ഒരു വര്‍ഷത്തിനിടെ നൈജീരിയയിലെ റുബു ഇടവകയില്‍ മാത്രം നടന്നത് 15 വെടിവയ്പ്പ് ആക്രമണങ്ങള്‍

ഒരു വര്‍ഷത്തിനിടെ നൈജീരിയയിലെ റുബു ഇടവകയില്‍ മാത്രം നടന്നത് 15 വെടിവയ്പ്പ് ആക്രമണങ്ങള്‍

കടുന: ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന നൈജീരിയയില്‍ റുബു ഇടവകയില്‍ മാത്രം ഒരു വര്‍ഷത്തിനിടെ സംഭവിച്ചത് 15 വെടിവയ്പ്പ് ആക്രമണങ്ങള്‍.  റുബുവിലെ സെന്റ് അഗസ്റ്റിന്‍സ് ഇടവക പള്ളിയിലും അതിനു കീഴിലുള്ള 17 സ്റ്റേഷന്‍ പള്ളികളിലുമായാണ് വ്യാപകമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് അഗ്ബ പറഞ്ഞു. അക്രമണങ്ങള്‍ക്ക് പിന്നില്‍ മതതീവ്രവാദികളാണെന്നും അദ്ദേഹം പറഞ്ഞു.

വടക്കന്‍ നൈജീരിയയിലെ കടുന പട്ടണത്തില്‍ നിന്ന് 30 മൈല്‍ തെക്ക് കജുരു കൗണ്ടിയിലാണ് റൂബു ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ മാതൃ ഇടവകയുടെ കീഴില്‍ മൂന്ന് പള്ളികളുണ്ട്. അവയില്‍ മാറാനാഥ ബാപ്റ്റിസ്റ്റ് പള്ളിയിലാണ് കഴിഞ്ഞ ഞായറാഴ്ച്ച ആക്രമണം ഉണ്ടായത്. ഇവിടെയുള്ള മറ്റൊരു പള്ളിയായ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന് നേരെയും മുമ്പോരിക്കല്‍ ആക്രമണം ഉണ്ടായിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ മൂന്ന് പേരും തട്ടിക്കൊണ്ടുപോയവരില്‍ 36 പേരും സെന്റ് അഗസ്റ്റിസ് ഇടവകയുടെ കീഴിലുള്ള സ്റ്റേഷന്‍ പള്ളികളിലെ അംഗങ്ങളാണ്. ഞായറാഴ്ച്ച ഭീകരപ്രവര്‍ത്തകര്‍ ആക്രമിച്ച മറ്റൊരു പള്ളിയായ സെന്റ് മോസസ് പള്ളിയും സെന്റ് അഗസ്റ്റിന്‍സ് മാതൃ ഇടവകയുടെ കീഴിലുള്ളതാണ്.

''ഭീകരരുടെ ലക്ഷ്യം സാമ്പത്തികവും ഭാഗികമായി മതപരവുമാണ്,'' ഫാ.അഗ്ബ പറഞ്ഞു. മുസ്ലീം സമുദായത്തിലുള്ളവരും ഇവരുടെ തട്ടിക്കൊണ്ടുപോകലിന് ഇരയാകുന്നുണ്ട്. എന്നാല്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. മാത്രമല്ല ക്രിസ്ത്യാനികള്‍ കൂടുതലായുള്ള പ്രദേശങ്ങളിലാണ് തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തട്ടിക്കൊണ്ടുപോയവരുടെ സെല്‍ ഫോണുകള്‍ ഉപയോഗിച്ച് കൊള്ളക്കാര്‍ ബന്ധുക്കളെ ബന്ധപ്പെടുകയും പണം ആവശ്യപ്പെടുകയുമാണ് രീതി.

തെക്കന്‍ കടുനയിലെ ഭൂരിഭാഗം വരുന്ന ക്രിസ്ത്യന്‍ കര്‍ഷകരെ അവിടെ നിന്ന് പുറത്താക്കാനുള്ള ഫുലാനി സംഘത്തിന്റെ അജണ്ടയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സംസ്ഥാനത്തെ ക്രിസ്ത്യന്‍ സമുദായങ്ങളുടെയും കൂട്ടായ്മയായ സതേണ്‍ കടുന പീപ്പിള്‍സ് യൂണിയന്റെ തലവന്‍ ജോനാഥന്‍ അസക്കെ പറഞ്ഞു. മൂന്ന് ഗ്രാമങ്ങളിലായി 32 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ജൂണ്‍ അഞ്ചിലെ ആക്രമണം നടന്ന് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ഞായറാഴ്ച രണ്ട് പള്ളികളില്‍ വീണ്ടും ആക്രമണം ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.