അനുദിന വിശുദ്ധര്‍ - ജൂണ്‍ 28
ഏഷ്യാ മൈനറില്‍ ജനിച്ച ഒരു യവനനാണ് ഇരണേവൂസ്. 120 ലായിരുന്നു ജനനം. സ്മിര്‍ണായിലെ ബിഷപ്പായിരുന്ന വിശുദ്ധ പോളിക്കാര്‍പ്പിന്റെ കീഴിലായിരുന്നു വിദ്യാഭ്യാസം.  ഇതുമൂലം അദ്ദേഹം ദൈവശാസ്ത്രത്തില്‍ അതുല്യമായ പാണ്ഡിത്യം നേടി.
തന്റെ ഗുരുവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നന്മയും അദ്ദേഹം സസൂക്ഷ്മം നിരീക്ഷിക്കുകയും അവ തന്റെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തു. അക്കാലത്ത് നിലനിന്ന മതവിരുദ്ധ വാദങ്ങളെ നേരിടുന്നതിനായി അദ്ദേഹം വിജാതീയ തത്വചിന്തകരുടെ പൊള്ളയായ ആശയങ്ങള്‍ മനസിലാക്കുകയും അവയിലെ മുഴുവന്‍ തെറ്റുകളും അതിന്റെ ഉത്ഭവം മുതല്‍ കണ്ടുപിടിക്കുവാനുള്ള കഴിവ് നേടുകയും ചെയ്തു.
തന്റെ രചനകള്‍ വഴി ടെര്‍ടൂല്ലിയന്‍, തിയോഡോറെറ്റ്, വിശുദ്ധ എപ്പിഫാനൂസ് തുടങ്ങിയ മഹാരഥന്‍മാരുമായി വിശുദ്ധന് അടുത്ത ബന്ധമുണ്ടായിരുന്നു. 'അന്ധകാരത്തില്‍ പ്രകാശം പരത്തിയ സത്യത്തിന്റെ തീപന്തം' എന്നായിരുന്നു വിശുദ്ധ എപ്പിഫാനൂസ് ഇരണേവൂസിനെ വിശേഷിപ്പിച്ചിരുന്നത്.
പൗരോഹിത്യം സ്വീകരിച്ച ശേഷം ഇരണേവൂസ് ഗോളിലെ ഒരു പ്രധാന കേന്ദ്രമായ ലിയോണ്‍സിലേക്ക് പോയി. അവിടെ മെത്രാനായിരുന്ന വിശുദ്ധ പൊത്തിനൂസിനെ സഹായിക്കുകയായിരുന്നു ദൗത്യം.  അപ്പോള്‍ മാത്രം വേരുറപ്പിച്ചു തുടങ്ങിയ ക്രിസ്തീയതയെ തുരത്തുക എന്ന ലക്ഷ്യത്തോടു കൂടി ഏഷ്യാ മൈനറിലെ നിരവധി മതവിരുദ്ധ വാദികള്‍ ഗോളില്‍ കുടിയേറിയ കാലമായിരുന്നു അത്.
177 ല്‍ വിശുദ്ധ പൊത്തിനൂസ് രക്തസാക്ഷിയായതിനെ തുടര്‍ന്ന്  ഇരണേവൂസ് ലിയോണ്‍സിലെ രണ്ടാമത്തെ മെത്രാനായി അഭിഷിക്തനായി. സഭയുടെ ഈ മഹാനായ പണ്ഡിതന്‍ നിരവധി പ്രാധാനപ്പെട്ട രചനകളുടെ ഉടമയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിശ്വാസത്തെ വിശദീകരിച്ചുകൊണ്ട് മതവിരുദ്ധവാദത്തിനെതിരായിട്ടുള്ള  രചനയാണ്. 
തന്റെ പ്രബോധനങ്ങളാല്‍ വിശുദ്ധ ഇരണേവൂസ് കുറച്ച് നാളുകള്‍ക്കുള്ളില്‍ ഏതാണ്ട് മുഴുവന്‍ രാജ്യത്തെയും ക്രിസ്തീയ വിശ്വാസത്തിലേക്ക് മത പരിവര്‍ത്തനം ചെയ്തു. ലിയോണ്‍സിലെ ക്രിസ്ത്യാനികള്‍ അവരുടെ അത്യാഗ്രഹം  ഉപേക്ഷിക്കുകയും ദാരിദ്ര്യത്തിലും വിശുദ്ധിയിലും ക്ഷമയിലും അവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും ചെയ്തു. 
അപ്പസ്‌തോലനായിരുന്ന യോഹന്നാന്റെ ശിക്ഷ്യനും തന്റെ ഗുരുവുമായിരുന്ന വിശുദ്ധ പോളികാര്‍പ്പിനെ അനുകരിക്കുന്നത് ഇരണേവൂസ് തുടര്‍ന്ന് കൊണ്ടിരുന്നു. വിശുദ്ധന്റെ കീഴില്‍ ലിയോണ്‍സിലെ സഭ വളരെയേറെ പുരോഗതി പ്രാപിച്ചു. 202 നിരവധി വിശ്വാസികള്‍ക്കൊപ്പം  ഇരണേവൂസ് രക്തസാക്ഷിത്വം വരിച്ചു. 
ഇന്നത്തെ ഇതര വിശുദ്ധര്‍
1. സ്‌കോട്ടിലെ അലാനൂസ്
2. യുട്രെക്ടിലെ ബെനിഞ്ഞൂസ്
3. പ്രൂംട്രെവെസിലെ എജിലോ
4. ജര്‍മ്മനിയിലെ ഹെയിമാര്‍ഡ് 
5. വിശുദ്ധ പാട്രിക്കിന്റെ ശിഷ്യനായ ക്രൂമ്മിനെ.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.