യൂറോപ്പ് യാത്രയ്ക്ക് ഇനി എത്തിയാസ് വേണം; വിസ ആവശ്യമില്ലാത്ത 63 രാജ്യങ്ങള്‍ക്ക് നിബന്ധന നിര്‍ബന്ധം

യൂറോപ്പ് യാത്രയ്ക്ക് ഇനി എത്തിയാസ് വേണം; വിസ ആവശ്യമില്ലാത്ത 63 രാജ്യങ്ങള്‍ക്ക് നിബന്ധന നിര്‍ബന്ധം

പാരീസ്: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓഥറൈസേഷന്‍ സിസ്റ്റം (എത്തിയാസ്) ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. ആമേരിക്കയും ഇംഗ്ലണ്ടും ഉള്‍പ്പടെയുള്ള 63 രാജ്യങ്ങള്‍ക്കാണ് നിബന്ധന ബാധകമാക്കിയിരിക്കുന്നത്. സന്ദര്‍ശകന്റെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് യാത്രാനുമതി നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനമായ എത്തിയാസ് 2023 മെയ് മുതല്‍ പ്രാബല്യത്തിലാകും.

യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളിലേക്ക് പ്രത്യേക സന്ദര്‍ശനത്തിന് വിസ ആവശ്യമില്ല. പുതിയ സംവിധാനം നിലവില്‍ വന്നാലും ഈ സ്ഥിതി തുടരും. എന്നാല്‍ ഓരോ യാത്രക്കാരനും യാത്രാ വിവരങ്ങള്‍ക്കൊപ്പം വ്യക്തി വിവരങ്ങളും എത്തിയാസില്‍ രേഖപ്പെടുത്തേണ്ടി വരും എന്നതാണ് പുതിയ രീതി. ഈ വിവരങ്ങള്‍ സൂക്ഷമ പരിശോധന നടത്തിയ ശേഷം യാത്രാനുമതി നല്‍കുകയോ തിരസ്‌കരിക്കുകയോ ചെയ്യാം. തിരസ്‌കരിക്കപ്പെടുകയാണേല്‍ യാത്രക്കാരന് അപ്പീല്‍ പോകാനുള്ള അവസരവും ഉണ്ട്.



അമേരിക്കയില്‍ നിലവിലുള്ള യുഎസ് ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന്‍ (ഇഎസ്ടിഎ) സംവിധാനവുമായി സാമ്യമുള്ളതാണ് എത്തിയാസും. ഓണ്‍ലൈന്‍ വഴി യാത്രക്കാരിന് നേരിട്ട് അനുമതിക്കായി അപേക്ഷിക്കാം. മിനിറ്റുകള്‍ക്കുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്ന സംവിധാനമാണിത്. ഓരോ അപേക്ഷനും ഏഴ് യൂറോ അല്ലെങ്കില്‍ 7.35 യുഎസ് ഡോളര്‍ ഫീസ് അടയ്ക്കണം. ഇഎസ്ടിഎയ്ക്കാകട്ടെ 21 യുഎസ് ഡോളര്‍ ആണ് ഫീസ്. ഇതോടെ ഫീസ് രഹിത യൂറോപ്യന്‍ യാത്രയെന്ന സൗകര്യം ഇല്ലാതാകും.

ബിസിനസ് അനുബന്ധ ആവശ്യങ്ങള്‍ക്കും വിനോദ സഞ്ചാരത്തിനുമായി പാശ്ചാത്യ രാജ്യങ്ങളില്‍ ഹൃസ്വ സന്ദര്‍ശനം നടത്തുന്നതിനാണ് വിസ രഹിത യാത്ര സൗകര്യം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയത്. ഇത്തരം സന്ദര്‍ശകര്‍ക്ക് 90 ദിവസം വരെ വിദേശത്ത് കഴിയാം. എന്നാല്‍ പഠനം, ജോലി തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അത് നിയമലംഘനമാകും. ഈ രീതി അതേപടി നിലനില്‍ക്കുമെന്നതോടൊപ്പം യാത്രക്കാരന്റെ പരിപൂര്‍ണ വിവരങ്ങള്‍ ഡോക്യുമെന്റ് ചെയ്യപ്പെടും എന്നതാണ് എത്തിയോസ് പ്രാബല്യത്തിലാകുന്നതുവഴി സംഭവിക്കുന്നത്. 2016 മുതല്‍ ആരംഭിച്ച ശ്രമത്തിന് ഇപ്പഴാണ് പൂര്‍ത്തീകരണത്തിലെത്തിയത്.



ആമേരിക്കയ്ക്കും ഇംഗ്ലണ്ടിനും പുറമേ അല്‍ബേനിയ, ബാര്‍ബുഡ, അര്‍ജന്റീന, ഓസ്‌ട്രേലിയ, ബഹാമസ്, ബാര്‍ബഡോസ്, ബോസ്‌നിയ ഹെര്‍സഗോവിന, ബ്രസീല്‍, ബ്രൂണെ, കാനഡ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ഡൊമിനിക്ക, എല്‍ സാല്‍വഡോര്‍, ജോര്‍ജിയ, ഗ്രനേഡ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഹോങ്കോംഗ്, ഇസ്രായേല്‍, ജപ്പാന്‍, കിരിബതി, മക്കാവോ, മലേഷ്യ, മാര്‍ഷല്‍ ദ്വീപുകള്‍, മൗറീഷ്യസ്, മെക്‌സിക്കോ, മൈക്രോനേഷ്യ, മോള്‍ഡോവ, മോണ്ടിനെഗ്രോ, നൗറു, ന്യൂസിലാന്റ്, നിക്കരാഗ്വ, നോര്‍ത്ത് മാസിഡോണിയ, പലാവു, പനാമ, പരാഗ്വേ, പെറു, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ്, സമോവ, സെര്‍ബിയ, സീഷെല്‍സ്, സിംഗപ്പൂര്‍, സോളമന്‍ ദ്വീപുകള്‍, ദക്ഷിണ കൊറിയ, തായ്വാന്‍, തിമോര്‍ ലെസ്റ്റെ, ടോംഗ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, തുവാലു, ഉക്രെയ്ന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഉറുഗ്വേ, വനവാട്ടു, വെനിസ്വേല എന്നീ രാജ്യങ്ങളാണ് എത്തിയാസിന്റെ പരിധിയില്‍ വരുന്നത്. അതേസമയം ഇന്ത്യ ഇത്തിയാസിന്റെ പരിധിയില്‍ വരില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.