തീവ്രവാദ രാജ്യങ്ങള്‍ക്ക് അഫ്ഗാന്‍ ഒരു പാഠം; സര്‍ക്കാരിന്റെ ദൗര്‍ബല്യവും അടിസ്ഥാന സൗകര്യക്കുറവും മരണ സംഖ്യ ഉയര്‍ത്തുന്നു

തീവ്രവാദ രാജ്യങ്ങള്‍ക്ക് അഫ്ഗാന്‍ ഒരു പാഠം; സര്‍ക്കാരിന്റെ ദൗര്‍ബല്യവും അടിസ്ഥാന സൗകര്യക്കുറവും മരണ സംഖ്യ ഉയര്‍ത്തുന്നു

കാബൂള്‍: സമീപകാല ലോകം കണ്ട ഏറ്റവും വലിയ ഭൂകമ്പം സൃഷ്ടിച്ച അത്യാഹിതത്തിനു മുന്നില്‍ അന്താളിച്ചു നില്‍ക്കുകയാണ് താലിബാന്‍ സര്‍ക്കാരും അഫിഗാനിലെ ജനങ്ങളും. ഇത്തരമൊരു അപകടത്തെ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോയിട്ട് സാങ്കേതിക പരിജ്ഞാനം പോലുമില്ലാത്ത സര്‍ക്കാരിന്റെ ദൗര്‍ബല്യം അഫ്ഗാന്‍ ജനതയും ലോകവും ഇതിനോടകം മനസിലാക്കി കഴിഞ്ഞു. സര്‍ക്കാര്‍ പരാജയപ്പെട്ട് നില്‍ക്കുമ്പോള്‍ നൂറു കണക്കിന് സാധാരണ ജനങ്ങള്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചു വീഴുകയാണ്.

അഫ്ഗാന്‍ ഭരണം താലിബാന്‍ ഏറ്റെടുക്കുന്നതിന് മുന്‍പു തന്നെ രാജ്യത്തെ വലിയ പട്ടണങ്ങളും നഗരങ്ങളും പോലും പ്രകൃതിദുരന്തങ്ങളോട് പ്രതികരിക്കാനുള്ള ശേഷി പരിമിതമായിരുന്നു. ആശുപത്രികളിലാകട്ടെ വേദനസംഹാരികള്‍ക്കും ആന്റിബയോട്ടിക്കുകള്‍ക്കും കടുത്ത ക്ഷാമമുണ്ടായിരുന്നു. ആവശ്യത്തിന് ആരോഗ്യ പരിപാലകര്‍ ഇല്ലാത്ത ഗുരുതര അവസ്ഥയും.



അടിയന്തിര സാഹചര്യത്തെ നേരിടാനുള്ള അടിസ്ഥാന സൗകര്യമില്ല എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ പരിമിതമായ സൗകര്യങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ക്ലീനിക്കുകളെ ഭൂകമ്പം ബാധിച്ചതാണ് വലിയ തിരിച്ചടിയായത്. ആശുപത്രിക്കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയും ആശുപത്രി ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഈ അവസ്ഥയിലാണ് ഉള്‍ക്കൊള്ളാനാവുന്നതിലും അഞ്ചും പത്തും ഇരട്ടി ആളുകളെ ഗുരുതര പരിക്കുകളുമായി ഇവിടേക്ക് കൊണ്ടുവരുന്നത്.

കിടത്തി ചികിത്സിക്കാന്‍ സൗകര്യപ്രദമായ കിടക്കപോലും ഇല്ലാത്ത ക്ലീനിക്കുകളില്‍ എങ്ങനെ മെച്ചപ്പെട്ട ചികിത്സ നല്‍കാനാകും.? പത്ത് കിടക്കകള്‍ മാത്രമുള്ള ക്ലിനിക്കുകളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണം നൂറിനും മുകളിലാണ്. ഡോക്ടര്‍മാരാകട്ടെ രണ്ടും മുന്നും പേര്‍ മാത്രം. മതിയായ സൗകര്യമില്ലാത്തതും യഥാസമയം ചികിത്സ ലഭിക്കാത്തതുമാണ് മരണ സംഖ്യ ഇത്രയും കൂടാനുള്ള ഒരു കാരണം. ഗ്യാനിലെ ഒരു ചെറിയ ക്ലിനിക്കില്‍ ചികിത്സ തേടിയ 500 രോഗികളില്‍ 200 പേര്‍ ഇതിനോടകം മരിച്ചു.



താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം നിരവധി അന്താരാഷ്ട്ര സഹായ ഏജന്‍സികള്‍ രാജ്യം വിട്ടത് തിരിച്ചടിയായി. ഇതോടെ മെഡിക്കല്‍ മേഖലയില്‍ കടുത്ത ക്ഷാമം നേരിട്ട സമയത്താണ് ഭുകമ്പം ഉണ്ടായത്. താലിബാന്റെ ആക്ടിംഗ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഗ്യാനില്‍ പര്യടനം നടത്തിയപ്പോള്‍ ആളുകള്‍ അദ്ദേഹത്തോട് ആക്രോശിക്കുകയും മടങ്ങിപ്പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത്തരമൊരു ദുരന്തം നേരിടാന്‍ താലിബാന്‍ പ്രാപ്തമല്ലെന്നും അതിനുതകുന്ന സംവിധാനങ്ങള്‍ സര്‍ക്കാരില്ലെന്നുമുള്ള സത്യം സാധാരണ ജനങ്ങള്‍ പോലും മനസിലാക്കി തുടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.