ജി7 ഉച്ചകോടിക്കായി മോഡി ഞായറാഴ്ച ജര്‍മ്മനിയിലേക്ക്

ജി7 ഉച്ചകോടിക്കായി മോഡി ഞായറാഴ്ച ജര്‍മ്മനിയിലേക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ജി7 ഉച്ചകോടിക്കായി ഞായറാഴ്ച ജര്‍മ്മനിയിലേക്ക്. ജൂണ്‍ 26,​27 തീയതികളിലാണ് ജി 7 ഉച്ചകോടി നടക്കുന്നത്.

ജര്‍മ്മനിയിലെ ഷ്ലോസ് എല്‍മൗയിലാണ് ഉച്ചകോടി. പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉള്‍പ്പെടുന്ന രണ്ട് സെഷനുകളില്‍ പ്രധാനമന്ത്രി സംസാരിച്ചേക്കും. ചില നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തും.

ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി 28 ന് യു.എ.ഇയിലെത്തും. യു.എ.ഇ മുന്‍ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്താനും പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കാനുമാണ് യാത്ര. അന്നുതന്നെ ഡല്‍ഹിയില്‍ തിരിച്ചെത്തും.

ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ യാഥാര്‍ഥ്യമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രതീക്ഷയോടെയാണ് പ്രവാസലോകം കാണുന്നത്. നാലാം തവണയാണ് മോഡി യുഎഇ സന്ദര്‍ശിക്കുന്നത്. 2015, 2018, 2019 വര്‍ഷങ്ങളിലും അദ്ദേഹം എത്തിയിരുന്നു. ജനുവരിയില്‍ ദുബായ് എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി യുഎഇയില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഓമിക്രോണ്‍ വകഭേദം വ്യാപകമായതിനെ തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.