സിഡ്നി: ന്യൂ സൗത്ത് വെയ്ല്‍സില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം രൂക്ഷമായ സിഡ്നി, ഹണ്ടര്‍, ഇല്ലവാര മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇതുവരെ ആയിരക്കണക്കിന് ആളുകളെ പ്രളയബാധിത മേഖലകളില്‍ നിന്ന് ഒഴിപ്പിച്ചു.
തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ ഹോക്സ്ബറി, നെപ്പിയന്‍, കോലോ നദികള്‍ കവിഞ്ഞൊഴുകി. വീടുകളില്‍ വെള്ളം കയറി. തിരമേഖലയിലെ വീടുകള്‍ കുത്തൊഴുക്കില്‍ തകര്‍ന്നുവീണു. വാഹനങ്ങളും വീട്ടുപകരണങ്ങളും ഒഴുകിപ്പോയി. വളര്‍ത്തുമൃഗങ്ങളും ഒഴുക്കില്‍പ്പെട്ടു. സിഡ്‌നിയില്‍ ഇതാദ്യമായണ് ഇത്രയുംവലിയൊരു പ്രളയം ദുരിതം ഉണ്ടാകുന്നതെന്ന് പ്രാദേശിക ഭരണകൂടം പറഞ്ഞു.
വെള്ളപ്പൊക്കത്തിന് കാരണമായ കിഴക്കന്‍ തീരത്തെ ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും ഹാര്‍ബര്‍ സിറ്റിയില്‍ ഇന്നലെയും 120 മില്ലിമീറ്റര്‍ വരെ മഴ പെയ്തു. ശനിയാഴ്ച്ച രാത്രി ഒന്‍പതിന് ആരംഭിച്ച രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. വീടുകളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷാസേന ബോട്ടുകളില്‍ രക്ഷപെടുത്തി. 83 രക്ഷാപ്രവര്‍ത്തനങ്ങളാണ് പ്രളയബാധിത മേഖലകളില്‍ ഇതുവരെ നടപ്പിലാക്കിയതെന്ന് മന്ത്രി സ്റ്റെഫ് കുക്ക് പറഞ്ഞു.
''സിഡ്നിയില്‍ ഇത്രയം മോശം അവസ്ഥ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. നൗറയുടെ തെക്ക് മുതല്‍ ന്യൂകാസിലിന്റെ തെക്ക് വരെ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. സിഡ്നി, ഇല്ലവാര, ബ്ലൂ മൗണ്ടന്‍സ്, സെന്‍ട്രല്‍ കോസ്റ്റ് എന്നിവിടങ്ങളില്‍ മഴ ശമിച്ചിട്ടില്ല. 30,000 പേരെയെങ്കിലും പ്രളയം ബാധിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.'' - സ്റ്റെഫ് കുക്ക് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ 100 ഓസ്ട്രേലിയന്‍ പ്രതിരോധ സേനാംഗങ്ങളെക്കൂടി പ്രളയ മേഖലയില്‍ എത്തിക്കും. നിലവില്‍ 100 പേരടങ്ങുന്ന സംഘം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിലാണ്. പെന്റിത്ത്, നോര്‍ത്ത് റിച്ച്മണ്ട്, വിന്‍ഡ്സര്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഇന്ന് ഒഴിപ്പിച്ചേക്കും. സിഡ്‌നി മേഖലയിലുള്ളവര്‍ യാത്ര ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സിഡ്നിയിലെ പ്രധാന ജലസ്രോതസ്സായ വാരഗംബ അണക്കെട്ട് ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടോടെ തുറന്നുവിട്ടതാണ് ജലാശയങ്ങള്‍ കവിഞ്ഞൊഴുകാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്. 'സിഡ്നി മേഖലയിലെ എല്ലാ പ്രധാന അണക്കെട്ടുകളും ഇതിനു പിന്നാലെ തുറന്നുവിട്ടു. ഇതോടെ മിക്ക നദികളിലും റിക്കാര്‍ഡ് ജലനിരപ്പ് രേഖപ്പെടുത്തി.
മെനാങ്കിളിലെ നേപ്പിയന്‍ നദിയില്‍ മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 15.92 മീറ്ററിന് മുകളിലാണ് ഇന്നലെ രാവിലെ ഇവിടെ വെള്ളം ഉയര്‍ന്നത്. വൈകിട്ടോടെ അത് 16.61 മീറ്ററിലേക്ക് ഉയര്‍ന്നു. നോര്‍ത്ത് റിച്ച്മണ്ടിലെ ഹോക്സ്ബറി നദിയിലെ ജലനിരപ്പ് ഇത്തവണ 14.18 മീറ്ററിലെത്തി. മാര്‍ച്ചില്‍ 14.08 മീറ്ററിലാണ് ജലം ഉയര്‍ന്നത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് സിഡ്നിയുടെ വടക്ക്-പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് ഭാഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുന്നത്.
ഈ വര്‍ഷം ഭയാനകമായ കാലാവസ്ഥയായിരുന്നുവെന്ന് കാംഡന്‍ നിവാസിയായ 42 കാരന്‍ സ്റ്റീഫന്‍ റേ പറഞ്ഞു. വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി. വീടും വീട്ടുപകരണങ്ങളും നശിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ നാശനഷ്ടങ്ങള്‍ അടുത്തിടെ മാത്രമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രേറ്റര്‍ സിഡ്നിയില്‍ ഭൂരിഭാഗം ജനങ്ങളും വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് എസ്ഇഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് കമാന്‍ഡര്‍ ആഷ്ലി സള്ളിവന്‍ പറഞ്ഞു. വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പുകള്‍ അവഗണിച്ച് ആളുകള്‍ സ്വയം ഒഴിഞ്ഞുപോകാന്‍ കാലതാമസം ഉണ്ടായതാണ് ഇതിനിടയാക്കിയത്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26