'ഉക്രെയ്ന്‍ യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കണം': ഇന്ത്യന്‍ നിലപാട് ആവര്‍ത്തിച്ച് മോഡി; പുടിനുമായി ഫോണില്‍ ചര്‍ച്ച നടത്തി

'ഉക്രെയ്ന്‍ യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കണം':  ഇന്ത്യന്‍ നിലപാട് ആവര്‍ത്തിച്ച് മോഡി; പുടിനുമായി ഫോണില്‍ ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ യുദ്ധം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുദ്ധ സാഹചര്യം നീളുന്നത് ഒഴിവാക്കണമെന്നും മോഡി ആവശ്യപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് മോഡി ഇന്ത്യന്‍ നിലപാട് ആവര്‍ത്തിച്ചത്.

ഇന്ത്യക്കും റഷ്യയ്ക്കുമിടയിലെ വ്യാപാര ബന്ധവും ചര്‍ച്ചാ വിഷയമായി. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ തുടരും. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ ഉയര്‍ന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു.

പുടിന്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദശിച്ചപ്പോളെടുത്ത തീരുമാനങ്ങളിലെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തി. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഫെര്‍ട്ടിലൈസര്‍, മരുന്നുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാറുകള്‍ സജീവമാക്കാന്‍ മോഡിയും പുടിനും തീരുമാനിച്ചു.

ആഗോള തലത്തില്‍ ഊര്‍ജ, ഭക്ഷ്യ വിപണികളിലുണ്ടായിട്ടുള്ള പ്രതിസന്ധികളും ചര്‍ച്ച ചെയ്ത നേതാക്കള്‍ പരസ്പര സഹകരണം കൂടുതല്‍ മെച്ചമാക്കാന്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

ഉക്രെയ്ന്‍-റഷ്യ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പു തന്നെ ഇരു രാജ്യങ്ങളുമായുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ആ നിലപാടിന് ചര്‍ച്ചയില്‍ പ്രധാനമന്ത്രി വീണ്ടും ആവര്‍ത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.