വിശുദ്ധരായ പ്രൊസെസൂസും മാര്‍ട്ടീനിയനും: പത്രോസ് ശ്ലീഹയില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ച കാരാഗ്രഹ കാവല്‍ക്കാര്‍

വിശുദ്ധരായ പ്രൊസെസൂസും  മാര്‍ട്ടീനിയനും: പത്രോസ് ശ്ലീഹയില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ച കാരാഗ്രഹ കാവല്‍ക്കാര്‍

അനുദിന വിശുദ്ധര്‍ - ജൂലൈ 02

റോമിലെ മാമര്‍ടൈന്‍ കാരാഗ്രഹത്തിലെ കാവല്‍ക്കാര്‍ ആയിരുന്നു വിജാതീയരായ പ്രൊസെസൂസും മാര്‍ട്ടീനിയനും. നാട്ടിലെ കൊടും കുറ്റവാളികളായിരുന്നു അവിടുത്തെ തടവുകാര്‍. അവരില്‍ കുറച്ച് പേര്‍ ക്രിസ്ത്യാനികളായിരുന്നു. ക്രിസ്ത്യന്‍ തടവുകാരെ നിരീക്ഷിക്കുകയും അവരുടെ പ്രബോധനങ്ങള്‍ കേള്‍ക്കുകയും ചെയ്ത പ്രൊസെസൂസും മാര്‍ട്ടീനിയനും ക്രമേണ രക്ഷകനെപ്പറ്റി അറിയാനിടയായി.

അപ്പസ്‌തോലനായിരുന്ന വിശുദ്ധ പത്രോസ് ആ കാരാഗ്രഹത്തില്‍ തടവുകാരനായി വന്നതിനു ശേഷം പ്രൊസെസൂസും മാര്‍ട്ടീനിയനും യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങി. അവര്‍ പത്രോസ് അപ്പസ്‌തോലനില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിക്കുകയും പിന്നീട് അദ്ദേഹത്തെ തടവറയില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു.

ഇതേപ്പറ്റി അറിഞ്ഞ കാരഗ്രഹ മേലധികാരി പോളിനൂസിന് പ്രൊസെസൂസിനോടും മാര്‍ട്ടീനിയനോടും യേശുവിലുള്ള വിശ്വസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവരും യേശുവിലുള്ള തങ്ങളുടെ വിശ്വാസം സധൈര്യം ഏറ്റു പറയുകയും ജൂപ്പീറ്ററിന്റെ സ്വര്‍ണം കൊണ്ടുള്ള പ്രതിമയുടെ മുഖത്ത് തുപ്പുകയും ചെയ്തു.

ഇത് കണ്ട പോളിനൂസ് അവരുടെ മുഖത്ത് അടിക്കുവാനും ക്രൂരമായി പീഡിപ്പിക്കുവാനും ഉത്തരവിട്ടു. ഇരുവരെയും ഇരുമ്പ് കമ്പികൊണ്ടടിക്കുകയും തീപന്തങ്ങള്‍ കൊണ്ട് പൊള്ളിക്കുകയും ചെയ്ത ശേഷം വീണ്ടും കാരാഗ്രഹത്തിലടച്ചു.

ലൂസിന എന്ന് പേരായ ദൈവഭക്തയായിരുന്ന ഒരു സ്ത്രീ തടവറയില്‍ അവരെ സന്ദര്‍ശിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. ക്രൂരനായ പോളിനൂസിനെ ദൈവം അധികം താമസിയാതെ തന്നെ ശിക്ഷിക്കുകയുണ്ടായി. ആദ്ദേഹം അന്ധനായി തീരുകയും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെടുകയും ചെയ്തു.

പോളിനൂസിന്റെ മകന്‍ നഗരത്തിന്റെ ഭരണാധികാരിയുടെ പക്കല്‍ ചെന്ന് പ്രൊസെസൂസിനെയും മാര്‍ട്ടീനിയനെയും ഉടന്‍ തന്നെ വധിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്രകാരം 67 ല്‍ ഇരുവരും വാളിനിരയാക്കപ്പെട്ടു. വിശുദ്ധന്‍മാരായ ആ രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ ലൂസിന അടക്കം ചെയ്യുകയുണ്ടായി. ഇപ്പോള്‍ അവരുടെ ശവകുടീരം റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പാര്‍ശ്വ ഭാഗത്തായി നിലകൊള്ളുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ബാമ്പെര്‍ട്ടിലെ ഓട്ടോ

2. ടൂഴ്‌സിലെ മോണെഗുണ്ടിസ്

3. മൊന്തെകസീനോയിലെ ലിദാനൂസ്

4. അഭിഭാഷകനായിരുന്ന ബര്‍ണര്‍ ദിനൂസു റെയാലിനോ

5. ഇറ്റലിയിലെ യുസ്തൂസ്, ഫെലിച്ചീസിമൂസ്, ഫെലിക്‌സ്, മാര്‍സിയ, സിംഫൊറോസ്

6. ഇറ്റലിയിലെ അരിസ്റ്റോണ്‍, ക്രെഷന്‍ഷിയര്‍, ഏവുട്ടീക്കിയന്‍, ഉര്‍ബന്‍, വൈറ്റാലിസ്

7. പൗലോസ് ശ്ലീഹായെ വധിക്കാന്‍ ആനയിച്ച മൂന്ന് പടയാളികളില്‍ ഒരാളായ അസെസ്തസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26