പാരീസ്: ഫ്രാന്‍സുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്നതിനായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി പാരീസിലേക്ക്. നാറ്റോ ഉച്ചകോടിക്കായി അടുത്തയാഴ്ച്ച യൂറോപ്പിക്കേു പോകുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പാരീസില്‍ കൂടിക്കാഴ്ച്ച നടത്തും. കഴിഞ്ഞ കുറേ മാസങ്ങളായി നിര്‍ജീവമായി കിടക്കുന്ന ഫ്രാന്‍സ്-ഓസ്‌ട്രേലിയ നയതന്ത്ര ബന്ധം പുനരുജ്ജീവിപ്പിക്കുകയാണ് ആല്‍ബനിസീയുടെ ലക്ഷ്യം.
12 അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ഓസ്‌ട്രേലിയ ഫ്രാന്‍സുമായുണ്ടാക്കിയ കരാര്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റദ്ദാക്കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വല്ലാതെ ഉലച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ലെന്നും ശക്തമാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം എ.ബി.സി. ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ തന്നെ ക്ഷണിച്ചതെന്നും ഏറെ സൗഹാര്‍ദപരമായ സന്ദര്‍ശനമാണ് പ്രതീക്ഷിക്കുന്നതെന്നും ആന്റണി ആല്‍ബനീസി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും കൈപിടിച്ച് മുന്നോട്ടു പോകുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടാകും.
പ്രധാനമന്ത്രിയുടെ പാരീസ് സന്ദര്‍ശനത്തിന് മുന്നോടിയായി 835 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും. ഫ്രഞ്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്തര്‍വാഹനി നിര്‍മാണ സ്ഥാപനമായ നേവല്‍ ഗ്രൂപ്പിനാണ് വന്‍ തുക കൈമാറുക. ഫ്രാന്‍സുമായുള്ള കരാര്‍ ലംഘിച്ച് അന്തര്‍വാഹിനി നിര്‍മാണം ഉപേക്ഷിച്ചതിനുള്ള നഷ്ടപരിഹാരമാണിത്. നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ 3.4 ബില്യണ്‍ ഡോളറാണ് ഓസ്‌ട്രേലിയയുടെ ഖജനാവിനു നഷ്ടമെന്നും മുന്‍ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടാണ് ഇതിനു കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. യൂറോപ്പിലെ പ്രധാനശക്തി എന്നതു മാത്രമല്ല പസഫിക് മേഖലയിലെ നിര്‍ണായക ശക്തിയാണ് ഫ്രാന്‍സ് എന്നതു കൂടി കണക്കിലെടുത്താണ് നയതന്ത്ര ബന്ധങ്ങള്‍ വീണ്ടും ഊട്ടിയുറപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഫ്രാന്‍സിന്റെ ബാരാക്കുഡ ആണവോര്‍ജ്ജ അന്തര്‍വാഹിനികളുടെ മാതൃകയില്‍ 12 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഓസ്ട്രേലിയ ഫ്രാന്‍സിന്റെ നേവല്‍ ഗ്രൂപ്പിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഏകദേശം 31 ബില്യണ്‍ യൂറോ ആയിരുന്നു കരാര്‍ തുക. 2016-ല്‍ ആയിരുന്നു ഔദ്യോഗികമായി ഇത് പ്രഖ്യാപിക്കുന്നത്.
അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് പുതിയ പ്രതിരോധ ഉടമ്പടി പ്രഖ്യാപിച്ചതാണ് ഫ്രാന്‍സിന് തിരിച്ചടിയായത്. ഇതുപ്രകാരം ഓസ്ട്രേലിയയ്ക്ക് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അന്തര്‍വാഹിനി ലഭിക്കും. ഇത് അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികള്‍ക്ക് മാത്രം ലഭിക്കുന്ന ഒരു അപൂര്‍വ്വ അന്തര്‍വാഹിനിയാണ്. ഇതോടെയാണ് ഫ്രാന്‍സുമായുള്ള കരാര്‍ ഓസ്‌ട്രേലിയ റദ്ദാക്കിയത്.
പ്രധാനമന്ത്രിയുടെ നീക്കത്തെ സ്വാഗതം ചെയ്ത ഓസ്‌ട്രേലിയന്‍ പ്രതിപക്ഷ നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ പീറ്റര്‍ ഡട്ടണ്‍ അന്തര്‍വാഹനി നിര്‍മാണ കരാറിലേര്‍പ്പെട്ട മുന്‍ സര്‍ക്കാരിന്റെ നടപടിയെ അനുകൂലിച്ചു. രാജ്യത്തിന്റെ സുരക്ഷയെ കരുതിയാണ് അന്ന് തീരുമാനമെടുത്തതെന്നും ഈ സാഹചര്യത്തില്‍ രാജ്യത്തോട് മാപ്പ് പറയേണ്ടതില്ലെന്നും പീറ്റര്‍ ഡട്ടണ്‍ അറിയിച്ചു. നാറ്റോ ഉച്ചകോടിക്കായി യൂറോപ്പിലേക്കു പോകുന്ന പ്രധാനമന്ത്രി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തുമോയെന്നതു വ്യക്തമാക്കിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.