തടവുകാരുടെ മധ്യസ്ഥനായ വിശുദ്ധ ജോസഫ് കഫാസോ

തടവുകാരുടെ മധ്യസ്ഥനായ വിശുദ്ധ ജോസഫ് കഫാസോ

അനുദിന വിശുദ്ധര്‍ - ജൂണ്‍ 23

ടക്കന്‍ ഇറ്റലിയിലെ ടൂറിന്‍ നഗരത്തിനടുത്ത് കാസ്‌റ്റെല്‍നോവോയില്‍ 1811 ലാണ് ജോസഫ് കഫാസോ ജനിച്ചത്. വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ ആത്മീയ പിതാവായിരുന്നു വിശുദ്ധ ജോസഫ് കഫാസോ. കുട്ടിയായിരിക്കുമ്പോള്‍ തന്നെ കൊച്ചു വിശുദ്ധന്‍ എന്നാണ് ജനങ്ങള്‍ അവനെ വിളിച്ചിരുന്നത്.

കുടുംബം ദരിദ്രമായിരുന്നെങ്കിലും അവന്റെ സാമര്‍ത്ഥ്യവും ഉത്സാഹവും ദൈവ ഭക്തിയും മൂലം ഇരുപത്തിമൂന്നാം വയസില്‍ ജോസഫ് വൈദികനായി മാറി. പുരോഹിതവൃത്തി ആരംഭിച്ച അദ്ദേഹം പുരോഹിതന്മാര്‍ക്കായുള്ള ഒരു മികച്ച ദൈവശാസ്ത്ര വിദ്യാലയത്തില്‍ ചേര്‍ന്നു. ബിരുദം നേടിയ ശേഷം അദ്ദേഹം ഒരു ദൈവശാസ്ത്ര പ്രൊഫസറായി.

ദൈവിക ലോകത്തെ പവിഴം എന്നാണ് ഇറ്റലിയില്‍ ഫാ.ജോസഫ് കഫാസോ അറിയപ്പെട്ടിരുന്നത്. ദൈവത്തിന്റെ സൗമ്യവും സ്നേഹ നിര്‍ഭരവുമായ കരുണയില്‍ വിശ്വസിച്ച പുരോഹിതനായിരുന്നു ഫാ.കഫാസോ. തൊഴിലാളികളും വൈദികരും മെത്രാന്‍മാരും രാജകുമാരന്‍മാര്‍ വരെയും അദ്ദേഹത്തിന്റെ പക്കല്‍ കുമ്പസാരിക്കാന്‍ എത്തുമായിരുന്നു. ഡോണ്‍ ബോസ്‌കോയ്ക്ക് സെമിനാരി പഠനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് ഫാ.ജോസഫ് കഫാസോയുടെ സഹായത്താലാണ്.

ചെറുപ്പം മുതല്‍ തന്നെ വിശുദ്ധന് പരിശുദ്ധ മാതാവിനോട് പ്രത്യേകമായൊരു ഭക്തിയുണ്ടായിരുന്നു. മക്കളുടേതിന് സമാനമായ ഭക്തിയോടുകൂടി പരിശുദ്ധ അമ്മയെ സ്‌നേഹിക്കുവാന്‍ അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു. തന്റെ ആവേശം അള്‍ത്താര ശുശ്രൂഷകര്‍ക്കും പകര്‍ന്നു കൊടുത്ത ഫാ.കഫാസോ കര്‍ത്താവിനായി ആളുകളെ മാനസാന്തരപ്പെടുത്തുവാന്‍ അവരെ പ്രോത്സാഹിപ്പിച്ചു.

തന്റെ ഉപദേശങ്ങളാലും സഹായങ്ങളാലും വിശുദ്ധന്‍ തന്റെ പ്രിയ ശിക്ഷ്യനായിരുന്ന ഡോണ്‍ ബോസ്‌കോയെ 'ദി സൊസൈറ്റി ഓഫ് സെന്റ് ഫ്രാന്‍സിസ്' അഥവാ സലേഷ്യന്‍ സഭ സ്ഥാപിക്കുവാനായി പ്രോത്സാഹിപ്പിച്ചു.

വധശിക്ഷക്ക് വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്‍മാരോട് തങ്ങളുടെ ഹൃദയത്തെ ധൈര്യപ്പെടുത്തുന്നതിനായി അദ്ദേഹം തന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തു. വിശുദ്ധന്റെ സ്‌നേഹം അവരുടെ പിടിവാശിയെ കീഴടക്കുകയും അവരെ ദൈവവുമായി അടുപ്പിക്കുകയും ചെയ്തു. തടവുകാരുടെ മധ്യസ്ഥനായാണ് വിശുദ്ധ ജോസഫ് കഫോസോ അറിയപ്പെടുന്നത്.

ഏറെ മഹത്തായ കാര്യങ്ങള്‍ ചെയ്യുകയും എല്ലാവരുടെയും ആദരവിന് പാത്രമാവുകയും ചെയ്തതിനു ശേഷം 1860 ജൂണ്‍ 23ന് തന്റെ 49- ാമത്തെ വയസില്‍ സഭാപരമായ കൂദാശകള്‍ സ്വീകരിച്ച് സ്വയം തയ്യാറെടുപ്പുകള്‍ നടത്തിയ ശേഷം വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

ഫാ.ജോസഫ് കഫാസോയുടെ നന്മയും അദ്ദേഹത്തിന്റെ മാധ്യസ്ഥത്തില്‍ നടന്നിട്ടുള്ള അത്ഭുതങ്ങളും കണക്കിലെടുത്ത് 1925 ല്‍ പിയൂസ് പതിനൊന്നാമന്‍ പാപ്പാ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി. 1947ല്‍ പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ ജോസഫ് കഫാസോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. എഥെല്‍ ഡ്രെഡാ

2. റോമന്‍ കന്യകയായ അഗ്രിപ്പീനാ

3. ടസ്‌കനിയില്‍ സൂട്രിയിലെ ഫെലിക്‌സ്

4. റോമന്‍കാരായ ജോണ്‍, കണ്‍കോര്‍ഡിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.