ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാരിനെ സംരക്ഷിക്കണമെന്ന് താക്കറെയോട് പവാര്‍; സഖ്യം വിടാതെ ഒന്നും നടക്കില്ലെന്ന് ശിവസേന വിമതര്‍

ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാരിനെ സംരക്ഷിക്കണമെന്ന് താക്കറെയോട് പവാര്‍; സഖ്യം വിടാതെ ഒന്നും നടക്കില്ലെന്ന് ശിവസേന വിമതര്‍

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരിലെയും ശിവസേനയിലെയും പ്രതിസന്ധി തുടരവെ പ്രശ്‌ന പരിഹാരത്തിന് നേരിട്ടിറങ്ങി എന്‍സിപി നേതാവ് ശരത് പവാര്‍. അവസാന ശ്രമമെന്ന നിലയില്‍ ഏക്‌നാഥ് ഷിന്‍ഡെയ്ക്കായി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു നല്‍കാന്‍ ഉദ്ധവ് താക്കറെയോട് പവാര്‍ ആവശ്യപ്പെട്ടു.

മകളും എന്‍സിപി എംപിയുമായ സുപ്രിയ സുലെയ്ക്കൊപ്പമാണ് പവാര്‍ ഉദ്ധവിനെ കാണാന്‍ അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയിലെത്തിയത്. ഉദ്ധവ് താക്കറേ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെയാണ് പവാറും സുപ്രിയയും അദ്ദേഹത്തെ കാണാനെത്തിയത്. കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടുനിന്നു.

മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വിമത എംഎല്‍എമാര്‍ നേരിട്ടു വന്ന് ആവശ്യപ്പെട്ടാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്ന് ഉദ്ധവ് വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിക്കുവേണ്ടി മുഖ്യമന്ത്രി പദം ഒഴിയാന്‍ തയാറാണെന്ന് ഉദ്ധവ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ അദേഹം തയാറാകുമെന്ന് തോന്നുന്നില്ല.

അതേസമയം, ശിവസേനയുടെ അസ്ഥിത്വം ചോദ്യം ചെയ്യുന്ന മഹാവികാസ് അഘാഡിയുമായുള്ള ബന്ധം വേര്‍പ്പെടുത്താതെ ഒത്തുതീര്‍പ്പിനില്ലെന്നാണ് ഗുവഹാത്തിയിലുള്ള വിമത എംഎല്‍എമാര്‍ പറയുന്നത്.

ഇതിനിടെ ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് ശിവസേന വിമതനേതാവ് ഏക്‌നാഥ് ഷിന്‍ഡെ സമയം തേടി. വിഡിയോ കോണ്‍ഫറന്‍സിനാണ് സമയം തേടിയത്. കോവിഡ് ബാധിച്ച ഗവര്‍ണര്‍ ഭഗത് സിംഗ് കോസിയാരി ആശുപത്രിയില്‍ ചികിത്സയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.