സാമൂഹിക പ്രതിസന്ധികള്‍ വര്‍ധിക്കുന്നു; കത്തോലിക്കാ രൂപതകള്‍ സംസ്ഥാന വ്യാപകമായി ജാഗ്രത സമിതികള്‍ രൂപീകരിക്കും

സാമൂഹിക പ്രതിസന്ധികള്‍ വര്‍ധിക്കുന്നു; കത്തോലിക്കാ രൂപതകള്‍ സംസ്ഥാന വ്യാപകമായി ജാഗ്രത സമിതികള്‍ രൂപീകരിക്കും

കൊച്ചി: കേരള കത്തോലിക്കാ രൂപതകള്‍ സംസ്ഥാന വ്യാപകമായി ജാഗ്രത സമിതികള്‍ രൂപീകരിക്കും. വര്‍ധിച്ചു വരുന്ന സാമൂഹിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്റെ നേതൃത്വത്തില്‍ എല്ലാ രൂപതകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാനുമാണ് തീരുമാനം.

ഇടപെടലുകള്‍ ഉറപ്പാക്കാനും 2022 ജൂണ്‍ 7,8,9 തീയതികളില്‍ സമ്മേളിച്ച കെസിബിസി സമ്മേളനം തീരുമാനിച്ചിരുന്നു. അഞ്ച് പേര്‍ അടങ്ങുന്ന ഒരു ജാഗ്രതാ കമ്മിറ്റിയായിരിക്കും രൂപത തലത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. കേരളത്തിലെ 32 രൂപതകളില്‍ നിന്നുമുള്ള ജാഗ്രത സമിതി പ്രതിനിധികളുടെ ആദ്യ യോഗം ജൂലൈ 29-30 തീയതികളില്‍ കെസിബിസി ആസ്ഥാനമായ പി ഒ സിയില്‍ ചേരുമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ മൈക്കിള്‍ പുളിക്കല്‍ അറിയിച്ചു.

സാമൂഹിക ഐക്യം സംബന്ധിച്ചുള്ള കത്തോലിക്കാ സഭയുടെ നിലപാടുകളും നയങ്ങളും ശരിയായി അവതരിപ്പിക്കാനും നടപ്പിലാക്കാനും, സഭ നേരിടുന്ന വിവിധ പ്രതിസന്ധികളെ കുറിച്ച് നിരീക്ഷണങ്ങളും പഠനങ്ങളും നടത്താനും, സഭയ്‌ക്കെതിരായുള്ള ആസൂത്രിതമായ അപവാദ പ്രചാരണങ്ങളെയും അധിനിവേശ ശ്രമങ്ങളെയും പ്രതിരോധിക്കാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജാഗ്രത സമിതികള്‍ നേതൃത്വം നല്‍കുക.

രൂപതാ തലത്തിലുള്ള ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ഇടവക-ഫൊറോന തലങ്ങളില്‍ ജാഗ്രത കൂട്ടായ്മകള്‍ രൂപീകരിക്കുന്നത് വഴിയായി സമീപകാലത്ത് വര്‍ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം, വര്‍ഗീയ ധ്രുവീകരണം മുതലായ വിഷയങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ ഉറപ്പുവരുത്തുക എന്നതാണ് കേരള കത്തോലിക്കാ സഭാ നേതൃത്വം ലക്ഷ്യമാക്കുന്നതെന്നും ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

ഇത്തരം വിഷയങ്ങളില്‍ സമയ ബന്ധിതവും വ്യക്തവുമായ പ്രതികരണങ്ങള്‍ ഈ നാളുകളില്‍ കെസിബിസി ജാഗ്രത കമ്മീഷന്‍ നടത്തി വന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി കൂടുതല്‍ ഫലപ്രദമായ ഇടപെടലുകള്‍ സമൂഹത്തില്‍ നടത്താന്‍ ജാഗ്രതാ സമിതികളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.