അഖിലേഷിന് നഷ്ടമായത് സ്വന്തം മണ്ഡലവും വിശ്വസ്തന്റെ കോട്ടയും; കോണ്‍ഗ്രസിനും എഎപിക്കും തിരിച്ചടി, നേട്ടമുണ്ടാക്കി യോഗിയും ബിജെപിയും

അഖിലേഷിന് നഷ്ടമായത് സ്വന്തം മണ്ഡലവും വിശ്വസ്തന്റെ കോട്ടയും; കോണ്‍ഗ്രസിനും എഎപിക്കും തിരിച്ചടി, നേട്ടമുണ്ടാക്കി യോഗിയും ബിജെപിയും

ന്യൂഡല്‍ഹി: മൂന്നു ലോക്‌സഭ മണ്ഡലങ്ങളിലേക്കും ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊക്കെ തിരിച്ചടി നേരിട്ടപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിക്ക് കൈയിലിരുന്ന രണ്ട് ലോക്‌സഭ മണ്ഡലങ്ങളാണ് കൈവിട്ടു പോയത്. എസ്പിയുടെ അസംഗഡ്, റാംപൂര്‍ മണ്ഡലങ്ങളാണ് ബിജെപി സ്വന്തമാക്കിയത്.

മൂന്നു മാസം മുമ്പ് പഞ്ചാബില്‍ വിസ്മയം തീര്‍ത്ത എഎപിക്കും കനത്ത തിരിച്ചടി വോട്ടര്‍മാര്‍ നല്‍കി. നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന ത്രിപുരയില്‍ നാലില്‍ മൂന്നിലും ബിജെപി ജയിച്ചു കയറി. ഒരു സീറ്റ് തിരിച്ചു പിടിച്ച് കോണ്‍ഗ്രസും കരുത്തുകാട്ടി. ജാര്‍ഖണ്ഡിലെ മന്ധറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചു. ആന്ധ്രപ്രദേശില്‍ മന്ത്രി മരിച്ചപ്പോള്‍ ഒഴിവുവന്ന സീറ്റ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി.

കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. മൂന്നില്‍ ഒരു ലോക്‌സഭ മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മല്‍സരിച്ചത്. പഞ്ചാബിലെ സാംഗ്രൂറിലായിരുന്നു അത്. അവിടെ 78,000 വോട്ട് മാത്രം നേടി മൂന്നാം സ്ഥാനം മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്.

ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു പഞ്ചാബിലെ ഈ മണ്ഡലം. എഎപിയുടെ ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയായപ്പോള്‍ രാജിവച്ച ഈ മണ്ഡലം ആംആദ്മി പാര്‍ട്ടിക്ക് നഷ്ടമായത് അവര്‍ക്ക് വലിയ തിരിച്ചടിയുമായി.

ഉത്തര്‍പ്രദേശില്‍ മുലായം സിംഗിന്റെ കാലം മുതലേ എസ്പിയുടെ കോട്ടയായ രണ്ടു മണ്ഡലങ്ങളിലും ജയിക്കാനായത് ബിജെപിക്ക് വലിയ നേട്ടമായി. യോഗി ആദിത്യനാഥിന്റെ ഭരണത്തിനുള്ള വിലയിരുത്തലായി ബിജെപി ഈ നേട്ടത്തെ എടുത്തുകാട്ടി. അസംഖാനും അഖിലേഷ് യാദവും എംഎല്‍എമാരായതോടെ രാജിവച്ച മണ്ഡലങ്ങളിലാണ് ബിജെപി വെന്നിക്കൊടി ചൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.