ബാങ്കോക്ക് - ചെന്നൈ വിമാനത്തിൽ കയറ്റാനുള്ള ബാഗിനുള്ളില്‍ 109 വന്യജീവികള്‍; രണ്ട് ഇന്ത്യന്‍ യുവതികള്‍ തായ്‌ലന്‍ഡില്‍ പിടിയില്‍

ബാങ്കോക്ക് - ചെന്നൈ വിമാനത്തിൽ കയറ്റാനുള്ള ബാഗിനുള്ളില്‍ 109 വന്യജീവികള്‍; രണ്ട് ഇന്ത്യന്‍ യുവതികള്‍ തായ്‌ലന്‍ഡില്‍ പിടിയില്‍

ബാങ്കോക്ക്: വിമാനത്തിനുള്ളില്‍ കയറ്റാനുള്ള ബാഗിനുള്ളില്‍ 109 വന്യജീവികളെ കണ്ടെത്തിയതിനെതുടര്‍ന്ന് രണ്ട് ഇന്ത്യന്‍ യുവതികള്‍ തായ്‌ലന്‍ഡില്‍ പിടിയില്‍. തായ് എയര്‍വേയ്സ് വിമാനത്തില്‍ ചെന്നൈയിലേക്ക് പോകാനിരുന്ന യുവതികളാണ് ബാങ്കോക്കിലെ സുവര്‍ണഭൂമി എയര്‍പോര്‍ട്ടില്‍ വച്ച് കഴിഞ്ഞ ദിവസം രാവിലെ പിടിയിലായത്. 35 ആമകള്‍, 50 ഓന്തുകള്‍, 20 പാമ്പുകള്‍, രണ്ടു വെള്ള മുള്ളന്‍ പന്നികള്‍ എന്നിവയെല്ലാം ഇവരുടെ ലഗേജിനുള്ളില്‍ ഉണ്ടായിരുന്നു.

ഇന്ത്യന്‍ യുവതികളായ 38 വയസുകാരി നിത്യ രാജ, 28 വയസുകാരിയായ സാക്കിയ സുല്‍ത്താന ഇബ്രാഹിം (24) എന്നിവരാണ് പിടിയിലായത്. സംരക്ഷിത വന്യജീവികളുടെ രാജ്യാന്തര കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുള്ളവരാണ് ഈ യുവതികളെന്നാണു നിഗമനം.


പരിശോധനയില്‍ ബാഗിനുള്ളില്‍നിന്നു കണ്ടെത്തിയ മുള്ളന്‍ പന്നി

രണ്ടു ബാഗേജുകളിലായി 109 വന്യജീവികളാണ് ഉണ്ടായിരുന്നത്. രണ്ടു സ്യൂട്ട് കേസുകൡ നിറച്ച നിലയില്‍ ചെക്ക് ഇന്‍ ബാഗേജായിട്ടാണ് വന്യജീവികളെ കൊണ്ടുവന്നത്. വിമാനത്താവളത്തില്‍ വച്ചു നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് അസാധാരണ വസ്തുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സംരക്ഷിത വന്യജീവികളാണെന്ന് േബാധ്യമായതെന്ന് സുവര്‍ണഭൂമിയിലെ വന്യജീവി ചെക്ക്പോസ്റ്റിന്റെ തലവന്‍ സാത്തോണ്‍ ഖോങ്-ങേണ്‍ പറഞ്ഞു.

വിശ്വാസത്തിന്റെ ഭാഗമായും ആഡംബര വീടുകളില്‍ സൂക്ഷിക്കുന്നതിനും പഠനത്തിനും മറ്റുമാണ് പല രാജ്യങ്ങളിലേക്കും അനധികൃതമായി ഇത്തരം ജീവികളെ കൊണ്ടുപോകുന്നത്.

വനം വന്യജീവി സംരക്ഷണ നിയമം, കസ്റ്റംസ് നിയമം എന്നിവ ലംഘിച്ചതിനാണ് സ്ത്രീകള്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുള്ളത്. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ സുവര്‍ണഭൂമി എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്കു കൈമാറി.

സംരക്ഷിത വന്യജീവി കള്ളക്കടത്തു സംഘങ്ങള്‍ മുന്‍പും കേരളത്തില്‍ ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്. 2015 ജൂണ്‍ 20-ന് രക്ത അണലി ഉള്‍പ്പെടെ വിവിധയിനം പാമ്പുകള്‍, ചിലന്തി, പല്ലി, ഓന്ത്, ആമകള്‍, മണ്ണിര തുടങ്ങിയയെ കേരളത്തില്‍ നിന്നു സ്വദേശത്തേക്കു കടത്താന്‍ ശ്രമിച്ച ജപ്പാന്‍ സ്വദേശികള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ പിടിയിലായിരുന്നു.

2015 ഓഗസ്റ്റ് 10-ന് മലേഷ്യയിലേക്കു കടത്താന്‍ ശ്രമിച്ച 198 നക്ഷത്ര ആമകളുമായി ഒരാളെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചു പിടികൂടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.