കുടുംബ ജൂബിലി ആഘോഷം 2025 ല്‍; സഭയുടെ കരുത്തറിയിച്ച് 10-ാമത് സംഗമം റോമില്‍ സമാപിച്ചു

കുടുംബ ജൂബിലി ആഘോഷം 2025 ല്‍; സഭയുടെ കരുത്തറിയിച്ച് 10-ാമത് സംഗമം റോമില്‍ സമാപിച്ചു

റോം: കത്തോലിക്ക സഭയുടെ ജൂബിലി വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബങ്ങളുടെ ജൂബിലി ആഘോഷം 2025 ല്‍ നടക്കും. 10-ാമത് ലോക കുടുംബ സംഗമത്തിന്റെ സമാപനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നത്. റോമില്‍ വിപുലമായ പരിപാടികളോടെയാണ് കുടുംബ ജൂബിലി ആഘോഷങ്ങള്‍ നടക്കുക. തുടര്‍ന്ന് 2028 ല്‍ 11-ാമത് ലോക കുടുംബ സംഗമം നടക്കുമെന്നും കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ പ്രഖ്യാപിച്ചു.

കുടുംബങ്ങളുടെ ആദ്യ ലോക സമ്മേളനം 1994 ല്‍ റോമില്‍ നടന്ന ശേഷം മൂന്ന് വര്‍ഷം കൂടുമ്പോഴാണ് സാധാരണയായി കുടുംബ സംഗമം നടക്കുന്നത്. ഞായറാഴ്ച്ച റോമില്‍ സമാപിച്ച 10-ാമത് ലോക കുടുംബ സംഗമത്തിന് ശേഷം 2025 ലാണ് അടുത്ത സംഗമം നടക്കേണ്ടത്. എന്നാല്‍ ആ വര്‍ഷം സഭയുടെ ജൂബിലിയും അതിനോടനുബന്ധിച്ച് കുടുംബങ്ങളുടെ ജൂബിലിയും നടക്കുന്നതിനാലാണ് 11-ാമത് ലോക കുടുംബ സംഗമം 2028 ലേക്ക് നീട്ടിയത്.



അഞ്ചു ദിവസമായി റോമില്‍ നടന്നുവന്ന ലോകമെമ്പാടുമുള്ള കത്തോലിക്കാ കുടുംബങ്ങളുടെ കുടുംബ സംഗമം ഞായറാഴ്ച്ച കുര്‍ബാനയോടെ സമാപിച്ചു. സമാപന സമ്മേളനത്തില്‍ കുടുംബത്തിനും അല്‍മായര്‍ക്കുമുള്ള കത്തോലിക്ക സഭയുടെ പുതിയ മാര്‍ഗരേഖയും പ്രകാശനം ചെയ്തു.

പത്താമത് സംഗമം 2021 ല്‍ നടത്താന്‍ തീരുമാനിച്ചതാണെങ്കിലും കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ സംഗമത്തില്‍ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.