മോസ്‌കോ: കരിങ്കടലില്‍ ഉക്രെയ്‌ന്റെ തന്ത്രപ്രധാനമായ മേഖലയായ സ്‌നേക് ഐലന്‍ഡില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ച് റഷ്യ. ഫെബ്രുവരി 24 ന് അധിനിവേശം ആരംഭിച്ചതിന്റെ ആദ്യ നാളുകളില്‍ തന്നെ ഒഡേസ തീരത്തിന് സമീപത്തെ ഈ ദ്വീപിന്റെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തിരുന്നു. ഉക്രെയ്ന്‍ ആക്രമണം കടുപ്പിച്ചതോടെയാണ് റഷ്യ പിന്മാറ്റത്തിന് നിര്‍ബന്ധിതമായതെന്നാണ് സൂചന. രണ്ട് സ്പീഡ് ബോട്ടുകളില്‍ രാത്രിയിലായിരുന്നു റഷ്യന്‍ സൈന്യം ദ്വീപ് വിട്ടത്.
അതേസമയം, ഉക്രെയ്‌നില്‍ നിന്ന് കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് മാനുഷിക ഇടനാഴി തുറക്കാനുള്ള യു.എന്‍ ശ്രമങ്ങളെ റഷ്യ തടസപ്പെടുത്തുന്നില്ലെന്ന സന്ദേശം ലോകത്തിന് നല്‍കാന്‍ കൂടിയാണ് പിന്മാറ്റമെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാദം. റഷ്യയുടെ സേനാ പിന്മാറ്റം തങ്ങള്‍ പ്രത്യാക്രമണം ശക്തമാക്കിയതിനാലാണെന്നും ഇത് തങ്ങളുടെ വിജയമാണെന്നും ഉക്രെയ്ന്‍ സേന അവകാശപ്പെട്ടു.
ഈ ദ്വീപ് വ്യോമസേനാ താവളമാക്കാന്‍ റഷ്യ പദ്ധതിയിട്ടിരുന്നതായും പിന്മാറ്റത്തോടെ മേഖലയില്‍ നിര്‍ണായക നീക്കങ്ങള്‍ക്ക് ശേഷി നഷ്ടപ്പെട്ടതായും ഉക്രെയ്ന്‍ സേന പറഞ്ഞു. ദ്വീപ് റഷ്യ നിയന്ത്രണത്തിലാക്കി ഏറെക്കഴിഞ്ഞിട്ടും ഉക്രെയ്ന്‍ ഇവിടെ തുടര്‍ച്ചയായി ആക്രമണം നടത്തിയിരുന്നു. രണ്ടാഴ്ചയായി ആക്രമണം ശക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍, മാനുഷിക നടപടിയെന്ന നിലയ്ക്കാണ് കരിങ്കടല്‍ തുറമുഖങ്ങള്‍വഴി ചരക്കുകടത്തിന് അവസരമൊരുക്കി സൈന്യത്തെ തിരിച്ചുവിളിച്ചതെന്ന് റഷ്യ വ്യക്തമാക്കി. ഒഡേസ ഉള്‍പ്പെടെ തുറമുഖങ്ങളില്‍നിന്ന് ഇതോടെ റഷ്യന്‍ ധാന്യങ്ങള്‍ കയറ്റുമതി ചെയ്യാനാകും. കയറ്റുമതി നിലച്ചതോടെ ലോകത്ത് ഭക്ഷ്യവില കുതിച്ചുയര്‍ന്നിരുന്നു.
ഉക്രെയ്‌നിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ആഗോള ഭക്ഷ്യ വിതരണത്തിനും ഈ സൈനിക നടപടി നിര്‍ണായകമായിരുന്നു. റഷ്യ മനഃപൂര്‍വം ലോകത്തെ പട്ടിണിക്കിടയാക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആരോപിച്ചിരുന്നു.
ഒഡേസയില്‍ മിസൈല്‍ ആക്രമണത്തില്‍ 14 മരണം
ഉക്രെയ്‌നിലെ ഒഡേസയില്‍ ബഹുനില ജനവാസ കേന്ദ്രത്തിനു നേരെ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റതായും ഉക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. ഒഡേസയില്‍ തന്നെ മറ്റൊരു ജനവാസമേഖലക്കു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കരിങ്കടലിനു സമീപത്തെ സ്‌നേക് ദ്വീപില്‍ നിന്ന് റഷ്യന്‍ സേന പിന്‍വാങ്ങിയെന്ന് അറിയിച്ചതിനു പിന്നാലെയാണ് ആക്രമണം നടന്നത്.
ലുഹാന്‍സ്‌ക് പ്രവിശ്യയിലെ വിമതരുടെ അവസാന ശക്തികേന്ദ്രമായ ലിസിചാന്‍സ്‌ക് നിയന്ത്രണത്തിലാക്കാന്‍ റഷ്യന്‍ സൈന്യം ആക്രമണം തുടരുകയാണ്.
യൂറോപ്പില്‍ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ യു.എസ്
റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, മുമ്പെങ്ങുമില്ലാത്തവിധം യൂറോപ്പില്‍ അമേരിക്കന്‍ സേന സാന്നിധ്യം കൂട്ടുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. കര, നാവിക, വ്യോമ മേഖലകളില്‍ പ്രാതിനിധ്യം കൂട്ടും. സ്‌പെയിനില്‍ യു.എസ് യുദ്ധക്കപ്പലുകളുടെ എണ്ണം നാലുള്ളത് ആറാക്കും. പോളണ്ടില്‍ അഞ്ചാം സൈനിക വിഭാഗത്തിന് സ്ഥിരം ആസ്ഥാനം പണിയും. റുമേനിയയില്‍ 5,000 അധിക സൈനികരെ വിന്യസിക്കും. ബാള്‍ട്ടിക് രാജ്യങ്ങളില്‍ നിരീക്ഷണം ശക്തമാക്കും തുടങ്ങിയവയാണ് പുതിയ മാറ്റങ്ങള്‍.
ഭീഷണിയുമായി പുടിന്‍
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ ചേരുന്നതില്‍ റഷ്യയ്ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും എന്നാല്‍, നാറ്റോയുടെ സൈനിക സംഘങ്ങളും അടിസ്ഥാന സൗകര്യങ്ങളും അവിടെ വിന്യസിക്കപ്പെട്ടാല്‍ അതേ പോലെ പ്രതികരിക്കാനും ഭീഷണി ഉയര്‍ത്തുന്ന പ്രദേശങ്ങളിലേക്ക് അതേ പോലെ ഭീഷണി ഉയര്‍ത്താനും തങ്ങള്‍ ബാധ്യസ്ഥരാണെന്നും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ മുന്നറിയിപ്പ് നല്‍കി.
ഉക്രെയ്ന്‍ അധിനിവേശ പശ്ചാത്തലത്തില്‍ അംഗത്വത്തിനായി അപേക്ഷ നല്‍കിയ സ്വീഡനും ഫിന്‍ലന്‍ഡിനും നാറ്റോ ഔദ്യോഗിക ക്ഷണം നല്‍കിയിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷമേ അംഗത്വം ലഭിക്കുകയുള്ളു.
അതിനിടെ, ഉക്രെയ്‌ന് 120 കോടി ഡോളര്‍ (9,487 കോടി രൂപ) ബ്രിട്ടന്‍ സഹായം പ്രഖ്യാപിച്ചു. വ്യോമപ്രതിരോധ സംവിധാനം, ഡ്രോണുകള്‍ എന്നിവയാണ് നല്‍കുക. നേരത്തേ 140 കോടി ഡോളറിന്റെ ആയുധങ്ങള്‍ ബ്രിട്ടന്‍ കൈമാറിയിരുന്നു.
യു.എസ് 800 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം കൂടി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ബൈഡന്‍ അധികാരമേറ്റെടുത്ത ശേഷം ഇതുവരെയായി 700 കോടി ഡോളറിന്റെ സഹായമാണ് യു.എസ് ഉക്രെയ്‌ന് നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.