സിഡ്നി: ഗര്‍ഭഛിദ്രാനുകൂലികളുടെ തെരുവു പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ഓസ്‌ട്രേലിയയും. ഗര്‍ഭചിദ്രത്തിനു നിയമപരമായ സംരക്ഷണം നല്‍കിയിരുന്ന റോ വേഴ്‌സസ് വേഡ് വിധി സുപ്രീം കോടതി റദ്ദാക്കിയതിനെതിരെ അമേരിക്കയിലുടനീളം നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു പിന്തുണ അര്‍പ്പിച്ചായിരുന്നു ഓസ്‌ട്രേലിയയിലും പ്രകടനങ്ങള്‍ അരങ്ങേറിയത്. ശനിയാഴ്ച മെല്‍ബണ്‍, സിഡ്നി, കാന്‍ബറ, ഹൊബാര്‍ട്ട്, പെര്‍ത്ത് തുടങ്ങിയ നഗരങ്ങളിലാണ് ആയിരത്തോളം പേര്‍ പങ്കെടുത്ത പ്രകടനങ്ങള്‍ സംഘടിപ്പിച്ചത്.
ഗര്‍ഭച്ഛിദ്രത്തിനെ അനുകൂലിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകളും കൈയിലേന്തിയായിരുന്നു പ്രകടനം. അമേരിക്കയില്‍ കത്തോലിക്ക പള്ളികള്‍ ഉള്‍പ്പെടെയുള്ള മതസ്ഥാപനങ്ങള്‍ക്കു നേരേ നടന്നതുപോലുള്ള അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം സിഡ്‌നിയില്‍ പ്രകടനസമയത്ത് ചാറ്റല്‍ മഴ പെയ്തത് പ്രതിഷേധക്കാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
അതേസമയം, സൗത്ത് ഓസ്ട്രേലിയന്‍ പ്രതിപക്ഷ നേതാവ് ഡേവിഡ് സ്‌പെയേഴ്സ് പങ്കെടുക്കാനിരുന്ന ഗര്‍ഭഛിദ്രത്തിനെതിരേയുള്ള പരിപാടി ഭീഷണികളെതുടര്‍ന്ന് രഹസ്യ സ്ഥലത്തേക്കു മാറ്റിവയ്‌ക്കേണ്ടിവന്നു.
ഗര്‍ഭഛിദ്രാനുകൂലികളുടെ അതിരുകടന്ന പ്രതിഷേധങ്ങള്‍ക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. മിഷിഗണിലെ ഒരു കത്തോലിക്കാ പള്ളിയില്‍ കുര്‍ബാനയ്ക്കിടെ ഒരു യുവതി നഗ്നയായി പ്രതിഷേധിച്ചത് വിശ്വാസികള്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിശുദ്ധ കുര്‍ബാനയെ പോലും അവഹേളിക്കുന്ന നിലയിലേക്ക് ഗര്‍ഭഛിദ്രാനുകൂലികളുടെ പ്രതിഷേധം മാറിയതിലുള്ള ആശങ്കകള്‍ സഭാ നേതൃത്വങ്ങള്‍ പങ്കുവച്ചിരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ക്ക് പിന്തുണ അര്‍പ്പിച്ച് ഓസ്‌ട്രേലിയയിലും സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇടവകകളും വിശ്വാസികളും ജാഗ്രത പുലര്‍ത്തുന്നുണ്ട്.
അമേരിക്കയുടേതു പോലെ, ഓസ്‌ട്രേലിയയിലും ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ സംസ്ഥാനങ്ങളാണ് തീരുമാനിക്കുന്നത്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സ് 2019-ല്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26