തോമാ ശ്ലീഹായുടെ പ്രേക്ഷിത ജീവിതത്തെക്കുറിച്ച് അറിയാം

തോമാ ശ്ലീഹായുടെ പ്രേക്ഷിത ജീവിതത്തെക്കുറിച്ച് അറിയാം

ഇറ്റലിയിലെ ഓര്‍ത്തോണയിലുള്ള മാര്‍ത്തോമ്മാ ശ്ലീഹാ ബസലിക്കയിലെ ചരിത്ര രേഖകള്‍ അനുസരിച്ച് തോമാ ശ്ലീഹാ സിറിയയില്‍ നിന്നാണ് സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങള്‍ സൂക്ഷിക്കപ്പെടുന്നത് ഈ ദേവാലയത്തിലാണ്. തുടര്‍ന്ന് മെസൊപ്പൊട്ടേമിയയിലേക്ക് പോയ അദ്ദേഹം തന്റെ ആദ്യത്തെ സഭാസമൂഹം എദേസയില്‍ സ്ഥാപിച്ചു (ഇപ്പോഴത്തെ ടര്‍ക്കിയിലെ സാന്‍ലിയൂര്‍ഫ). തുടര്‍ന്ന് ബാബിലോണിലെത്തിയ തോമ്മാശ്ലീഹാ അവിടെ ഏഴ് വര്‍ഷം താമസിക്കുകയും മറ്റൊരു സഭാ സമൂഹം സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം തെക്കു പടിഞ്ഞാറന്‍ ഇന്ത്യയിലേക്ക് പോയി.

എഡി 52ല്‍ കടല്‍ മാര്‍ഗം അദ്ദേഹം തുറമുഖ നഗരമായ മുസിരിസില്‍ എത്തുകയും സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് കേരളത്തിലുടനീളം സുവിശേഷ പര്യടനം നടത്തുകയും നിരവധി ക്രിസ്ത്യന്‍ സമൂഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് പോയ അദ്ദേഹം പിന്നീട് കോറമാണ്ടലിന്റെ തെക്കുകിഴക്കന്‍ തീരത്ത് മടങ്ങിയെത്തി. 72 ല്‍ മൈലാപ്പൂരില്‍ മരിക്കുകയും അവിടെ അടക്കം ചെയ്യുകയും ചെയ്തു.

മൂന്നാം നൂറ്റാണ്ടില്‍, ദക്ഷിണേന്ത്യയില്‍ അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ പശ്ചാത്തലത്തില്‍. തോമ്മാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങള്‍ സുരക്ഷിതമായിരിക്കാനായി ശ്ലീഹായുടെ ആദ്യ പ്രേഷിത ഭൂമിയായ എദേസയിലേക്ക് (232 ഓടെ) വിശ്വാസി സമൂഹം മാറ്റുകയുണ്ടായി. പിന്നീട് അറബി അധിനിവേശത്തെ തുടര്‍ന്ന് എദേസയില്‍ നിന്നും ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങള്‍ കൂടുതല്‍ സുരക്ഷിതമെന്ന് വിശ്വസിക്കുന്ന സ്ഥലത്തേക്ക് ഗ്രീസിലെ ചിയോസ് ദ്വീപിലേയ്ക്ക് മാറ്റി (ഏകദേശം 1146 ല്‍).

1258-ല്‍ ഇറ്റലിയില്‍ നിന്നുള്ള സായുധ സേനകള്‍ ചിയോസ് ദ്വീപില്‍ എത്തുന്നതുവരെ തോമ്മാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങള്‍ അവിടെ സൂക്ഷിക്കപ്പെട്ടു. തുര്‍ക്കികളുടെ അധിനിവേശത്തില്‍ നിന്നും ശ്ലീഹായുടെ പൂജ്യ അവശിഷ്ടങ്ങള്‍ സംരക്ഷിക്കാനായി അവര്‍ ഗ്രീസിലെ ചിയോസ് ദ്വീപില്‍ നിന്നും തോമ്മാ ശ്ലീഹായുടെ അസ്ഥികളും അവ മൂടിയ മാര്‍ബിള്‍ ഫലകവും കപ്പലില്‍ ഇറ്റലിയിലേക്ക് കൊണ്ടുപോയി. 1258 സെപ്റ്റംബര്‍ ആറിന് അവര്‍ ഇറ്റലിയിലെ ഓര്‍ത്തോണ തുറമുഖത്ത് എത്തി. ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ അസ്ഥികളും പൂജ്യ അവശിഷ്ടങ്ങളും ഘോഷയാത്രയായി അവിടെ ഉള്ള മാതാവിന്റെ നാമത്തിലുള്ള (സാന്താ മരിയാ ദെല്ലി ആന്‍ഞ്ചലി) പള്ളിയിലേക്ക് കൊണ്ടുപോയി അവിടെ പ്രതിഷ്ഠിച്ചു.

1556 ല്‍ തുര്‍ക്കികള്‍ ഈ ദൈവാലയം തീവച്ച് നശിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പുകളും മറ്റ് ചില വിശുദ്ധരുടെ തിരുശേഷിപ്പുകളും സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സംരക്ഷിക്കപ്പെട്ടു. നൂറ്റാണ്ടുകളായി കത്തീഡ്രല്‍ ആയിരുന്ന ദൈവാലയം തുടര്‍ന്ന് 1859ല്‍ ഒന്‍പതാം പീയൂസ് പാപ്പാ ബസലിക്ക ആയി ഉയര്‍ത്തുകയും പള്ളിയുടെ പേര് മാര്‍ത്തോമ്മാ ശ്ലീഹാ ബസലിക്ക (ബസലിക്ക ദി സാന്‍ തോമസോ അപ്പൊസ്‌തൊലോ) എന്ന് മാറ്റുകയും ചെയ്തു. തോമ്മാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങള്‍ 750 വര്‍ഷത്തിലേറെയായി അവിടെ സംരക്ഷിക്കപ്പെടുന്നു. റോമില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ കടലിനോട് ചേര്‍ന്നാണ് ഓര്‍ത്തോണ എന്ന നഗരം സ്ഥിതി ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.