ഷോപ്പിങ് മാളിലെ മിസൈല്‍ ആക്രമണത്തെ അപലപിച്ച് ഉക്രെയ്ന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്

ഷോപ്പിങ് മാളിലെ മിസൈല്‍ ആക്രമണത്തെ അപലപിച്ച് ഉക്രെയ്ന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്

കീവ്: ഉക്രെയ്‌നിലെ പോള്‍ട്ടാവയിലുള്ള ക്രെമന്‍ചുക് നഗരത്തിലെ ഷോപ്പിങ് മാളില്‍ നടന്ന റഷ്യന്‍ മിസൈല്‍ ആക്രമണത്തെ അപലപിച്ച് ഉക്രെയ്ന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്. സാധാരണ ജനജീവിതം അട്ടിമറിക്കാനുളള നീക്കമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂവെന്ന് ആര്‍ച്ച്ബിഷപ്പ് വിമര്‍ശിച്ചു.

''പതിറ്റാണ്ടുകള്‍ക്ക് ശേഷം യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ മിസൈല്‍ ആക്രമണമാണിത്. റഷ്യയ്‌ക്കോ അവരുടെ സൈന്യത്തിനോ യാതൊരു ഭീഷണിയും ഉയര്‍ത്താത്ത നിരപരാധികളായ ജനങ്ങളെയാണ് ആക്രമണത്തിലൂടെ കൊന്നൊടുക്കിയത്. അതും ഒട്ടും തന്ത്രപ്രധാനമല്ലാത്ത ഷേപ്പിംഗ് മാള്‍ പോലുള്ള ഇടത്തില്‍ ആക്രമണം നടത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദൂഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ വേഗം സുഖപ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നു''-ആര്‍ച്ച് ബിഷപ്പ് ഷെവ്ചുക്ക് പറഞ്ഞു.

ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യന്‍ അധിനിവേശത്തിനെതിരെ മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ ഉക്രെയ്ന്‍കാര്‍ നടത്തുന്ന പ്രതിരോധത്തെ ആര്‍ച്ച് ബിഷപ്പ് പ്രശംസിച്ചു. കനത്ത പോരാട്ടത്തിലും ഉക്രെയ്ന്‍ ചെറുത്തു നില്‍ക്കുകയാണ്. ഓരോ പകലും രാത്രിയും അതിജീവിച്ച് അടുത്ത പ്രഭാതം കാണാന്‍ കഴിയുന്നതിന് ദൈവത്തിന് നന്ദി പറയുന്നതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.



ഷോപ്പിങ് മാളിലെ മിസൈല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരുടെ മരണം ഇന്നലെ സ്ഥിരീകരിച്ചു. 60 ലേറെ പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരിലേറെയും പേരുടെ നില ഗുരുതരമാണ്. മിസൈല്‍ പതിക്കുമ്പോള്‍ ആയിരത്തിലേറെപ്പേര്‍ മാളിനകത്തുണ്ടായിരുന്നു.

അതേസമയം സംഭവത്തെ ലോകനേതാക്കള്‍ അപലപിച്ചു. റഷ്യ നടത്തിയത് നീതികരിക്കാനാകുന്നതല്ലെന്നും സിവിലിയന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി രേഖപ്പെടുത്തണമെന്നും ജി 7 നേതാക്കള്‍ സംയുക്ത പ്രസ്താവനയിലൂടെ പറഞ്ഞു. ക്രൂരമായ ആക്രമണത്തിന് ഇരയായ നിരപരാധികളുടെ ദുഖത്തില്‍ ഉക്രെയ്‌നൊപ്പം നിലകൊള്ളുന്നു. ആക്രമണത്തിന്റെ ഉത്തരവാദി റഷ്യന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ പുടിനാണ്. ഉക്രെയ്‌നിനെതിരായ വിവേകശൂന്യവുമായ യുദ്ധം അവസാനിപ്പിക്കുന്നതുവരെ തങ്ങള്‍ പിന്മാറില്ലെന്നും ജി 7 നേതാക്കളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.