘപരിവാരങ്ങള്‍ ഒന്നടങ്കം അതിനായി മെനക്കെട്ടാലും ചരിത്രം ചരിത്രമായി തന്നെ നില നില്‍ക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.