ജാലിസ്‌കോ: മെക്സിക്കോയിലെ ജാലിസ്‌കോ സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തെ സന്ദര്‍ശനത്തിനിടെ മയക്കുമരുന്ന് സംഘം തന്നെ അനധികൃതമായി തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയും വാഹനപരിശോധന നടത്തുകയും ചെയ്തതെന്ന ഗുരുതര വെളിപ്പെടുത്തലുമായി ഗ്വാഡലജാറ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഫ്രാന്‍സിസ്‌കോ റോബിള്‍സ് ഒര്‍ട്ടെഗ.
സംഭവത്തെ കുറിച്ച് കര്‍ദ്ദിനാള്‍ വിശദീകരിക്കുന്നത് ഇങ്ങനെ. ''കഴിഞ്ഞ ആഴ്ച്ചയായിരുന്നു സംഭവം. രണ്ട് ചെക്ക് പോസ്റ്റുകളിലായി ഒരു സംഘം തന്നെ തടഞ്ഞു നിര്‍ത്തി. പൊലീസോ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരോ ആയിരുന്നില്ല അവര്‍. മറിച്ച് മയക്കുമരുന്ന് കടത്ത് ഉള്‍പ്പടെയുള്ള സംഘടിത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്ന് അവരുടെ പെരുമാറ്റത്തില്‍ നിന്ന് മനസിലായി''-കര്‍ദിനാള്‍ ഒര്‍ട്ടെഗ പറഞ്ഞു.
''നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്, എങ്ങോട്ടാണ് പോകുന്നത്, എന്താണ് നിങ്ങളുടെ ഉദ്ദേശം, അവിടെ എന്താണ് ചെയ്യുന്നത്, തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ അവര്‍ പലരായി ഉന്നയിച്ചു. ഈ ചോദ്യങ്ങളുടെ ഉത്തരം അവരോട് പറയണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. ഭീഷണിയുടെ സ്വരമായിരുന്നു അവര്‍ക്ക്''-കര്‍ദിനാള്‍ പറഞ്ഞു.
''തികച്ചും അസാധാരണ സംഭവമായാണ് തനിക്ക് അനുഭവപ്പെട്ടത്. അവരോട് എതിര്‍ത്ത് സംസാരിക്കാന്‍ നിന്നിരുന്നെങ്കില്‍ ചിലപ്പോള്‍ ജീവനു വരെ അപായം ഉണ്ടാകുമായിരുന്നു. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് ഇവിടെ കാണുന്നത്. രാജ്യത്തെ ഓരോ പൗരനും ജീവഭയമില്ലാതെ സഞ്ചരിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരനാണ്. ആരെയെങ്കിലും വെടിവയ്ച്ച് കൊല്ലണമെന്നല്ല. എല്ലാ പൗരന്മാര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.'' കര്‍ദ്ദിനാള്‍ പറഞ്ഞു.
മുന്‍പ് സകാറ്റെക്കാസിലെ ബിഷപ്പ് സിജിഫ്രെഡോ നൊറിഗ ബാര്‍സെലോയെ ഇത്തരത്തില്‍ മയക്കുമരുന്നു സംഘം തടഞ്ഞുനിര്‍ത്തിയ സംഭവം കര്‍ദ്ദിനാല്‍ സൂചിപ്പിച്ചു. കഴിഞ്ഞിടെ ചിഹുവാഹുവ സംസ്ഥാനത്തെ ഒരു പള്ളിയില്‍ മയക്കുമരുന്ന് സംഘത്തില്‍പ്പെട്ട ആളുകള്‍ അതിക്രമിച്ചു കയറി രണ്ട് ജെസ്യൂട്ട് വൈദികരെയും മറ്റൊരാളെയും വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിലൂടെ വ്യക്തമാകുന്നത് മെക്‌സിക്കോയിലെ അക്രമാസക്തമായ അന്തരീക്ഷത്തെ ആണെന്നും കര്‍ദിനാള്‍ വിമര്‍ശിച്ചു.
മയക്കുമരുന്ന് സംഘങ്ങളുടെ ആക്രമണം അതിരൂക്ഷമായ രാജ്യങ്ങളിലൊന്നാണ് മെക്‌സികോ. അടുത്തിടെ ജാലിസ്‌കോ സംസ്ഥാനത്തെ എല്‍ സാള്‍ട്ടോയില്‍ മയക്കുമരുന്ന് സംഘവുമായി നടന്ന വെടിവയ്പ്പില്‍ നാല് പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. 2018 നും 2021 നും ഇടയിലാണ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും മയക്കുമരുന്ന് സംഘങ്ങളുടെ അതിക്രമങ്ങളും രാജ്യത്ത് ഉണ്ടായത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍ 26 വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം 12,847 ലധികം കൊലപാതകങ്ങളാണ് മെക്‌സിക്കോയില്‍ നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.