ആമസോണ്‍ മേഖലയില്‍നിന്നുള്ള ആദ്യ കര്‍ദിനാളാകാന്‍ ആര്‍ച്ച് ബിഷപ്പ് ലിയോനാര്‍ഡോ സ്റ്റെയ്നര്‍

ആമസോണ്‍ മേഖലയില്‍നിന്നുള്ള ആദ്യ കര്‍ദിനാളാകാന്‍ ആര്‍ച്ച് ബിഷപ്പ് ലിയോനാര്‍ഡോ സ്റ്റെയ്നര്‍

റയോ ഡി ജനീറോ: ലോകത്തിന്റെ ശ്വാസകോശമെന്നു വിശേഷിക്കപ്പെടുന്ന ആമസോണ്‍ മേഖലയില്‍നിന്നുള്ള ആദ്യ കര്‍ദിനാളായി ചരിത്രം കുറിക്കാനൊരുങ്ങി ആര്‍ച്ച് ബിഷപ്പ് ലിയോനാര്‍ഡോ സ്റ്റെയ്നര്‍. മേയ് അവസാനം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച 21 പുതിയ കര്‍ദിനാള്‍മാരില്‍ ഒരാളാണ് 71 വയസുകാരനായ ലിയോനാര്‍ഡോ സ്റ്റെയ്നര്‍.

ബ്രസീലിയന്‍ നഗരമായ മനാസിന്റെ ആര്‍ച്ച് ബിഷപ്പാണ് ലിയോനാര്‍ഡോ സ്റ്റെയ്നര്‍. ഓഗസ്റ്റ് 27-നാണ് സ്ഥാനാരോഹണം. ഒമ്പത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോണ്‍ പ്രദേശം യൂറോപ്യന്‍ യൂണിയനേക്കാള്‍ വലുതാണ്.

മംഗോളിയയിലെ ഉലാന്‍ബാതറിലെ അപ്പോസ്തലിക് പ്രിഫെക്റ്റായ ജോര്‍ജിയോ മാരെങ്കോ, സാന്റിയാഗോയിലെ ബിഷപ് റോബര്‍ട്ട് മക്എല്‍റോയ്, നൈജീരിയയിലെ എക്വുലോബിയ ബിഷപ് പീറ്റര്‍ ഒക്പലെകെ എന്നിവരാണ് മറ്റ് നിയുക്ത കര്‍ദിനാള്‍മാര്‍.

ഈ പ്രദേശത്തിന് ലഭിക്കേണ്ട പ്രാധാന്യവും സംരക്ഷണവും തിരിച്ചറിഞ്ഞാണ് ഫ്രാന്‍സിസ് പാപ്പ ആമസോണിലേക്ക് കര്‍ദ്ദിനാളിനെ നാമകരണം ചെയ്തതെന്നാണു വിലയിരുത്തപ്പെടുന്നത്.

മാര്‍പാപ്പയുടെ നാലു മുന്‍ഗണനകളാണ് തന്റെ തെരഞ്ഞെടുപ്പിന് കാരണമെന്ന് ആര്‍ച്ച് ബിഷപ്പ് ലിയോനാര്‍ഡോ സ്റ്റെയ്നര്‍ അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആമസോണില്‍ കൂടുതല്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള ആഗ്രഹം, പാവപ്പെട്ടവരെക്കുറിച്ചുള്ള കരുതല്‍, ആമസോണിനെ ലോകത്തിന്റെ 'പൊതു ഭവനമായി' പരിപാലിക്കാനുള്ള ഉത്തരവാദിത്തം, തദ്ദേശീയരുടെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടാന്‍ ഒരു സഭ എന്ന നിലയില്‍ എങ്ങനെ സംഭാവന നല്‍കാം തുടങ്ങിയ മുന്‍ഗണനകളാണ് മാര്‍പാപ്പയുടെ മുന്നിലുണ്ടായിരുന്നത്.

കത്തോലിക്കാ സഭയുടെ കണക്കനുസരിച്ച് നാനൂറോളം വംശീയ വിഭാഗങ്ങളില്‍ പെട്ട 34 ദശലക്ഷത്തിലധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്.

തെക്കന്‍ അമേരിക്കയിലെ ഒമ്പതു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് ആമസോണ്‍ മഴക്കാടുകള്‍. അഞ്ചു മില്യണ്‍ ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ വനാന്തരങ്ങള്‍ ആഗോളതാപനം ചെറുക്കാന്‍ നമ്മെ സഹായിക്കുന്ന വമ്പന്‍ കാര്‍ബണ്‍ ശേഖരണമാണ് നടത്തുന്നത്. കൂടാതെ മുപ്പതുലക്ഷത്തിലധികം വരുന്ന സസ്യമൃഗാദികളുടെ ആവാസകേന്ദ്രം കൂടിയാണിത്. വലിയ പരിസ്ഥിതി പോരാട്ടങ്ങളുടെ വേദി കൂടിയാണ് ആമസോണ്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.