'ഏത് പ്രായക്കാർക്കും ആസ്വാദ്യകരമായ സിനിമ' എന്ന് ഒറ്റവാക്കിൽ പറയാവുന്ന ഒരു സിനിമ. ആദ്യമായാണ് റിലീസിംഗ് ദിവസത്തിൽ തന്നെ ഒരു സിനിമ പോയി കാണുന്നത്. ഈശോയുടെ ജീവിതവുമായി ബന്ധമുള്ള സിനിമയാണെന്ന് പറഞ്ഞു കേട്ടതിന്റെ അടിസ്ഥാനത്തിലാണ് ആദ്യദിനം തന്നെ സിനിമയ്ക്ക് എസ് എം വൈ എം ഡയറക്ടറുടെയും സുഹൃത്തുക്കളുടെയും കൂടെ പോയി പന്ത്രണ്ട് എന്ന സിനിമ കണ്ടത്. ഞാൻ ഉൾപ്പടെ എല്ലാവരും അല്പമെങ്കിലും ബോർ അടിക്കുമെന്ന മുൻവിധിയോടെ ആണ് സിനിമയ്ക്ക് കയറിയത്. സിനിമ തുടങ്ങിയപ്പോൾ 'ഉറങ്ങിക്കോ, സിനിമ കഴിഞ്ഞ് വിളിക്കാം' എന്ന് വരെ പറഞ്ഞവർ ഉണ്ടായിരുന്നു. അന്ന് തിയേറ്ററിൽ ഉണ്ടായിരുന്ന എല്ലാവരും കണ്ണിമ വെട്ടാതെ ഫിലിം മുഴുവനും കണ്ടെന്നു നൂറു ശതമാനം എനിക്ക് ഉറപ്പാണ്.
അടുത്തിടെ ഇറങ്ങിയ വരയൻ എന്ന സിനിമ കാണാൻ പോകുമ്പോഴും ഇതു പോലെ ഒരു മുൻവിധി ഉണ്ടായിരുന്നു. അത് മാറിമറിഞ്ഞ പോലെ ഇതിലും സംഭവിച്ചു. ഡയറക്ടറും തിരക്കഥാകൃത്തുമായ ലിയോ തദ്ദേവൂസ് എടുത്ത് പറയേണ്ട വ്യക്തിത്വമാണ്. വളരെ ഭംഗിയായാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ക്ളീഷേ സിനിമ അല്ല ഇത്. ബൈബിൾ മനപാഠം ചെയ്‌തവർക്കും ഈ സിനിമയുടെ കഥ ഊഹിക്കാൻ പറ്റില്ല. പക്ഷേ ഓരോ സീനും കഴിയുമ്പോൾ ഉറപ്പായും ഓരോരുത്തരും ആ മുപ്പത്തിമൂന്നുകാരനെ ഓർക്കും എന്നതിൽ സംശയമില്ല. ഓരോ പ്രേക്ഷകന്റെയും മനസ്സിന് കുളിർമയേകുന്ന നല്ലൊരു സിനിമയായിരിക്കും ഇത്. ഏതൊരു ഇന്ത്യൻ പൗരനും സന്തോഷം നൽകുന്ന സിനിമയാണിത്.
ഇതിലെ അഭിനേതാക്കൾ ഓരോരുത്തരും ജീവിക്കുന്നത് പോലെ തോന്നി. ദേവ് മോഹനും ഷൈൻ ടോം ചാക്കോയും വിനായകനും ലാലും മറ്റ് കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇവരെ കോർത്തിണക്കി ഈ മനോഹര ചിത്രം സാധ്യമാക്കിയ പ്രൊഡ്യൂസർ വിക്ടർ അബ്രാഹത്തിനു ബിഗ് സല്യൂട്ട്. ഇതിലെ സ്റ്റണ്ട് സീനുകൾ എടുത്ത് പറയേണ്ടവയാണ്. യാഥാർത്ഥ്യത അനുഭവപ്പെടുന്ന സ്റ്റണ്ട് സീനുകളാണിതിൽ ഉള്ളത്. ആവശ്യത്തിന് തമാശകളും ഇതിൽ ഉണ്ട്. പിന്നെ എടുത്തു പറയേണ്ടത് ഇതിലെ ഗാനങ്ങളാണ്. അൽഫോൺസിന്റെ സംഗീത സംവിധാനവും ഗായകരുടെ ആലാപനവും ഈ സിനിമയ്ക്ക് മാറ്റ് കൂട്ടി. യൂട്യൂബിൽ ഇതിലെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കടൽ പശ്ചാത്തലത്തിൽ പല സിനിമകളും ഇറങ്ങിയിട്ടുണ്ടെങ്കിലും അവതരണശൈലി കൊണ്ട് ഏവരെയും ആകർഷിക്കുന്ന ഒരു സിനിമ കൂടിയാണ് പന്ത്രണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.