കപ്പേളയിലേക്ക് പോയ സ്ത്രീ

കപ്പേളയിലേക്ക്  പോയ സ്ത്രീ

ഇന്നലെ (25 -6-2022) നടന്ന ഒരു സംഭവം കുറിക്കാം. പാറക്കടവിലുള്ള ഞങ്ങളുടെ ആശ്രമത്തിൽ നിന്നും അങ്കമാലിയിലേക്കുള്ള യാത്ര. ടെൽക്കിന് അടുത്തുള്ള വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ ദൈവാലയത്തിനോട് ചേർന്ന വഴിയിലൂടെ ഹൈവേയിലേക്ക് വാഹനമോടിച്ച് വരികയായിരുന്നു.

അപ്പോഴാണ് കാഴ്ച നഷ്ടപ്പെട്ട ലോട്ടറി കച്ചവടക്കാരിയായ ഒരു സ്ത്രീ ലോട്ടറികളുമായ് റോഡ് കുറുകെ കടക്കുവാൻ ശ്രമിക്കുന്നത് കണ്ടത്. അവരെ മറികടന്ന് വാഹനമോടിച്ച് ഞാൻ മുമ്പോട്ടു നീങ്ങി. കുറച്ചു നീങ്ങിയപ്പോൾ മനസിൽ ഒരു സ്വരം: "നീ ഒരു പുരോഹിതനല്ലേ? എവിടേയ്ക്കാണ് പായുന്നത്. കണ്ണുകാണാത്ത ഒരു സ്ത്രീ റോഡ് കുറുകെ കടക്കുവാൻ കഷ്ടപ്പെടുന്നത് നീ കണ്ടില്ലെ?"

ഞാൻ വാഹനം റോഡ് സൈഡിൽ നിർത്തി. വേഗത്തിൽ ആ സ്ത്രീയ്ക്കരുകിൽ എത്തി. അപ്പോഴേയ്ക്കും വിശുദ്ധന്റെ കപ്പേളയും കഴിഞ്ഞ് റോഡിന് എതിർവശത്തേയ്ക്ക് അവർ പോയിരുന്നു. തൊട്ടടുത്താണെങ്കിൽ അഴുക്കുചാലും. "ചേച്ചിക്ക് എങ്ങോട്ടാണ് പോകേണ്ടത്?" ഞാൻ ചോദിച്ചു.

"പള്ളിയുടെ മുമ്പിൽ ഒരു കപ്പേളയില്ലേ, അവിടെയല്ലെ ഞാൻ നിൽക്കുന്നത്?"

"അല്ല, ചേച്ചിയിപ്പോൾ കപ്പേളയ്ക്ക് എതിർവശത്ത് എത്തി. കൂടാതെ ഇത് ഹൈവേയാണ്. വണ്ടികൾ ചീറിപ്പായുന്ന ശബ്ദം കേൾക്കുന്നില്ലേ?" ഇത്രയും പറഞ്ഞ് ഞാനാ സ്ത്രീയുടെ കരം പിടിച്ച് കപ്പേളയുടെ മുൻവശത്തേയ്ക്ക് കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ ഞാൻ പറഞ്ഞു: "ഞാനൊരു വൈദികനാണ്."

"ഈ പള്ളിയിലെയാണോ?" "അല്ല ....വേറെ സ്ഥലത്തേയാണ്. ഇന്ന് കച്ചവടം വല്ലതും നടന്നോ?" "ഇല്ലച്ചോ. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇന്നാണ് വന്നത്....."

"ചേച്ചിയുടെ പേര് എന്താ?" "സുധ" "സുധ ചേച്ചി ഞാനിതുവരെ ലോട്ടറി എടുത്തിട്ടില്ല. ഇന്നത്തെ കൈനീട്ടം എന്റെ വകയാകട്ടെ." കാഴ്ചയില്ലാത്ത നയനങ്ങൾ ഇറുക്കിയടച്ച് അവർ പ്രാർത്ഥിച്ചു. ഒരു ടിക്കറ്റ് എനിക്ക് നൽകി.40 രൂപയുടെ കാരുണ്യ ലോട്ടറി.ഒരു ടിക്കറ്റു കൂടെ വാങ്ങി ദൈവാനുഗ്രഹം നേർന്നു കൊണ്ട് ഞാൻ യാത്രയാകുമ്പോൾ ആ സ്ത്രീ നന്ദിയോടെ കരങ്ങൾ കൂപ്പി പുഞ്ചിരിച്ചു.

വീട്ടിൽ വന്ന് നടന്ന സംഭവം വിവരിച്ച് ടിക്കറ്റുകൾ അപ്പച്ചനെ എൽപ്പിച്ചു.കർത്താവിന്റെ വാക്കുകൾ എന്റെ മനസിൽ തെളിഞ്ഞു:"പിതാവില്‍നിന്നു വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല"(യോഹന്നാന്‍ 6 : 65).

വഴിവക്കിൽ തപ്പിത്തടഞ്ഞ് നിൽക്കുന്ന ക്രിസ്തുവിന്റെ രൂപത്തെ മറികടന്നുപോയിട്ടും തിരിച്ച് എന്നെ അവിടെ എത്തിച്ചത് ദൈവീക ചൈതന്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു. ഒരു പക്ഷേ ആ ദൈവസ്വരത്തെ ഞാൻ മറികടന്നെങ്കിൽ ലഭിക്കാവുന്ന വലിയ കൃപ എനിക്ക് കൈമോശം വരുമായിരുന്നു.

ഇന്നിത് എഴുതിയത് ആത്മപ്രശംസയ്ക്കു വേണ്ടിയാണെന്ന് കരുതരുത്. എന്നെയും നിങ്ങളെയും നിരന്തരം പ്രചോദിപ്പിക്കുന്ന ദൈവീക ഇടപെടലുകളെ എത്രയോ തവണ നമ്മൾ അവഗണിച്ചിരിക്കുന്നു.

നമ്മുടെ യാത്രകളിൽ വഴിയോരത്തും വഴിക്കവലകളിലുമെല്ലാം ദൈവം പതിയിരിപ്പുണ്ട്. അവിടുത്തെ തിരിച്ചറിഞ്ഞിട്ടും അടുത്തു ചെല്ലാൻ കഴിയാത്തത് നമ്മിലെ തിന്മയുടെ ആധിക്യമാണെന്ന് തിരിച്ചറിയാം.
പിതാവിന്റെ ആകർഷണത്തിനായ് പ്രാർത്ഥിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.