മെന്ററും വഴികാട്ടിയുമെന്ന് വെബ്‌സൈറ്റില്‍ വിശേഷണം: പിന്നീട് മാറ്റിയതെന്തിനെന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കുണ്ടോയെന്ന് കുഴല്‍നാടന്‍

മെന്ററും വഴികാട്ടിയുമെന്ന് വെബ്‌സൈറ്റില്‍ വിശേഷണം: പിന്നീട് മാറ്റിയതെന്തിനെന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കുണ്ടോയെന്ന് കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അത് മുഖ്യമന്ത്രി തെളിയിക്കണമെന്ന് ആവശ്യപ്പെട്ട കുഴല്‍നാടന്‍ വീണ വിജയന്റെ കമ്പനിയുടെ മെന്റര്‍ ആണ് ജെയ്ക് ബാലകുമാര്‍ എന്ന് വ്യക്തമാക്കുന്ന വിവരം വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത ഭാഗം വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ എക്‌സാലോജിക് എന്ന കമ്പനിയുടെ വെബ്‌സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് ഇത് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.

വീണാ വിജയന്‍ നടത്തുന്ന ഐടി കമ്പനി എക്‌സാലോജിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആളുകളില്‍ ഒന്നായി അവര്‍ തന്നെ അവകാശപ്പെട്ടിരുന്ന വ്യക്തിയാണ് ജെയ്ക് ബാലകുമാര്‍ എന്ന് വെബ്‌സൈറ്റില്‍ പറയുന്നു. ഇയാള്‍ ഒരു മെന്ററുടെ സ്ഥാനത്ത്, വഴികാട്ടിയായി നിന്ന് അദ്ദേഹത്തിന്റെ പരിഞ്ജാനം കൊണ്ട് ഞങ്ങളെ നയിക്കുന്ന വ്യക്തിയാണെന്നും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

107 തവണ വെബ്‌സൈറ്റ് അപ്‌ഡേഷന്‍ നടത്തിയിട്ടുണ്ട്. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ 2020 മേയില്‍ വെബ്‌സൈറ്റ് ഡൗണ്‍ ആവുകയും പിന്നീട് ജൂണ്‍ മാസത്തില്‍ ഇത് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ജെയ്ക് ബാലകുമാറിനേക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് വൈബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ഈ വിവരം മാറ്റിയതെന്തിനാണെന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കുണ്ടോയെന്നും കുഴല്‍നാടന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെക്കുറിച്ച് പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മകളുടെ സ്വകാര്യതകളെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.