മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് നേടി ഷിന്‍ഡെ സര്‍ക്കാര്‍: 99 നെതിരേ 164 വോട്ടുകള്‍ക്ക്; ഒരു എംഎല്‍എ കൂടി ഉദ്ധവ് പക്ഷം വിട്ടു

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് നേടി ഷിന്‍ഡെ സര്‍ക്കാര്‍: 99 നെതിരേ 164 വോട്ടുകള്‍ക്ക്; ഒരു എംഎല്‍എ കൂടി ഉദ്ധവ് പക്ഷം വിട്ടു

മുംബൈ: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 99 നെതിരേ 164 വോട്ടുകള്‍ നേടിയാണ് ഷിന്‍ഡെ സര്‍ക്കാര്‍ ആദ്യ കടമ്പ അനായാസം കടന്നത്. വിശ്വാസവോട്ടെടുപ്പില്‍ നിന്ന് എഐഎംഐഎമ്മിന്റെ സമാജ്‌വാദി പാര്‍ട്ടിയുടെയും മൂന്ന് അംഗങ്ങള്‍ വിട്ടുനിന്നു.

ഉദ്ധവ് താക്കറെ പക്ഷത്തിന് കൂടുതല്‍ തിരിച്ചടികള്‍ വിശ്വാസ വോട്ടെടുപ്പില്‍ ഉണ്ടായില്ലെന്നത് മാത്രമാണ് പ്രതിപക്ഷത്തെ സംബന്ധിച്ച് ആശ്വാസം പകരുന്ന ഏക കാര്യം. ഷിന്‍ഡെ പക്ഷത്തു നിന്നുള്ള രണ്ട് എംഎല്‍എമാര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ സഭയില്‍ എത്തിയിരുന്നില്ല. ഇവരും കൂടി ചേരുമ്പോള്‍ 166 പേരുടെ പിന്തുണ ഷിന്‍ഡെ സര്‍ക്കാരിനുണ്ട്.

വിശ്വാസ വോട്ടിന് മുമ്പ് ഉദ്ധവ് പക്ഷത്തു നിന്നുള്ള ശ്യംസുന്ദര്‍ ഷിന്‍ഡെ എന്നൊരു എംഎല്‍എ കൂടി വിമത പക്ഷത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇതോടെ വിമത ക്യാംപില്‍ അംഗസംഖ്യ 40 ആയി ഉയര്‍ന്നു. ഷിന്‍ഡെ അധികാരം ഉറപ്പിച്ചതോടെ പല ഉദ്ധവ് അനുകൂല നേതാക്കളും കളംമാറാന്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതുവരെ പാര്‍ട്ടിയില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തടയാന്‍ ഉദ്ധവിന് സാധിച്ചിരുന്നു. എന്നാല്‍ അധികാരം കൂടി പോയതോടെ പാര്‍ട്ടിയില്‍ ഉദ്ധവ് പക്ഷത്തിന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നു. അങ്ങനെ സംഭവിച്ചാല്‍ ഈ വര്‍ഷം നടക്കുന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളിലും അതു പ്രതിഫലിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.