വിമാനനിരക്ക് വർദ്ധനവ്, പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍

വിമാനനിരക്ക് വർദ്ധനവ്, പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍

ദുബായ്: അവധിക്കാലമായതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുളള വിമാനയാത്ര നിരക്കിലുണ്ടായ വർദ്ധനവ് സംബന്ധിച്ച ആശങ്കയറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം തന്നെയാണ് കത്തയച്ചുവെന്ന് വ്യക്തമാക്കിയത്.

ഫേസ് ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ, 

വിമാനയാത്രാ നിരക്ക് വർദ്ധനവ് പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ആഭ്യന്തര സർവീസുകൾക്കും അന്താരാഷ്ട്ര സർവീസുകൾക്കും കോവിഡ് മഹാമാരിക്കാലത്തിന് മുൻപുള്ളതിനേക്കാൾ ഉയർന്ന നിരക്കാണ് കമ്പനികൾ ഇടാക്കുന്നത്. ഇത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി സഹോദരങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. കോവിഡ് മഹാമാരിയുണ്ടാക്കിയ ദുരിതക്കയത്തിൽ നിന്ന് കരകയറുന്ന സമൂഹത്തിന് നിരക്ക് വർദ്ധനവ് വലിയ തിരിച്ചടിയാണ്. നീണ്ട അടച്ചിടൽ കാരണം പ്രതിസന്ധിയിലായ കേരളത്തിന്റെ ടൂറിസം മേഖലയെയും ഇത് ബാധിക്കും. ഈ ആശങ്കകൾ മുൻനിർത്തി വിമാന യാത്രാനിരക്കിലെ കുത്തനെയുള്ള വർദ്ധനവ് വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇതാണ് കത്തില്‍ വ്യക്തമാക്കുന്നത്. 

 അതേസമയം യൂറോപ്യന്‍ നഗരങ്ങളായ ലണ്ടനിലേക്കുള്‍പ്പടെ ഈടാക്കുന്ന നിരക്കാണ് ദുബായില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഈടാക്കുന്നത് എന്നതാണ് യഥാ‍ർത്ഥ്യം. കേരളത്തിലേക്കാണ് ഏറ്റവുമധികം നിരക്ക് ഈടാക്കുന്നത്. വിവിധ വിമാനങ്ങളില്‍ ജൂലൈ മൂന്നിന് ഈടാക്കിയ നിരക്ക് 1554 ദിർഹത്തിനും 2287 ദിർഹത്തിനുമിടയിലാണ്. വണ്‍ വെ ടിക്കറ്റിനാണ് ഈ നിരക്ക് ഈടാക്കുന്നത്. 

അവസാനമണിക്കൂറില്‍ 2680 വരെ ടിക്കറ്റ് നിരക്കെത്തിയിട്ടുണ്ട്. അതായത് 56000 രൂപയിലധികം. നാലുപേരടങ്ങുന്ന കുടുംബത്തിന് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റിന് മാത്രം നല്‍കേണ്ടത് ലക്ഷങ്ങളാണെന്ന് അർത്ഥം. അതേസമയം അവധിക്കാലം മുന്നില്‍ കണ്ട് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരും നിരവധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.