കണ്ണുകള്‍ കൊണ്ട് നേരിട്ടു കാണാവുന്ന ബാക്ടീരിയകള്‍; 5000 ഇരട്ടി വലിപ്പം: അമ്പരപ്പില്‍ ശാസ്ത്രലോകം

കണ്ണുകള്‍ കൊണ്ട് നേരിട്ടു കാണാവുന്ന ബാക്ടീരിയകള്‍; 5000 ഇരട്ടി വലിപ്പം: അമ്പരപ്പില്‍ ശാസ്ത്രലോകം

കാലിഫോര്‍ണിയ: കണ്ണുകള്‍ കൊണ്ട് നേരിട്ടു കാണാവുന്ന ബാക്ടീരിയയെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. കരീബിയന്‍ ദ്വീപുകളിലെ ചതുപ്പു നിറഞ്ഞ കണ്ടല്‍ക്കാടുകളിലാണ് ഏറ്റവും വലിയ ബാക്ടീരിയയെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. നഗ്ന നേത്രങ്ങള്‍ കൊണ്ട് ബാക്ടീരിയകളെ കാണാനാവില്ലെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ കരീബിയന്‍ ദ്വീപുകളിലെ ഗൗഡിലൂപ്പിലെ കണ്ടല്‍ക്കാടുകളില്‍ ജലത്തിലാഴ്ന്നു കിടക്കുന്ന ഇലകളിലാണ് ഒരു സെന്റിമീറ്റര്‍ വലിപ്പമുള്ള ഈ ബാക്ടീരിയയെ കണ്ടെത്തിയത്.

തിയോമാര്‍ഗാരിറ്റ മാഗ്നിഫിക്ക എന്നാണ് ശാസ്ത്രീയ നാമം. കനം കുറഞ്ഞ നാരു പോലെ കാണപ്പെടുന്ന ബാക്ടീരിയയ്ക്കുള്ളില്‍ സള്‍ഫറിന്റെ കണികകളുണ്ട്. ഈ സള്‍ഫറിന്റെ കണികകള്‍ പ്രകാശം വികിരണം ചെയ്യുന്നതിനാല്‍ ബാക്ടീരിയകള്‍ക്ക് തിളക്കവുമുണ്ട്. ബാക്ടീരിയയെ സംബന്ധിച്ച് ഇതുവരെ ശാസ്ത്ര ലോകത്തിനുണ്ടായിരുന്ന ധാരണകളെ പൊളിച്ചെഴുതുന്നതാണ് പുതിയ കണ്ടെത്തല്‍.

ഒരു ശരാശരി ബാക്ടീരിയയുടെ 5000 ഇരട്ടി വലിപ്പം പുതിയ ബാക്ടീരിയക്കുണ്ടെന്നാണ് കാലിഫോര്‍ണിയ ബെര്‍ക്കിലി നാഷണല്‍ ലബോറട്ടറിയിലെ മറൈന്‍ ബയോളജിസ്റ്റായ ജീന്‍ മാരീ വോളന്റ് പറയുന്നത്. ശാസ്ത്രജ്ഞര്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഈ് സൂക്ഷ്മാണുവിന് ഒരു ഫ്രൂട്ട് ഇച്ചയേക്കാള്‍ വലിപ്പമുണ്ട്.

മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് കാണാന്‍ കഴിയുന്ന ഏകകോശ ജീവിയെന്ന നിര്‍വചനത്തെ തള്ളുകയാണ് ഈ പുതിയ കണ്ടെത്തല്‍. 2009-ല്‍ ഈ ബാക്ടീരിയയെ ആദ്യമായി കണ്ടെത്തിയെങ്കിലും ഇതൊരു ഫംഗസ് ആയിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. അഞ്ചു വര്‍ഷത്തെ പഠന-ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഇത് ഒരു ബാക്ടീരിയ ആണെന്ന് കണ്ടെത്താനായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.