വിമത ക്യാമ്പിലെ 20 എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്; ഫലം കാണുമോ അനുനയ നീക്കങ്ങള്‍

വിമത ക്യാമ്പിലെ 20 എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്; ഫലം കാണുമോ അനുനയ നീക്കങ്ങള്‍

മുംബൈ: വിമത ക്യാമ്പിലെ 20 എംഎല്‍എമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. ശിവസേന ബി.ജെ.പിയുമായി ലയിക്കുന്നതില്‍ വിമതരില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ട്. ഇവരാണ് ഉദ്ധവ് പക്ഷത്തേക്ക് മടങ്ങാനൊരുങ്ങുന്നത്. ശിവസേന നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഗുവാഹതിയിലെ ഹോട്ടലിലാണ് വിമതര്‍ ഉള്ളത്.

പ്രഹാര്‍ ജനശക്തി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണമെന്നും ഷിന്‍ഡെക്ക് ആശയമുണ്ട്. പ്രഹാര്‍ ജനശക്തി പാര്‍ട്ടി നേതാവും മന്ത്രിയുമായ ബചചു കാഡുവും വിമത ക്യാമ്പിലുണ്ട്. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കിയ ഷിന്‍ഡെയ്ക്കും വിമതര്‍ക്കുമെതിരെ നടപടിയെടുക്കാനുള്ള നീക്കം ശിവസേന ഊര്‍ജിതമാക്കി.

പാര്‍ട്ടി ചിഹ്നത്തിന് അവകാശവാദമുയര്‍ത്തിയ ഷിന്‍ഡെയുടെ നീക്കത്തെ മറികടക്കാന്‍ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിനു കഴിഞ്ഞു. എത്ര കാലം ഗുവാഹത്തിയിലെ ക്യാമ്പില്‍ വിമതര്‍ക്ക് ഒളിച്ചിരിക്കാനാവുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവുത് ചോദിച്ചിരുന്നു. ഏതുവിധേനയും ഷിന്‍ഡെയ്ക്കൊപ്പമുള്ള വിമത എം.എല്‍.എമാരുടെ മനസു മാറ്റി ഭരണം നിലനിര്‍ത്തുകയാണ് ഉദ്ധവിന്റെയും ശിവസേനയുടെയും ലക്ഷ്യം.

അയോഗ്യരാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷിന്‍ഡെയടക്കം 16 ശിവസേനാ വിമത എം.എല്‍.എമാര്‍ക്കു നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടിസ് അയച്ചതോടെ മഹാരാഷ്ട്രയില്‍ കൂറുമാറ്റം നിയമപോരാട്ടത്തിലേക്കും നീങ്ങുകയാണ്.

പാര്‍ട്ടിയില്‍ ഭൂരിപക്ഷം പരുങ്ങലിലാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോഴും ഉദ്ധവ് താക്കറെയ്ക്കാണ് കൂടുതല്‍ സ്വീകാര്യത. ഏക്നാഥ് ഷിന്‍ഡെയെ പിന്തുണയ്ക്കുന്ന വിമത എംഎല്‍എമാര്‍ക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ വിവിധ പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

വിമത എംഎല്‍എമാരുടെ ചിത്രത്തില്‍ ചെരുപ്പിനടിക്കുന്ന പ്രതിഷേധമാണ് ഒന്ന്. പൂനെയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനിടെ കല്യാണില്‍ ഏക്നാഥ് ഷിന്‍ഡെയുടെ ഓഫീസിന് വലിയ സുരക്ഷ തന്നെ ഏര്‍പ്പെടുത്തി. ഏക്നാഥിന്റെ മകനും പാര്‍ലമെന്റ് അംഗവുമായ ശ്രീകാന്ത് ഷിന്‍ഡെയുടെ ഓഫീസ് കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ടിരുന്നു.

വിമത എംഎല്‍എമാര്‍ക്കെതിരെ മുംബയില്‍ ശിവസേന പ്രതിഷേധ ബൈക്ക് റാലി നടത്തി. അതിനിടെ ശിവസേനയുടെ സഭയിലെ നേതാവിനെ മാറ്റിയ ഉദ്ധവ് താക്കറെയുടെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഷിന്‍ഡെ ക്യാമ്പ്.

അതേസമയം പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശിവസേനയിലെ എംഎല്‍എമാരെ മെരുക്കാന്‍ പുതിയ ഓപ്പറേഷന് ശിവസേന തുടക്കം കുറിച്ചു. വിമതരുടെ ഭാര്യമാരെ നേരില്‍ കണ്ട് കാര്യങ്ങള്‍ മനസിലാക്കി അവരുടെ ഭര്‍ത്താക്കന്മാരോട് സംസാരിക്കാന്‍ ആവശ്യപ്പെടാനാണ് തീരുമാനം. ഇതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ കളത്തിലിറങ്ങി.

നിലവില്‍ ഗുവാഹത്തിയിലെ ആഢംബര ഹോട്ടലില്‍ താമസിക്കുന്ന വിമതരെ തിരികെ സംസ്ഥാനത്ത് എത്തിച്ചാല്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താമെന്നാണ് പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നത്.

മഹാരാഷ്ട്ര നിയമസഭയുടെ ആകെ അംഗബലമായ 287 ല്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 144 പേരുടെ പിന്തുണ ആവശ്യമാണ്. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവയുടെ ഭരണസഖ്യത്തിന് 169 സീറ്റുകളാണുണ്ടായിരുന്നത്. എന്നാല്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ രാജിവച്ചാല്‍ സര്‍ക്കാരിന് താഴെ ഇറങ്ങേണ്ടി വരും.

അതിനാലാണ് ഏതുവിധേനയും ഷിന്‍ഡെയ്ക്കൊപ്പമുള്ള വിമത എംഎല്‍എമാരുടെ മനസു മാറ്റി ഭരണം നിലനിര്‍ത്താന്‍ ശിവസേന പുത്തന്‍ അടവ് പുറത്തെടുത്തത്. ഉദ്ധവ് താക്കറെ ഗുവാഹത്തിയിലെ ക്യാംപിലുള്ള ചില വിമത എംഎല്‍എമാര്‍ക്ക് വ്യക്തിപരമായ നിലയില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.