ന്യൂഡല്‍ഹി: ശിവസേന വിമത എംഎല്‍എമാര്‍ക്കു ഡപ്യൂട്ടി സ്പീക്കര്‍ അയച്ച അയോഗ്യത നോട്ടിസിനു മറുപടി നല്‍കാന്‍ ജൂലൈ 12 വരെ സാവകാശം അനുവദിച്ച് സുപ്രീം കോടതി. അയോഗ്യരാക്കാതിരിക്കാന്‍ ഇന്നു വൈകുന്നേരത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് ഡപ്യൂട്ടി സ്പീക്കര്‍ നോട്ടിസ് നല്‍കിയിരുന്നത്. ഇതിനാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സമയം നീട്ടി നല്‍കിയത്.
വിമതപക്ഷത്തെ 16 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ വിമതനേതാവ് ഏക്‌നാഥ് ഷിന്‍ഡെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കര്‍ക്കും ശിവസേന കക്ഷി നേതാക്കള്‍ക്കും സുപ്രീം കോടതി നോട്ടിസ് അയച്ചു. 
ഡപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സീതാറാം സിര്‍വാളിനും ശിവസേനാ നിയമസഭാ കക്ഷി നേതാവ് അജയ് ചൗധരി, ചീഫ് വിപ് സുനില്‍ പ്രഭു എന്നിവര്‍ക്കാണ് നോട്ടിസ്. കേന്ദ്ര സര്‍ക്കാരിനും നോട്ടിസ് നല്‍കി. അഞ്ച് ദിവസത്തിനകം എതിര്‍ സത്യവാങ്മൂലം നല്‍കണം. ജൂലൈ 11നു കേസ് വീണ്ടും പരിഗണിക്കും. 
നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് ഷിന്‍ഡെയെ മാറ്റി ഉദ്ധവ് പക്ഷത്തെ അജയ് ചൗധരിയെ നിയമിച്ചതും ഡപ്യൂട്ടി സ്പീക്കറിനെതിരായ അവിശ്വാസ പ്രമേയം തള്ളിയതും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. ഡപ്യൂട്ടി സ്പീക്കറെ നീക്കുന്നതില്‍ തീരുമാനമാകുന്നതുവരെ എംഎല്‍എമാര്‍ക്കെതിരെ നടപടി പാടില്ലെന്നായിരുന്നു ആവശ്യം. ഹര്‍ജിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വാദം ആരംഭിച്ചത്. 
എന്തുകൊണ്ടാണ് ഹൈക്കോടതിയെ ആദ്യം സമീപിക്കാത്തതെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. സര്‍ക്കാര്‍ സംവിധാനത്തെ ഭരണകക്ഷിയിലെ ന്യൂനപക്ഷ വിഭാഗം അട്ടിമറിച്ചിരിക്കുകയാണെന്നും നിയമ നടപടികള്‍ നടക്കുന്നതില്‍ സംസ്ഥാനത്ത് അനുകൂല അന്തരീക്ഷമല്ലെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ കോടതിയില്‍ വ്യക്തമാക്കി.
വിമത എംഎല്‍എമാരുടെ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് മറ്റൊരു ഹര്‍ജിയും ഏക്‌നാഥ് ഷിന്‍ഡെ സൂപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ശിവസേന എംപി സഞ്ജയ് റാവുത്തിന്റെ പരാമര്‍ശം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. വിമത എംഎല്‍എമാര്‍ ജീവിച്ചിരിക്കുന്ന ശവങ്ങളെപ്പോലെയാണെന്നു സഞ്ജയ് റാവുത്ത് ഞായറാഴ്ച പറഞ്ഞിരുന്നു. 
എന്തുകൊണ്ടാണ് ആദ്യം ഹൈക്കോടതിയെ സമീപിക്കാത്തത് എന്നതിന് വിമതപക്ഷത്തിനു കാരണം ബോധിപ്പിക്കാനായില്ലെന്നു ശിവസേനയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് സിങ്വി കോടതിയില്‍ പറഞ്ഞു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.