കാന്‍ബറ: നിരവധി മാറ്റങ്ങളോടെ ഓസ്‌ട്രേലിയയില്‍ പുതിയ സാമ്പത്തിക വര്‍ഷം ഇന്ന് ആരംഭിച്ചു. ജൂലൈ ഒന്നിന് തുടങ്ങി അടുത്ത വര്‍ഷം (2023) ജൂണ്‍ 30-ന് അവസാനിക്കുന്നതാണ് രാജ്യത്തിന്റെ സാമ്പത്തിക വര്‍ഷം. തൊഴില്‍ മേഖലയില്‍ അടക്കം കാതലായ മാറ്റങ്ങളാണ് ഇത്തവണ പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത്.
മിനിമം വേതനത്തില്‍ വര്‍ധന
ഓസ്‌ട്രേലിയയിലെ തൊഴിലാളികള്‍ക്കുള്ള മിനിമം വേതനം 21.38 ഓസ്‌ട്രേലിയന്‍ ഡോളറായി വര്‍ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന മിനിമം വേതനത്തില്‍ 5.2 ശതമാനം വര്‍ധന നടപ്പാക്കാന്‍ ഫെയര്‍ വര്‍ക്ക് കമ്മിഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. ആഴ്ച്ചയില്‍ കുറഞ്ഞത് 812.60 ഓസ്‌ട്രേലിയന്‍ ഡോളര്‍ മിനിമം വേതനം ലഭിക്കും വിധമുള്ള വര്‍ധനയാണ് നടപ്പാക്കിയിരിക്കുന്നത്.
സ്വകാര്യ വ്യക്തികള്‍ക്കും കച്ചവടം നടത്തുന്നവര്‍ക്കും അവരുടെ വാര്‍ഷിക ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് ആരംഭിച്ചു. ഒക്‌ടോബര്‍ 31 വരെയാണ് ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസിന് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം.
തൊഴിലാളികളുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സ് സീകിമിലേക്ക് (സൂപ്പര്‍ ആനുവേഷന്‍) തൊഴിലുടമകള്‍ നല്‍കേണ്ട വിഹിതത്തില്‍ അര ശതമാനം വര്‍ധന വരുത്തിയതും ഇന്നു മുതല്‍ നിലവില്‍ വന്നു. 2025 ആകുമ്പോഴേക്കും തൊഴിലുടമയുടെ വിഹിതം തൊഴിലാളികളുടെ ശമ്പളത്തിന്റെ 12 ശതമാനമായി എത്തിക്കുകയാണ് ലക്ഷ്യം. പുതിയ മാറ്റത്തോടെ സൂപ്പര്‍ ആനുവേഷന്‍ ഗ്യാരണ്ടി 10.5 ശതമാനമായി വര്‍ധിച്ചു.
മുന്‍പുണ്ടായിരുന്ന നിയമം അനുസരിച്ച പ്രതിമാസം 450 ഓസ്‌ട്രേലിയന്‍ ഡോളറില്‍ താഴെയാണ് ശമ്പളമെങ്കില്‍ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ തൊഴിലുടമ നല്‍കുന്ന വിഹിതത്തിന് അര്‍ഹനായിരുന്നില്ല.
സ്വന്തമായി ആദ്യത്തെ വീടു വാങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളിക്ക് സൂപ്പര്‍ ആനുവേഷന്‍ തുക വിനിയോഗിക്കാന്‍ അനുവദിക്കുന്ന നിലവിലുള്ള പദ്ധതി (ഫസ്റ്റ് ഹോം സൂപ്പര്‍ സേവര്‍ സ്‌കീം) ഈ സാമ്പത്തിക വര്‍ഷം നേരിയ മാറ്റങ്ങളോടെ വിപുലീകരിച്ചു. 2017-ലാണ് ഫസ്റ്റ് ഹോം സൂപ്പര്‍ സേവര്‍ സ്‌കീം (എഫ്.എച്ച്.എസ്.എസ്) ആരംഭിച്ചത്.
എഫ്.എച്ച്.എസ്.എസ് സ്‌കീമിന് കീഴില്‍, ആദ്യ വീട് വാങ്ങുന്നവര്‍ക്ക് ഓരോ സാമ്പത്തിക വര്‍ഷവും 15,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ വരെ സൂപ്പര്‍ ആനുവേഷന്‍ ഉപയോഗിക്കാം. എന്നാല്‍ തൊഴിലാളിയുടെ വിഹിതം മാത്രമേ വീടു വാങ്ങുന്നതിനായി പിന്‍വലിക്കാന്‍ കഴിയൂ.
വൈദ്യുതി നിരക്ക് വര്‍ധിക്കും
ജൂലൈ ഒന്നു മുതല്‍ രാജ്യത്തെ വൈദ്യുതി നിരക്കുകളില്‍ കുത്തനെ വര്‍ധനയുണ്ടാകും. എന്നാല്‍ ഈ വര്‍ധന ഉപയോക്താവ് ഏത് സംസ്ഥാനത്താണ് താമസിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ഓരോ സംസ്ഥാനത്തും നിരക്ക് വ്യത്യസ്തമായതിനാല്‍ ഓസ്ട്രേലിയയിലുടനീളം ഈ വര്‍ധന എത്രത്തോളം ഉണ്ടാകും എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.
എങ്കിലും ന്യൂ സൗത്ത് വെയില്‍സില്‍ വൈദ്യുതി നിരക്ക് 18.3 ശതമാനവും ക്വീന്‍സ് ലാന്‍ഡില്‍ 12.6 ശതമാനവും വര്‍ധിച്ചേക്കുമെന്നു റെഗുലേറ്റര്‍മാര്‍ പറയുന്നു. അതേസമയം ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടറിയില്‍ നിരക്ക് 1.25 ശതമാനം കുറയും.
സെന്റര്‍ലിങ്ക് പേയ്മെന്റുകളില്‍ വര്‍ധന
വരുമാനമില്ലാത്തവര്‍ക്കും മക്കള്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്കും നല്‍കിവരുന്ന സെന്റര്‍ലിങ്ക് പേയ്മെന്റുകളിലും വര്‍ധന വരുത്തി. ഓസ്‌ട്രേലിയയിലെ 1.4 ദശലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
13 വയസില്‍ താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 204.40 ഓസ്‌ട്രേലിയന്‍ ഡോളര്‍ വരെയും 13 വയസും അതിനു മുകളില്‍ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 255.50 ഡോളര്‍ വരെയും വര്‍ധനയുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26